Quantcast

ഉച്ചയ്ക്ക് 12ന് എത്തേണ്ട വിജയ് വന്നത് രാത്രി 7.40ന്, അതുവരെ ആളുകൾ പൊരിവെയിലത്ത് കാത്തുനിൽക്കുകയായിരുന്നു: ഡിജിപി

പകൽ മുഴുവൻ കൊടുംചൂടിൽ അവർ വിജയ്‍യെ കാത്തുനിന്ന് തളർന്നു. വിജയ് എത്തിയതോടെ തിക്കുംതിരക്കും വർധിക്കുകയും പലരും ക്ഷീണം മൂലം കുഴഞ്ഞുവീഴുകയും ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2025-09-28 11:41:11.0

Published:

28 Sept 2025 4:19 PM IST

Vijay was supposed to come at 12, but arrived at 7.40 PM while people waited under hot sun Says DGP
X

Photo| Special Arrangement 

ചെന്നൈ: തമിഴ്നാട്ടിലെ കരൂറിൽ 40 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ നടൻ വിജയ്‍ക്കും പൊലീസിനുമെതിരെ വിമർശനം ശക്തമായിരിക്കെ താരത്തിനെതിരെ ആരോപണവുമായി സംസ്ഥാന പൊലീസ് മേധാവി. ടിവികെ പ്രചാരണറാലിയിലേക്ക് വിജയ് ഏറെ വൈകിയെത്തിയതാണ് അപകടത്തിന്റെ മറ്റൊരു പ്രധാന കാരണമെന്ന് ഡിജിപി ജി. വെങ്കിട്ടരാമൻ ആരോപിച്ചു.

തങ്ങളുടെ പ്രിയ നേതാവിനെ കാത്ത് രാവിലെ മുതൽ തന്നെ ആളുകൾ റോഡിൽ നിൽക്കുകയായിരുന്നു. പകൽ മുഴുവൻ കൊടുംചൂടിൽ അവർ വിജയ്‍യെ കാത്തുനിന്ന് തളർന്നു. വിജയ് എത്തിയതോടെ തിക്കുംതിരക്കും വർധിക്കുകയും പലരും ക്ഷീണം മൂലം കുഴഞ്ഞുവീഴുകയും ചെയ്തു. തുടർന്നാണ് വലിയ അപകടത്തിലേക്ക് വഴിമാറിയത്.

'12 മണിക്ക് വിജയ് കരൂറിൽ എത്തുമെന്നാണ് തമിഴക വെട്രി കഴകം സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ‌ രാത്രി 10 വരെയായിരുന്നു പരിപാടിക്ക് അനുമതി തേടിയിരുന്നത്. രാവിലെ 11 മണി മുതൽ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങി. 12 മണിക്ക് വരുമെന്ന് പറഞ്ഞിരുന്ന വിജയ് എത്തിയത് രാത്രി 7.40നാണ്. അതുവരെ, പൊരിവെയിലത്ത് നിന്ന ആളുകൾക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിച്ചിരുന്നില്ല'- ഡിജിപി പറഞ്ഞു.

'വിജയ്‍‌ എത്തിയപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്. ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തെ പിന്തുടർന്നു. പൊലീസ് അദ്ദേഹത്തെ സുരക്ഷിതമായി വേദിയിലെത്തിച്ചു. അതിന് അദ്ദേഹം പൊലീസിനെ അഭിനന്ദിച്ചു. പക്ഷേ ജനക്കൂട്ടം വർധിച്ചുകൊണ്ടിരുന്നു'- ഡിജിപി വ്യക്തമാക്കി. '10,000 പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഏകദേശം 27,000 പേർ എത്തി. ഏകദേശം 20,000 പേരുടെ പങ്കാളിത്തമാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്'- ഡിജിപി പറഞ്ഞു.

ഇത്രയും ആളുകൾ എത്തിയിട്ടും വെറും 500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോ​ഗിച്ചത് എന്ന റിപ്പോർട്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ, അതൊരു പൊതു റോഡാണ്, കൂടുതൽ പേർക്ക് നിൽക്കാനുള്ള സ്ഥലം അവിടെയില്ല എന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. സുരക്ഷാ വീഴ്ചയുണ്ടായോ എന്ന ചോദ്യത്തിന്, ദുരന്തത്തിന്റെ കാരണങ്ങൾ പരിശോധിക്കാൻ സർക്കാർ ഇതിനകം തന്നെ ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്ന് ഡിജിപി ചൂണ്ടിക്കാട്ടി.

'ആളുകളുടെ ബാഹുല്യം മൂലം ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് സംഘാടകരെ വ്യക്തമായി അറിയിച്ചിരുന്നു. ഇത്രയും വലിയ ഒരു ജനക്കൂട്ടത്തെ പ്രതീക്ഷിച്ച് കൂടുതൽ സേനയെ വിന്യസിക്കാൻ കഴിയില്ല'- അദ്ദേഹം വിശദമാക്കി. അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപി ഡേവിഡ്സൺ ദേവാശിർവതം, മൂന്ന് ഐജിമാർ, രണ്ട് ഡിഐജിമാർ, 10 എസ്പിമാർ എന്നിവരടക്കം 2000 പൊലീസുകാരെയാണ് നിലവിൽ കരൂറിൽ വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ക്ഷീണിതരായ ജനങ്ങൾക്ക് വാഹനത്തിന് മുകളിൽനിന്ന് വിജയ് വെള്ളക്കുപ്പി എറിഞ്ഞുനൽകിയിരുന്നു. ഏറെ നേരം ജലപാനമില്ലാതെ തളർന്ന ആളുകൾ വെള്ളത്തിനായി കൂടുതൽ തിക്കിത്തിരക്കി. നിർജലീകരണംമൂലം തളർന്നുവീണവർക്ക് മുകളിലേക്ക് ആൾക്കൂട്ടം കയറിയിറങ്ങിയതും അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ വിജയ് ചെന്നൈയിലേക്ക് മടങ്ങി. നാല് മണിക്കൂറിന് ശേഷമാണ് ടിവികെയുടെ എക്സ് പേജിലൂടെ വിജയ് ദുഃഖം രേഖപ്പെടുത്തിയത്.

മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ യും നൽകുമെന്ന് വിജയ് സാമൂഹ്യമാധ്യമത്തിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി കടുത്ത നിലപാടുകളെടുക്കുമെന്ന് മുൻകൂട്ടി കണ്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സ്വതന്ത്രാന്വേഷണം വേണമെന്നാണ് ആവശ്യം. ഹരജി നാളെ ഉച്ചയ്ക്ക് കോടതി പരിഗണിക്കും. ഇതിനിടെ, ദുരന്തത്തെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ ഇന്ന് കരൂരിലെത്തും.

TAGS :

Next Story