'ഇന്ധനവില കുത്തനെ ഉയർന്നതിനാൽ സർവീസ് നിർത്തേണ്ട സാഹചര്യം'; സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിമാന കമ്പനികൾ
നിലവിൽ വിമാന ഇന്ധനത്തിന്മേലുള്ള 11 ശതമാനം എക്‌സൈസ് ഡ്യൂട്ടി താത്കാലികമായി ഒഴിവാക്കണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടു

- Published:
28 April 2026 5:46 PM IST

ന്യൂഡൽഹി: വിമാന ഇന്ധനത്തിന്റെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തിവെക്കേണ്ട സാഹചര്യത്തിലാണെന്നും സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നും എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് കമ്പനികൾ. വിമാന ഇന്ധന വിലയിലുണ്ടായ വർധനവും യുദ്ധസാഹചര്യങ്ങൾ കാരണം കൂടുതൽ ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നതും വിമാനക്കമ്പനികൾക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ്.
കമ്പനികൾ നേരിടുന്ന കനത്ത നഷ്ടം ഒഴിവാക്കാനും വിമാനങ്ങൾ നിലത്തിറക്കുന്നത് തടയാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. വിമാനക്കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനം വാങ്ങാനാണ് ചെലവാകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ എണ്ണവില വർധിപ്പിക്കുകയും ആകാശപാതകളിലെ നിയന്ത്രണങ്ങൾ യാത്രാ ദൈർഘ്യം കൂട്ടുകയും ചെയ്തത് ചെലവ് വൻതോതിൽ വർധിക്കാൻ കാരണമായിട്ടുണ്ട്.
നിലവിൽ വിമാന ഇന്ധനത്തിന്മേലുള്ള 11 ശതമാനം എക്‌സൈസ് ഡ്യൂട്ടി താത്കാലികമായി ഒഴിവാക്കണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടു. രൂപയുടെ മൂല്യത്തകർച്ച കൂടി പരിഗണിക്കുമ്പോൾ ഈ നികുതി വലിയൊരു ബാധ്യതയായി മാറുകയാണ്. അന്താരാഷ്ട്ര സർവീസുകൾക്കായി വിമാന ഇന്ധനവില ലിറ്ററിന് 73 രൂപയാണ് വർധിപ്പിച്ചത്. ഇത് അന്താരാഷ്ട്ര സർവീസുകളെ ലാഭകരമല്ലാത്ത അവസ്ഥയിലെത്തിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യം തുടർന്നാൽ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും പല വിമാനങ്ങളും റദ്ദാക്കേണ്ടി വരുമെന്നും ഏപ്രിൽ 26-ന് അയച്ച കത്തിൽ എഫ്‌ഐഎ മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ വ്യോമയാന മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്, പല കമ്പനികളും അടച്ചുപൂട്ടലിന്റെയോ പ്രവർത്തനം നിർത്തിവെക്കുന്നതിന്റെയോ വക്കിലാണെന്നും കത്തിൽ പറയുന്നു.
വിമാന ഇന്ധനത്തിന്മേലുള്ള വാല്യൂ ആഡഡ് ടാക്‌സ് (വാറ്റ്) പല സംസ്ഥാനങ്ങളിലും വളരെ കൂടുതലാണെന്ന് എഫ്‌ഐഎ ചൂണ്ടിക്കാട്ടി. ഡൽഹി: 25 ശതമാനം തമിഴ്നാട്: 29 ശതമാനം, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ 16 മുതൽ 20 ശതമാനം വരെയുമാണ് വാറ്റ് നിരക്ക്.
ഇന്ത്യയിലെ ആകെ വിമാന സർവീസുകളുടെ 50 ശതമാനത്തിലധികവും നടക്കുന്നത് ഈ ആറ് നഗരങ്ങൾ കേന്ദ്രീകരിച്ചാണ്. അതിനാൽ ഇവിടങ്ങളിലെ ഉയർന്ന നികുതി കമ്പനികളെ സാരമായി ബാധിക്കുന്നുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നാണ് വിമാനക്കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Adjust Story Font
16
