Quantcast

'ജനവിശ്വാസം തിരിച്ചുപിടിക്കണം, നേതാക്കൾ വിനയത്തോടെ പെരുമാറണം'; വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ മാർഗരേഖയുമായി സിപിഎം

വീഴ്ചകളുടെ ഉത്തരവാദിത്വം നേതാക്കളും ഏറ്റെടുക്കണമെന്നും രേഖയിൽ

MediaOne Logo

Web Desk

  • Updated:

    2026-09-13 03:57:31

Published:

13 Sept 2026 5:53 AM IST

ജനവിശ്വാസം തിരിച്ചുപിടിക്കണം, നേതാക്കൾ വിനയത്തോടെ പെരുമാറണം; വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ മാർഗരേഖയുമായി സിപിഎം
X

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തോൽവി പഠിച്ച് കരകയറാൻ സിപിഎം. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് കോഴിക്കോട് തുടക്കമായി. വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനായി വിശാല സംസ്ഥാന സമിതിയിൽ രേഖ അവതരിപ്പിക്കും.

തിരുത്തൽ രേഖയിലെ പ്രധാന നിർദേശങ്ങൾ

1. ജനങ്ങളുമായി ബന്ധം നേതൃത്വം പുനസ്ഥാപിക്കണം

2. വിനയത്തോടെ നേതാക്കൾ പെരുമാറണം

3. യുവാക്കളെ ആകർഷിക്കണം, യുവ നേതാക്കളെ വളർത്തണം

4. വർഗ ബഹുജന സംഘടനകളുടെ ദൗർബല്യം പരിഹരിക്കണം

5. മതനിരപേക്ഷത ഉയർത്തിപ്പിടിക്കണം

6. കേഡർമാരെയും പാർട്ടി കമ്മിറ്റികളെയും സജീവമാക്കണം

8. വീഴ്ചകളുടെ ഉത്തരവാദിത്വം നേതാക്കളും ഏറ്റെടുക്കണം

അതേസമയം, വിപുലീകൃത സംസ്ഥാന കമ്മിറ്റി ചർച്ചയിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് പങ്കെടുക്കാനാകില്ല. ചർച്ചയിൽ ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങൾ മാത്രം പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ചർച്ചയിൽ പങ്കെടുക്കാനാവില്ല. നേതൃമാറ്റം ആവശ്യപ്പെടുന്ന ഭൂരിപക്ഷം ഇതോടെ നിശബ്ദരാകും.

ഒരിക്കൽ അംഗീകരിച്ച റിപ്പോർട്ടിൽ അതേ കമ്മിറ്റിയിൽ വീണ്ടും ചർച്ച പതിവില്ല. ഈ പതിവ് മുൻനിർത്തിയാണ് നിയന്ത്രണം. നിയന്ത്രണത്തിൽ പാർട്ടിക്കത്ത് കടുത്ത അതൃപ്തിയാണ് ഉയരുന്നത്. സെക്രട്ടേറിയറ്റ് റിപ്പോർട്ട് വിശാല കമ്മിറ്റിയിൽ നേരിട്ട് കൊണ്ടുവന്നാൽ മതിയായിരുന്നെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രം​ഗത്തെത്തി.

ഇഡി നീക്കത്തിൽ ഒറ്റക്കെട്ട്

പിണറായിയെ ലക്ഷ്യം വച്ച ഇഡി നീക്കത്തിൽ പാർട്ടി ഒറ്റക്കെട്ട്. ആസൂത്രിത സംഘപരിപരിവാർ നീക്കമെന്നാണ് പൊതുവികാരം. അന്വേഷണ ഏജൻസികളെ മുൻനിർത്തിയുള്ള രാഷ്ട്രീയ നീക്കത്തിനെതിരെ കടുത്ത വിമർശനത്തിനാണ് സാധ്യത.

ബ്രാഞ്ച് മുതൽ പോളിറ്റ്ബ്യൂറോ വരെ വ്യവസ്ഥാപിത സംഘടനാ സംവിധാനമുള്ള പാർട്ടിയാണ് സിപിഎം. ബ്രാഞ്ച് തലം മുതൽ പാർട്ടി കോൺഗ്രസ് വരെ നിശ്ചിത കാലയളവിൽ സമ്മേളിക്കാറുണ്ട്. ഇതിൽ നിന്നെല്ലാം ഭിന്നമായാണ് ഇപ്പോൾ സിപിഎം വിശാല സംസ്ഥാന കമ്മിറ്റി. സാധാരണ സംസ്ഥാന കമ്മിറ്റികളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളും അതിന് മുകളിലുള്ളവരുമാണ് പങ്കെടുക്കാറുള്ളത്. എന്നാൽ, പതിവ് സംഘടനാ രീതികളിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിലോ രാജ്യത്തോ തന്നെ അപൂർവമായാണ് ഇത്തരമൊരു വിപുലീകൃത (വിശാല) സംസ്ഥാന കമ്മിറ്റി ചേരുന്നത്. പ്ലീനം ചേരുന്നതുപോലെ പ്രത്യേക സാഹചര്യങ്ങളിൽ നയപരമായ തീരുമാനങ്ങൾ എടുക്കാനാണ് ഇത്തരം യോഗങ്ങൾ വിളിക്കുന്നത്.

പങ്കെടുക്കുന്നവർ ആരൊക്കെ?

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, പോളിറ്റ് ബ്യൂറോ അംഗങ്ങൾ, എല്ലാ ജില്ലകളിൽ നിന്നുമുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, മഹിളാ അസോസിയേഷൻ, സിഐടിയു തുടങ്ങിയ വർഗ-ബഹുജന സംഘടനകളുടെ പ്രധാന ഭാരവാഹികൾ തുടങ്ങി ഏകദേശം 350-ഓളം പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

വിപുലമായ ഒരുക്കങ്ങൾ

ഇതൊരു ഔദ്യോഗിക സംസ്ഥാന സമ്മേളനമല്ലെങ്കിലും കോഴിക്കോട് നഗരത്തിലുടനീളം ഒരു സംസ്ഥാന സമ്മേളനത്തിന്റെ പ്രതീതി സൃഷ്ടിക്കുന്ന വിധത്തിലാണ് ഒരുക്കങ്ങൾ. പ്രാദേശിക തലങ്ങളിൽ കുടുംബയോഗങ്ങൾ പൂർത്തിയാക്കുകയും, കൊടിതോരണങ്ങളും പ്രചാരണങ്ങളും സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാന ലക്ഷ്യം തെറ്റുതിരുത്തൽ മാർഗരേഖ

തെരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ച് താഴെത്തട്ടിൽ നിന്ന് (ബ്രാഞ്ച് തലം മുതൽ) പ്രവർത്തകരുടെ വിമർശനങ്ങളും അഭിപ്രായങ്ങളും സ്വരൂപിച്ച് പാർട്ടി നേരത്തെ ഒരു രേഖ തയ്യാറാക്കിയിരുന്നു. എന്തുകൊണ്ട് തോറ്റു എന്നതിൽ പാർട്ടിക്ക് കൃത്യമായ ബോധ്യമുണ്ട്. വെറുമൊരു പ്രവർത്തന റിപ്പോർട്ടിന് പകരം, തിരിച്ചടികളിൽ നിന്ന് കരകയറാൻ ആവശ്യമായ തെറ്റുതിരുത്തൽ മാർഗരേഖ തയ്യാറാക്കുകയാണ് ഈ മൂന്ന് ദിവസത്തെ യോഗത്തിന്റെ പ്രധാന അജണ്ട. നേതാക്കളുടെയും സഖാക്കളുടെയും സംസാരശൈലി, പൊതുജനങ്ങളോടുള്ള സമീപനം, കേഡർമാരുടെ ഇടപെടലുകൾ എന്നിവയിലെല്ലാം അടിമുടി മാറ്റം വരുത്താൻ നിർദേശങ്ങളുണ്ടാകും.

തുടർന്നുള്ള നടപടികൾ

കോഴിക്കോട് വെച്ച് രൂപീകരിക്കുന്ന ഈ മാർഗരേഖയുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ജില്ലകളിൽ വിപുലീകൃത ജില്ലാ കമ്മിറ്റികൾ ചേരും. അവിടെ നിന്ന് ഏരിയ, ലോക്കൽ, ബ്രാഞ്ച് തലങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യപ്പെടുകയും താഴെത്തട്ടിലുള്ള മുഴുവൻ പാർട്ടി അണികളിലേക്കും ഈ തിരുത്തൽ പ്രക്രിയ എത്തിക്കുകയും ചെയ്യും.

TAGS :

Next Story