Quantcast

ചാറ്റ്ജിപിടി കുട്ടികൾക്ക് അപകടകരം: ഓപ്പൺ എഐക്കും സിഇഒ സാം ആൾട്ട്മാനും എതിരെ കേസ്

സാങ്കേതികവിദ്യയുടെ അപകടസാധ്യതകൾ മറച്ചുവെച്ച്, കുട്ടികളെ അടിമകളാക്കുന്ന തരത്തിലാണ് ചാറ്റ്ബോട്ട് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്

MediaOne Logo
ചാറ്റ്ജിപിടി കുട്ടികൾക്ക് അപകടകരം: ഓപ്പൺ എഐക്കും സിഇഒ സാം ആൾട്ട്മാനും എതിരെ കേസ്
X

ഫ്ലോറിഡ: ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സംവിധാനങ്ങൾ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളായ ഓപ്പൺ എഐക്കും സിഇഒ സാം ആൾട്ട്മാനുമെതിരെ അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡ കേസ് ഫയൽ ചെയ്തു. സാങ്കേതികവിദ്യയുടെ അപകടസാധ്യതകൾ മറച്ചുവെച്ച്, കുട്ടികളെ അടിമകളാക്കുന്ന തരത്തിലാണ് ഈ എഐ ചാറ്റ്ബോട്ട് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്‌മെയർ സിവിൽ കേസ് നൽകിയിരിക്കുന്നത്. എഐ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു വലിയ ടെക് കമ്പനിക്കെതിരെ അമേരിക്കയിലെ ഒരു സംസ്ഥാന സർക്കാർ നേരിട്ട് കേസ് നൽകുന്നത് ഇതാദ്യമായാണ്.

കുട്ടികൾക്ക് പൂർണമായും സുരക്ഷിതമാണെന്ന് വിശ്വസിപ്പിച്ച് രക്ഷിതാക്കളെ ഓപ്പൺ എഐ വഞ്ചിച്ചു എന്നാണ് കേസിലെ പ്രധാന ആരോപണം. പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ ഉറപ്പാക്കുന്ന യാതൊരുവിധ പരിശോധനാ സംവിധാനങ്ങളും ചാറ്റ്ജിപിടിയുടെ സൗജന്യ പതിപ്പിലില്ല. ചാറ്റ്ജിപിടി പോലെയുള്ള എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നതിലൂടെ കുട്ടികളിൽ ഉറക്കമില്ലായ്മ, പഠനത്തിൽ പിന്നോക്കം പോവുക, സമൂഹത്തിൽ നിന്നും ഒറ്റപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി ഡ്രെക്സൽ യൂണിവേഴ്സിറ്റിയുടെ പഠനം ചൂണ്ടിക്കാട്ടി അറ്റോർണി ജനറൽ വ്യക്തമാക്കി.

ഏറ്റവും ഗൗരവകരമായ വിഷയം, മനുഷ്യന്റെ സഹാനുഭൂതി അനുകരിക്കാൻ കഴിയുന്ന തരത്തിൽ ഡിസൈൻ ചെയ്തിട്ടുള്ള ചാറ്റ്ജിപിടി, ഉപയോക്താക്കളെ അതിൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ പ്രേരിപ്പിക്കുകയും അവരെ അതിന് അടിമകളാക്കുകയും ചെയ്യുന്നു എന്നതാണ്. 2025 ഏപ്രിലിൽ ആദം റെയ്ൻ എന്ന 16 വയസുകാരൻ ചാറ്റ്ജിപിടിയോട് നിരന്തരം സംസാരിച്ചതിന് ശേഷം ജീവനൊടുക്കിയ സംഭവം കേസിൽ എടുത്തുപറയുന്നുണ്ട്. കുട്ടിക്ക് 'മനോഹരമായ ആത്മഹത്യ' പ്ലാൻ ചെയ്ത് നൽകുകയും ആത്മഹത്യാക്കുറിപ്പ് എഴുതി നൽകാൻ സഹായിക്കുകയും ചെയ്തത് ചാറ്റ്ജിപിടിയാണെന്ന് പരാതിയിൽ പറയുന്നു.

ഫ്ലോറിഡ ഫയൽ ചെയ്ത കേസിൽ പ്രധാനമായും അഞ്ച് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാതെ ചാറ്റ്ബോട്ട് കുട്ടികൾക്ക് സുരക്ഷിതമാണെന്ന് അവകാശപ്പെട്ട് വിപണനം നടത്തിയെന്നതാണ് ഇതിൽ ആദ്യത്തേത്. അടിസ്ഥാന സാമ്പത്തിക-അക്കൗണ്ടിങ് കാര്യങ്ങളിൽപ്പോലും പലപ്പോഴും തെറ്റായ വിവരങ്ങൾ നൽകുന്നുവെന്നും കേസിൽ പറയുന്നു. ഇതിനുപുറമെ, ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വെടിവെപ്പ് ഉൾപ്പെടെ പല കുറ്റകൃത്യങ്ങൾക്കും സഹായകരമായിക്കൊണ്ട് പൊതുസുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടുന്നു. ഉപയോക്താക്കളെ കൂടുതൽ നേരം ഇതിൽ പിടിച്ചിരുത്താൻ എല്ലാത്തിനും 'യെസ്' പറയുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത് വാണിജ്യ ചൂഷണം നടത്തുന്ന ഈ സാങ്കേതികവിദ്യയുടെ നിരന്തരമായ ഉപയോഗം, മനുഷ്യന്റെ ബുദ്ധിശക്തിയും സ്വന്തമായി ചിന്തിക്കാനുള്ള കഴിവും നശിപ്പിക്കുന്നുവെന്നും കേസിൽ വിശദമാക്കുന്നു.

ഈ കേസിൽ സിഇഒ സാം ആൾട്ട്മാൻ വ്യക്തിപരമായി ഉത്തരവാദിയാണെന്നും, മനുഷ്യ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ എഐ മത്സരത്തിൽ ജയിക്കാനും പണം സമ്പാദിക്കാനുമാണ് അദ്ദേഹം മുൻഗണന നൽകിയതെന്നും അറ്റോർണി ജനറൽ ആരോപിക്കുന്നു. പ്രൊഡക്റ്റ് ലയബിലിറ്റി നിയമങ്ങളും, വ്യാപാര നിയമങ്ങളും കമ്പനി ലംഘിച്ചു. നിയമലംഘനം നടന്ന ഓരോ സംഭവത്തിനും 10,000 ഡോളർ വീതം പിഴ ചുമത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇത് ശതകോടിക്കണക്കിന് ഡോളറുകളുടെ ബാധ്യത ഭാവിയിൽ കമ്പനിക്ക് ഉണ്ടാക്കിയേക്കാം. ജൂറി വിചാരണയാണ് കേസിൽ സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.

തങ്ങൾക്കെതിരെയുള്ള കുറ്റാരോപണങ്ങളെ ഓപ്പൺ എഐ ശക്തമായി നിഷേധിച്ചു. കുട്ടികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളും രക്ഷിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന ടൂളുകളും തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. കുട്ടികളുടെ പ്രായം തിരിച്ചറിയാനുള്ള പ്രത്യേക സംവിധാനങ്ങൾ ഇതിനകം തന്നെ നിലവിലുണ്ടെന്നും, കരുത്തുറ്റ ഒരു പുതിയ സാങ്കേതികവിദ്യ എന്ന നിലയിൽ എഐയ്ക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യമാണെന്ന പൂർണ ബോധ്യം തങ്ങൾക്കുണ്ടെന്നും ഓപ്പൺ എഐ അറിയിച്ചു.

TAGS :
Next Story