റഫ അതിർത്തി വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് ഇസ്രായേൽ; ഫലസ്തീനികളെ പുറത്താക്കാനുള്ള നീക്കമെന്ന് ആശങ്ക
പരിമിതമായ രീതിൽ കാൽനട യാത്രക്കാർക്ക് വേണ്ടി മാത്രമാകും റഫ അതിർത്തി തുറക്കുക

- Published:
26 Jan 2026 11:14 AM IST

തെൽ അവീവ്: ഫലസ്തീനിൽ അവശേഷിക്കുന്ന അവസാനത്തെ ഇസ്രായേലി ബന്ദിയുടെ മൃതദേഹം കണ്ടെത്താനുള്ള ദൗത്യം പൂർത്തിയായാൽ, ഗസ്സയിലെ റഫ അതിർത്തി ഈജിപ്തുമായി ചേർന്ന് പരിമിതമായി വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിൽ തുറക്കേണ്ടിയിരുന്ന റഫ അതിർത്തി, ആളുകളുടെ യാത്രയ്ക്കായി മാത്രമായിരിക്കും വീണ്ടും തുറക്കുകയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനും, മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി തിരികെ നൽകുന്നതിനും ഹമാസിന്റെ ഭാഗത്തുനിന്നും നൂറ് ശതമാനം പരിശ്രമമുണ്ടാകണം എന്ന ഉപാധിയോടെയാണ് ഈ നീക്കമെന്നും ഓഫീസ് വ്യക്തമാക്കി.
പൊലീസ് ഉദ്യോഗസ്ഥനായ റാൻഗ്വിലിയുടെ മൃതദേഹം ഒഴികെ മറ്റെല്ലാ ബന്ദികളെയും ഇതിനോടകം തിരികെ എത്തിച്ചിട്ടുണ്ട്. ഇസ്രായേൽ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ വേർതിരിക്കുന്ന വടക്കൻ ഗസ്സയിലെ യെല്ലോ ലൈനിന് അടുത്തുള്ള ഒരു സെമിത്തേരിയിൽ തിരച്ചിൽ നടത്തുകയാണെന്ന് ഇസ്രായേൽ സൈന്യം ഞായറാഴ്ച അറിയിച്ചു. ഗ്വിലിയുടെ മൃതദേഹം എവിടെയുണ്ടാകാം എന്നത് സംബന്ധിച്ച് ചില സുപ്രധാന രഹസ്യാന്വേഷണ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇസ്രായേൽ സൈനികന്റെ മൃതദേഹം എവിടെയുണ്ടെന്ന വിവരം കൈമാറിയതായും വെടിനിർത്തൽ കരാർ പ്രകാരമുള്ള തങ്ങളുടെ എല്ലാ ബാധ്യതകളും നിറവേറ്റിയതായും ഹമാസ് അറിയിച്ചു.
ഗസ്സയിൽ താമസിക്കുന്ന 20 ലക്ഷത്തിലധികം ഫലസ്തീനികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണ് റഫ അതിർത്തി. 2024 മുതൽ ഈ അതിർത്തിയുടെ ഗസ്സ ഭാഗം ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ റഫ അതിർത്തി രണ്ട് ദിശകളിലേക്കും തുറക്കേണ്ടതായിരുന്നു. ഗസ്സയുടെ പുനർനിർമ്മാണം ലക്ഷ്യമിട്ടുള്ള വെടിനിർത്തലിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി കഴിഞ്ഞ ആഴ്ച വാഷിംഗ്ടൺ പ്രഖ്യാപിച്ചതോടെ, ഇസ്രായേലിനും ഹമാസിനും മേൽ സമ്മർദം വർധിച്ചിരിക്കുകയാണ്. ട്രംപിന്റെ പദ്ധതി അതിർത്തി പൂർണമായി തുറക്കാൻ ആവശ്യപ്പെടുമ്പോഴും, പ്രവേശനം പരിമിതമായിരിക്കും എന്നും ഇസ്രായേലിന്റെ കർശന പരിശോധനകൾക്ക് വിധേയമായി കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കും അനുമതിയെന്നുമാണ് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചത്.
അതേസമയം ഇത്തരമൊരു നീക്കം ഫലസ്തീനികളെ ഗസ്സയിൽ നിന്ന് പുറത്താക്കുക എന്ന ഇസ്രായേലിന്റെ ദീർഘകാല ലക്ഷ്യത്തിന്റെ ഭാഗമാണോ എന്ന് നിരീക്ഷകർ ആശങ്കപ്പെടുന്നു. ഇസ്രായേൽ വംശഹത്യ നടത്തിയ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഈജിപ്തിൽ കുടുങ്ങിപ്പോയ വലിയൊരു വിഭാഗം ഫലസ്തീനികളുണ്ട്. അവരിൽ പലരും തിരികെ വരാനും കുടുംബത്തെ കാണാനും പുനർനിർമാണത്തിൽ സഹായിക്കാനും ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇസ്രായേൽ ആഗ്രഹിക്കുന്നത് ഫലസ്തീനികൾ കൂട്ടത്തോടെ നാടുവിടണമെന്നാണെന്ന് ഇസ്രായേലിന്റെ ആയുധ-നിരീക്ഷണ വ്യവസായത്തെക്കുറിച്ച് 'ദി ഫലസ്തീൻ ലബോറട്ടറി' എന്ന പുസ്തകമെഴുതിയ ആന്തണി ലോവൻസ്‌റ്റൈൻ പറഞ്ഞു. റഫ അതിർത്തി തുറക്കുന്നതും അതിന്റെ നിയന്ത്രണം ഇസ്രായേൽ മാത്രം കൈകാര്യം ചെയ്യുന്നതും ഈയൊരു ലക്ഷ്യത്തിലേക്കാണെന്ന ആശങ്കയാണ് ലോവൻസ്‌റ്റൈൻ പങ്കുവെക്കുന്നത്.
കാൽനടയാത്രക്കാർക്കായി മാത്രം അതിർത്തി തുറക്കുന്നത് ഈജിപ്തിലെ വെയർഹൗസുകളിൽ കെട്ടിക്കിടക്കുന്ന അത്യാവശ്യ ജീവകാരുണ്യ സാമഗ്രികൾ ഗസ്സയിലേക്ക് എത്തിക്കാൻ ഒട്ടും സഹായിക്കില്ലെന്നും ലോവൻസ്‌റ്റൈൻ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമൂഹം സമ്മർദം ചെലുത്തിയാൽ മാത്രമേ സഹായമെത്തിക്കാൻ ഇസ്രായേൽ തയ്യാറാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെയ്‌റൂത്ത് സർവകലാശാലയിലെ വിശിഷ്ട അംഗമായ റാമി ഖൂരിയും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്. ഫലസ്തീൻ ജീവിതത്തിന്റെ എല്ലാ വശങ്ങളും നിയന്ത്രിക്കുക എന്ന ഇസ്രായേലിന്റെ തന്ത്രമാണ് ഈ പ്രഖ്യാപനത്തിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിക്കുകയും, ബന്ദികളെ മോചിപ്പിച്ചും മൃതദേഹങ്ങൾ തിരികെ നൽകിയും ആക്രമണങ്ങൾ അവസാനിപ്പിച്ചും ഹമാസ് തങ്ങളുടെ ബാധ്യതകൾ നിറവേറ്റുകയും ചെയ്തിട്ടും, ഇസ്രായേൽ തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് റാമി ഖൂരി ചൂണ്ടിക്കാട്ടി. മാനുഷിക സഹായം, ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം, മരിക്കാറായവരുടെയും ചികിത്സ ആവശ്യമുള്ളവരുടെയും കാര്യം എന്നിവയിലെല്ലാം ഇസ്രായേൽ സ്വന്തം താത്പര്യമനുസരിച്ച് കളിക്കുകയാണ്. ചിലപ്പോൾ അവരെ പുറത്തുപോകാൻ അനുവദിക്കും, ചിലപ്പോൾ അനുവദിക്കില്ല. വെള്ളം, ഭക്ഷണം എന്നിങ്ങനെ ഫലസ്തീൻ ജീവിതത്തിന്റെ ഓരോ തലവും നിയന്ത്രിക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും ഖൂരി പറഞ്ഞു.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ വ്യാപകമായ ആക്രമണങ്ങൾ തുടരുകയാണ്. ഞായറാഴ്ച നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയും ഡ്രോൺ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഒക്ടോബറിൽ വെടിനിർത്തൽ ആരംഭിച്ചതിന് ശേഷം മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ 480-ലധികം ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷമായി ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ ആകെ 71,657 പേർ കൊല്ലപ്പെടുകയും 171,399 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16
