ആഫ്രിക്കയില്‍ നിന്നും പി.വി അന്‍വര്‍ എം.എല്‍.എ നാട്ടിലേക്ക്; മാര്‍ച്ച് 11ന് നിലമ്പൂരിലെത്തും

ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലുള്ള എം.എൽ.എ മാര്‍ച്ച് 10ന് അവിടെ നിന്നും കേരളത്തിലേക്ക് തിരിക്കും

Update: 2021-03-03 10:31 GMT

നീണ്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കും പരാതികള്‍ക്കും ശേഷം നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ കേരളത്തിലേക്ക് തിരിച്ചുവരുന്നു. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലുള്ള എം.എൽ.എ മാര്‍ച്ച് 10ന് അവിടെ നിന്നും കേരളത്തിലേക്ക് തിരിക്കും. മാര്‍ച്ച് 11ന് മണ്ഡലമായ നിലമ്പൂരിലെത്തുമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ അറിയിച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് പി.വി അന്‍വര്‍ തിരിച്ചുവരവ് കാര്യം അറിയിച്ചത്. നാട്ടിലെത്തിയാലും പതിനാല് ദിവസത്തെ ക്വാറന്‍റൈന്‍ കഴിഞ്ഞുമാത്രമേ അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ സാധിക്കൂ.

Advertising
Advertising

കഴിഞ്ഞ രണ്ട് മാസമായി ഖനന വ്യവസായവുമായി ബന്ധപ്പെട്ട് വിദേശത്താണ് എം.എല്‍.എ. നിലമ്പൂര്‍ മണ്ഡലത്തിലെ എം.എല്‍.എയുടെ അഭാവം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. നിയമസഭാ സമ്മേളനത്തിലും എ വിജയരാഘവന്‍റെ യാത്രയുടെ നിലമ്പൂരിലെ സ്വീകരണത്തിലും പി.വി അന്‍വര്‍ പങ്കെടുത്തിരുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലമ്പൂരിലെത്തിയപ്പോൾ അൻവറിന്‍റെ അസാന്നിധ്യം സംബന്ധിച്ച് പരാമർശം നടത്തിയിരുന്നു. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളിലും എം.എല്‍.എ മുഖം കാണിച്ചിരുന്നില്ല. സാമ്പത്തിക തട്ടിപ്പുകളുടെ പേരിൽ ഘാനയിലെ ജയിലില്‍ കുടുങ്ങി കിടക്കുകയാണെന്ന പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഏറ്റവും അവസാനം യൂത്ത് കോണ്‍ഗ്രസുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് പി.വി അന്‍വര്‍ എം.എല്‍.എ തന്നെ സത്യാവസ്ഥ അറിയിച്ച് ഫേസ്ബുക്കിലൂടെ രംഗത്തുവന്നത്.

Full View

സി.പി.എം. സ്വതന്ത്രനായി നിലമ്പൂരില്‍ മത്സരിച്ച് ജയിച്ച പി.വി. അന്‍വര്‍ തദ്ദേശതെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് വിദേശത്തേക്ക് പോയത്. കോണ്‍ഗ്രസ്സിലെ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ചാണ് നിലമ്പൂര്‍ നിയമസഭാ സീറ്റ് അന്‍വര്‍ പിടിച്ചെടുത്തത്. 11,504 വോട്ടുകളായിരുന്നു കഴിഞ്ഞ തവണത്തെ അൻവറിന്‍റെ ഭൂരിപക്ഷം.

Tags:    

Similar News