മോദിയുടെ ജന്‍മദിനത്തിന് ഞായറാഴ്ചയും സ്കൂളുകള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശവുമായി യുപി സര്‍ക്കാര്‍

Update: 2018-05-30 00:14 GMT
Editor : Jaisy
മോദിയുടെ ജന്‍മദിനത്തിന് ഞായറാഴ്ചയും സ്കൂളുകള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശവുമായി യുപി സര്‍ക്കാര്‍

അന്നേ ദിവസം വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും സ്‌കൂളില്‍ എത്തണമെന്നും യുപി സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17ന് ഞായറാഴ്ച സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അന്നേ ദിവസം വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും സ്‌കൂളില്‍ എത്തണമെന്നും യുപി സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.

മോദിയുടെ ജന്മദിനം യുപിയിലെ 1.60 ലക്ഷം സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ ആഘോഷിക്കുമെന്നാണ്‌ യുപി വിദ്യാഭ്യാസ മന്ത്രി അനുപമ ജയ്‌സ്വാള്‍ പറയുന്നത്‌. എംപിമാര്‍ തങ്ങളുടെ മണ്ഡലങ്ങളിലെ സ്‌കൂളുകളിലെത്തി, ശുച്ഛിത്വത്തിനായുള്ള മോദിയുടെ സന്ദേശം വിദ്യാര്‍ഥികളിലേക്ക് എത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് യുപി വിദ്യാഭ്യാസ മന്ത്രി പറയുന്നു. ജന്‍മദിനം പ്രമാണിച്ച് കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്യുകയും ചെയ്യും. കഠിനാധ്വാനത്തിലൂടെ കടന്നു വന്ന അദ്ദേഹത്തിന്റെ ജീവിതം വിദ്യാര്‍ഥികള്‍ക്ക് മാതൃകയാക്കാമെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ശക്തനായ മനുഷ്യനാണ് മോദിയെന്ന് ബിജെപി സംസ്ഥാന വക്താവ് ചന്ദ്രമോഹന്‍ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News