രാഹുലിന് മൃദു ഹിന്ദുത്വ സമീപനം, ബിജെപിയുമായി കോണ്‍ഗ്രസ് വോട്ടുകച്ചവടം തുടരുമെന്നാണ് മനസിലാകുന്നത്: വിജയരാഘവന്‍
ബിജെപിയെ എതിർക്കുന്നതിന് പകരം ഇടതുപക്ഷമാണ് മുഖ്യ എതിരാളി എന്നാണ് കോൺഗ്രസും ഘടക കക്ഷികളും പറയുന്നതെന്ന് വിജയരാഘവന്‍
രാഹുൽ ഗാന്ധി കേരള സർക്കാറിനെതിരെ നടത്തിയ പരാമർശം മൃദു ഹിന്ദുത്വ സമീപനത്തിന് ഉദാഹരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ബിജെപിയുമായി കോണ്‍ഗ്രസ് വോട്ടുകച്ചവടം തുടരുമെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. ബിജെപി മുസ്‍ലിം ലീഗിനെ ക്ഷണിക്കുന്നു. ബിജെപിയെ എതിർക്കുന്നതിന് പകരം ഇടതുപക്ഷമാണ് മുഖ്യ എതിരാളി എന്നാണ് കോൺഗ്രസും ഘടക കക്ഷികളും പറയുന്നതെന്ന് വിജയരാഘവന്‍ വിമര്‍ശിച്ചു..
ബിജെപിയുമായി നീക്കുപോക്കുണ്ടാക്കാനുള്ള ഗൂഢാലോചന കോൺഗ്രസിന്‍റെ ദേശീയ നേതൃത്വം ആരംഭിച്ചോ എന്ന് സംശയമുണ്ട്. സമര നാടകങ്ങൾ നടത്തുകയാണ് രമേശ് ചെന്നിത്തല. കേന്ദ്രത്തില്‍ കോൺഗ്രസ് സർക്കാറാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയത്. രാഹുൽ കടലിൽ യാത്ര നടത്തുന്നത് വോട്ട് ലക്ഷ്യമാക്കിയുള്ള നാടകമാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി സർക്കാരിനേയും സിപിഎമ്മിനെയും കടന്നാക്രമിച്ചത്. സിപിഎമ്മിന്‍റെ കൊടിപിടിക്കുന്നവർക്കേ ജോലി ലഭിക്കൂ എന്നാണ് അവസ്ഥ. അല്ലാത്തവർ നിരാഹാരം കിടന്ന് മരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സ്വർണം കടത്താമെന്നും രാഹുല്‍ ഗാന്ധി ആരോപിക്കുകയുണ്ടായി. പിന്നാലെയാണ് സിപിഎം രാഹുലിനെതിരെ തിരിഞ്ഞത്.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍റിനെപ്പോലെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ കുറ്റപ്പെടുത്തി. ശംഖുമുഖം പ്രസംഗത്തില്‍ ബിജെപിക്കെതിരെ ഒരക്ഷരം പോലും മിണ്ടാതിരുന്ന രാഹുല്‍ ഗാന്ധിക്ക്, ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നതില്‍ സംഘപരിവാറിന്‍റെ അതേ ശബ്ദമാണെന്ന് സിപിഎം കുറ്റപ്പെടുത്തി. ഇത് കോണ്‍ഗ്രസിന്‍റെ വര്‍ഗീയ വിധേയത്വത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുവെന്ന് വിമര്‍ശിച്ചിരുന്ന രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ മലക്കം മറിഞ്ഞുവെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.