'ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ല' എ വിജയരാഘവന്
എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ലെന്നും വിജയരാഘവന് വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. വോട്ട് വേണ്ട എന്ന് പറയുന്നതല്ല രാഷ്ട്രീയ ഭാഷയെന്നും വിജയരാഘവന് പറഞ്ഞു. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മത ന്യൂനപക്ഷത്തിന്റെ കൂടെ ചാഞ്ചാട്ടമില്ലാതെ നില്‍ക്കുന്നത് ഇടതുപക്ഷമാണ്. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നയങ്ങളുമായി ബി.ജെ.പിയോട് ചേര്‍ന്നുപോകുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാറും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്ന നിലപാടുകളുടെ ഒപ്പമാണ് കോണ്‍ഗ്രസ് സഞ്ചരിക്കുന്നത്. സീറ്റിന്റെ എണ്ണമോ വോട്ടോ നോക്കാതെ ആര്.എസ്.എസിന്റെ ഹിന്ദുത്വ വര്‍ഗീയതയ്ക്കെതിരെ പോരാടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. ആ നിലപാടെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും വിജയരാഘവന് പറഞ്ഞു.
ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് മതന്യൂനപക്ഷത്തോടുള്ള വിദ്വേഷം ജനിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാറിന്റെയും അതിന് നേതൃത്വം നല്കുന്ന നരേന്ദ്രമോദിയുടെയും രീതി. പൗരത്വത്തിനായി കേരളത്തിലൊരാളും ബി.ജെ.പിയുടെ മുന്നില്‍ കാത്തുനില്‍ക്കേണ്ടിവരുന്ന അവസ്ഥ പിണറായി വിജയൻ സര്‍ക്കാരുണ്ടാക്കില്ല.ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് ക്ഷേത്രം പണിയുന്നത് വേദനാജനകമാണ്. ഇന്ത്യയുടെ മതനിരപേക്ഷതയുടെ അടിത്തറയാണ് ഇളക്കുന്നത്. ആര്.എസ്.എസ് അജണ്ടയാണ് ബാബരി മസ്ജിദ് തകര്‍ക്കല്‍. ഇതില്‍ കോണ്‍ഗ്രസിന് പരാതിയില്ല.
എന്തുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന് മതന്യൂനപക്ഷങ്ങള്‍ക്കും മതനിരപേക്ഷ കക്ഷികള്‍ക്കും അറിയാവുന്ന കാര്യമാണെന്നും വിജയരാഘവന് പറഞ്ഞു.