Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ കരൾ നിർണായക പങ്കുവഹിക്കുന്നു. ഒന്നരകിലോ മാത്രം ഭാരമുള്ള ഈ അവയവം പ്രോടീനുകളുടെ ദഹനം, ധാതു സംഭരണം, പിത്തരസ ഉത്പാദനം, രക്തം ശുദ്ധീകരിക്കലുൾപ്പടെ 500-ലധികം പ്രവർത്തനങ്ങൾ ചെയ്യുന്നു. നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിന് കരളിന്റെ ആരോഗ്യം അത്യന്താപേക്ഷികമാണ്. ഇൻസ്റ്റാഗ്രാമിൽ 1.3 ദശലക്ഷം ഫോളോവേഴ്‌സുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. ജോസഫ് സാൽഹബ് ആരോഗ്യകരമായ കരളിന് കഴിക്കേണ്ട ഏഴ് ലഘുഭക്ഷണങ്ങളെ പരിചയപ്പെടുത്തുന്നു.
1. തണ്ണിമത്തനാണ് ഒന്നാമതായി ഡോ.ജോസഫ് എണ്ണുന്നത്. എന്നാൽ തണ്ണിമത്തന്റെ കൂടെ അദ്ദേഹം ചെറുനാരങ്ങ കൂടെ പിഴിഞ്ഞ് ചേർക്കുന്നു. മധുരമുള്ള തണ്ണിമത്തനും പുളിയുള്ള ചെറുനാരങ്ങയും ചേർന്ന മിശ്രിതം രുചിയോടൊപ്പം മികച്ച ആരോഗ്യഫലങ്ങളും നൽകുന്നു. ആരോഗ്യകരമായ രക്തചംക്രമണത്തിന് സഹായിക്കുന്ന അമിനോ ആസിഡായ സിട്രുലിൻ തണ്ണിമത്തനിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രണ്ട് പഴങ്ങളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും നൽകുന്നു. കൂടാതെ ഇത് രണ്ടും ചേർത്ത് കഴിക്കുന്നത് കരളിന് കേടുപാടുകൾ വരുത്തുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും കാര്യക്ഷമമായ വിഷവിമുക്തമാക്കൽ പ്രോത്സാഹിപ്പിക്കാനും കരളിനെ സഹായിക്കുന്നു.
2. നിങ്ങളുടെ കരളിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന മറ്റൊരു ലഘുഭക്ഷണം അവോക്കാഡോ ടോസ്റ്റ് ആണ്. സാധാരണ ബ്രെഡിൽ അവക്കാഡോ ഉപയോഗിച്ച് കഴിക്കുന്ന രീതിയാണിത്. ഇങ്ങനെ കഴിക്കുന്നത് കുടലിന് ആരോഗ്യകരമായ കൊഴുപ്പുകൾ നൽകുന്നു. അവോക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ പഞ്ചസാര സംസ്ക്കരിക്കുന്നതിനും കൊഴുപ്പ് ഫലപ്രദമായി സംഭരിക്കുന്നതിനും കരളിനെ സഹായിക്കുന്നു. കൂടാതെ ഫാറ്റി ലിവർ രോഗ സാധ്യത കുറക്കാനും ഇവക് സാധിക്കുന്നു.
3. കിംച്ചിയാണ് മൂന്നാമത്തെ വിഭവം; മധുരക്കിഴങ്ങുമായി ചേർത്ത് കഴിക്കുന്നതാണ്. കാബേജ് അല്ലെങ്കിൽ കൊറിയൻ റാഡിഷ് എന്നിവയിൽ നിന്ന് വിവിധതരം മസാലകൾ ചേർത്ത് ഉണ്ടാക്കുന്ന കൊറിയൻ വിഭവമാണ് കിംച്ചി. പുളിപ്പിച്ച വിഭവമായ കിംച്ചി കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന പ്രോബയോട്ടിക്കുകൾ നൽകുന്നു. അതേസമയം, മധുരക്കിഴങ്ങിലെ പ്രതിരോധശേഷിയുള്ള അന്നജം വയറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. ഇരുവിഭവങ്ങളും ചേർത്ത് കഴിക്കുന്നത് മികച്ച ദഹനത്തിനും മൈക്രോബയോമുകളുടെ സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്നു.
4. വാൾനട്ടും ബദാമും കഴിക്കുന്നത് കുടൽ ആരോഗ്യത്തിന് നല്ലതാണ്. ഈ നട്സുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇ-യും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കരളിലെ കൊഴുപ്പ് കുറക്കുകയും കരൾ കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. കൂടാതെ, മൊത്തത്തിലുള്ള കോശാരോഗ്യത്തെ സഹായിക്കുകയും കരളിന്റെ ഒപ്റ്റിമൽ പ്രവർത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആരോഗ്യകരമായ കൊഴുപ്പുകളും അവ നൽകുന്നു. പോഷകസമൃദ്ധമായ ഈ ലഘുഭക്ഷണം ദീർഘകാല കരൾ ആരോഗ്യത്തിനും ഗുണപ്രദമാണ്.
5. മധുരപലഹാരങ്ങൾ ഇഷ്ടമുള്ള ഒരാളാണ് നിങ്ങളെങ്കിൽ ഡാർക്ക് ചോക്ലേറ്റ് ബെറികളുമായി യോജിപ്പിച്ചു കഴിക്കുന്നത് നല്ലതാണ്. അവ കരളിനെ വടുക്കളിൽ നിന്ന് സംരക്ഷിക്കുകയും ആരോഗ്യകരമായ രക്തക്കുഴലുകൾ നിലനിർത്തുകയും ചെയ്യുന്നു. കരൾ വീക്കം കുറക്കുന്നതിനും കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനുമുള്ള ഒരു രുചികരമായ മാർഗം ഈ ജോഡി വാഗ്ദാനം ചെയ്യുന്നു.
6. കിവിയും ഗ്രീക്ക് തൈരും യോജിപ്പിച്ചു കഴിക്കുന്നത് ഊർജ്വസലമായ ആരോഗ്യം പ്രധാനം ചെയ്യുന്നു. പോഷകസമൃദ്ധമായ ഈ ജോഡി കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കരളിന്റെ മെറ്റബോളിസത്തിന് അത്യാവശ്യമായ വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ കിവിയിൽ അടങ്ങിയിട്ടുണ്ട്. അതേസമയം, ഗ്രീക്ക് തൈരിലെ പ്രോബയോട്ടിക്കുകൾ കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഇവ രണ്ടും യോജിപ്പിച്ച് കഴിക്കുന്നത് കരളിന്റെ ഊർജ്ജ ഉൽപാദനവും വിഷവിമുക്തമാക്കൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
7. ആപ്പിൾ കഷ്ണങ്ങളിൽ അല്പം കറുവപ്പട്ട വിതറി കഴിക്കുന്നതും കരളിന് ആരോഗ്യപ്രദമായ ശീലമാണ്. ആപ്പിളിൽ ഫൈബറും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. കറുവപ്പട്ടയിൽ കരളിനെ സംരക്ഷിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.