വിമാനത്തിലിരുന്ന് കണ്ടത് ദൃശ്യം2 വ്യാജ പതിപ്പോ? വിശദീകരണവുമായി അബ്ദുള്ളക്കുട്ടി
പോസ്റ്റിനുള്ള തെറിവിളി പഠന വിഷയമാക്കേണ്ട ഒന്നാണെന്നാണ് അബ്ദുള്ളക്കുട്ടിയുടെ പക്ഷം
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ദൃശ്യം2. സമൂഹ മാധ്യമങ്ങളിലും ഒട്ടേറെ ചര്‍ച്ചയായ ചിത്രം ഇപ്പോള്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുള്ളക്കുട്ടിയുടെ പേരിനൊപ്പമാണ് വാര്‍ത്തയാകുന്നത്. അബ്ദുള്ളക്കുട്ടിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങളുടെ തുടക്കം.
ഡല്‍ഹിയിലേക്കുള്ള വിമാന യാത്രക്കിടെ താന്‍ ദൃശ്യം2 കണ്ടെന്നും, സിനിമ തനിക്ക് വളരെയേറെ ഇഷ്ടമായെന്നും സംവിധായകന്‍ ജീത്തു ജോസഫ് മലയാള സിനിമക്ക് ഒരു വരദാനമാണെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം, അബ്ദുള്ളക്കുട്ടി കണ്ടത് ചിത്രത്തിന്‍റെ വ്യാജ പതിപ്പാണെന്ന ആരോപണവുമായി വിമര്‍ശകരും രംഗത്തെത്തി.
വിമാനത്തിനുള്ളില്‍ എവിടെയാണ് മെബൈല്‍ റേയ്ഞ്ചെന്നും ടെലിഗ്രമില്‍ കിട്ടിയ വ്യാജ പതിപ്പ് ഡൌണ്‍ലോഡ് ചെയ്ത് കണ്ടതാണെന്നുമാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. രണ്ടര മണിക്കൂറുള്ള സിനിമ ഡല്‍ഹിയിലേക്കുള്ള വിമാന യാത്രയില്‍ എങ്ങനെ കാണാനാവുമെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
എന്നാല്‍ ആമസോണ്‍ പ്രൈമില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്ത് കാണാനുള്ള സൗകര്യമുണ്ടെന്നും അങ്ങനെ ഡൗണ്‍ലോഡ് ചെയ്ത ശേഷം സിനിമ കണ്ടതാണെന്ന മറുപടിയുമായി അബ്ദുള്ളക്കുട്ടിയും കമന്‍റിന് മറുപടിയുമായി രംഗത്തെത്തി. കോഴിക്കോട്-ഡല്‍ഹി വിമാനയാത്രക്കിടെ സിനിമ കണ്ടുതീര്‍ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതായാലും പോസ്റ്റിനുള്ള തെറിവിളി പഠന വിഷയമാക്കേണ്ട ഒന്നാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.