ആദ്യം പിൻവലിക്കുക കുറ്റപത്രം നൽകിയ 1500ലേറെ കേസുകൾ; സി.എ.എ, ശബരിമല കേസുകൾ പിൻവലിക്കാൻ നടപടി തുടങ്ങി

ഭൂരിഭാഗം കേസുകളും പോലീസ് സ്വമേധയാ എടുത്തതായതിനാൽ കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ അപേക്ഷ നൽകിയാൽ മതിയാകും

Update: 2021-02-25 01:40 GMT

ശബരിമല യുവതി പ്രവേശം, പൗരത്വഭേദഗതി എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി. കുറ്റപത്രം നൽകിയ 1500 ലേറെ കേസുകളായിരിക്കും ആദ്യം പിൻവലിക്കുക. കേസുകളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ പോലീസിനും നിയമവകുപ്പിനും സർക്കാർ നിർദ്ദേശം നൽകി.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തിന്‍റെ പേരിൽ അയ്യായിരത്തിലേറെ കേസുകളാണ് നിലവിലുള്ളത്. ഇതിൽ നാമജപ ഘോഷയാത്ര, നിരോധനാജ്ഞ ലംഘനം, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങി നിസ്സാര കേസുകൾക്കൊപ്പം പോലീസിനെ ആക്രമിച്ചതും, സ്റ്റേഷന് നേരെ ബോംബെറിഞ്ഞതുമടക്കം ഗുരുതര സ്വഭാവമുള്ള കേസുകളും ഉൾപ്പെടുന്നുണ്ട്. ഗുരുതര സ്വഭാവമില്ലാത്തതും, കുറ്റപത്രം നൽകിയ കേസുകളുമാണ് പിൻവലിക്കാൻ ആയി പരിഗണിക്കുന്നത്. നിയമസാധുത കൂടി കണക്കിലെടുത്താണിത്. ശബരിമല സമരവുമായി ബന്ധപ്പെട്ട് 1007 കേസുകളിൽ കുറ്റപത്രം നൽകിയിട്ടുണ്ടെന്നാണ് പോലീസ് കണക്ക്. 1163 പേർ പ്രതികളാണ്.

Advertising
Advertising

പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ 500 ഓളം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കുറ്റപത്രം നൽകിയിരിക്കുന്നത് 311 കേസുകളിലാണ്. 1809 പേർ പ്രതികളായ ഈ കേസുകളാണ് ആദ്യ ഘട്ടത്തിൽ പിൻവലിക്കുക.

ഭൂരിഭാഗം കേസുകളും പോലീസ് സ്വമേധയാ എടുത്തതായതിനാൽ കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ അപേക്ഷ നൽകിയാൽ മതിയാകും. ഇത്തരം കേസുകളുടെ വിശദാംശങ്ങൾ ശേഖരിക്കാനും വകുപ്പുകൾ നോക്കി പിൻവലിക്കേണ്ട കേസുകളുടെ പട്ടിക തയ്യാറാക്കാനുമാണ് നടപടികൾ തുടങ്ങിയിരിക്കുന്നത്.

Full View
Tags:    

Similar News