വൈറ്റ് ഹൗസിന് സമീപത്തെ വെടിവെപ്പ്; പരിക്കേറ്റ നാഷണൽ ഗാർഡ് അംഗം മരിച്ചു
മറ്റൊരു നാഷണൽ ഗാർഡ് അംഗമായ ആൻഡ്രൂ വൂൾഫ് (24) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്
വാഷിങ്ടൺ:: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം കഴിഞ്ഞ ദിവസം വെടിയേറ്റ നാഷണൽ ഗാർഡ് അംഗം സാറാ ബെക്ക്‌സ്‌ട്രോ (20) മരിച്ചു. മറ്റൊരു നാഷണൽ ഗാർഡ് അംഗമായ ആൻഡ്രൂ വൂൾഫ് (24) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
സൈനികർക്ക് നേരെ വെടിവെച്ച റഹ്മാനുല്ല ലഖൻവാൾ (29) അഫ്ഗാൻ യുദ്ധകാലത്ത് യുഎസ് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസിയായ സിഐഎ സ്ഥിരീകരിച്ചു. സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഹ്മാനുള്ള യുഎസ് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും സ്ഥിരീകരിച്ചു.
.@POTUS announces that U.S. Army Specialist Sarah Beckstrom of Summersville, West Virginia, one of the National Guardsmen savagely attacked yesterday in Washington, D.C., has just passed away.
— Rapid Response 47 (@RapidResponse47) November 27, 2025
May God be with her family 🙏 pic.twitter.com/BEbAOxmJme
''താലിബാൻ ശക്തികേന്ദ്രമായ തെക്കൻ കാണ്ഡഹാർ പ്രവിശ്യയിലെ സിഐഎയുടെ പിന്തുണയുള്ള ഒരു യൂണിറ്റ് ഉൾപ്പെടെ അഫ്ഗാനിസ്ഥാനിലെ നിരവധി യുഎസ് സർക്കാർ ഏജൻസികൾക്കായി റഹ്മാനുല്ല പ്രവർത്തിച്ചിരുന്നു. കാണ്ഡഹാറിലെ ഒരു പങ്കാളിത്ത സേനയിലെ അംഗമെന്ന നിലയിലായിരുന്നു റഹ്മാനുല്ലക്ക് ഏജൻസിയുമായുള്ള ബന്ധം. സംഘർഷഭരിതമായ ഒഴിപ്പിക്കലിന് തൊട്ടുപിന്നാലെ ഇത് അവസാനിക്കുകയും ചെയ്തു''- ജോൺ റാറ്റ്ക്ലിഫ് പറഞ്ഞു.
അക്രമി വലിയ വില കൊടുക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വളരെയധികം ബഹുമാനിക്കപ്പെടുന്ന ഗംഭീര വ്യക്തിയായിരുന്നു സാറ ബെക്ക്‌സ്‌ട്രോ എന്ന് ട്രംപ് അനുസ്മരിച്ചു.