ബേസ് മോഡലില്‍ പ്രീമിയം ഫീച്ചറുമായി ഹണ്ടര്‍ 350; ഒപ്പം തകര്‍പ്പന്‍ നിറങ്ങളും

ബേസ് മോഡലുകളില്‍ സ്‌പോക്ക് വീലുകളാണ് നല്‍കാറുള്ളതെങ്കില്‍ ഹണ്ടറിൻ്റെ ബേസ് പ്രീമിയത്തില്‍ അലോയ് വീലുകളാണ് വരുന്നത്

Update: 2026-04-04 14:52 GMT

റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലുകളിലൊന്നായ ഹണ്ടര്‍ 350 കൂടുതല്‍ ഫീച്ചറുകളുമായെത്തുന്നു. എന്‍ഫീല്‍ഡ് നിരയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഹണ്ടറിന് പുതിയ നിറങ്ങളും നല്‍കിയിട്ടുണ്ട്. ബേസ് മോഡലില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ബേസ് പ്രീമിയം എന്ന പുതിയ മോഡല്‍ ഇറക്കുന്നുവെന്നതാണ് പ്രധാന പ്രത്യേകത.

 

ബേസ് പ്രീമിയത്തില്‍ എന്തുണ്ട്?

സാധാരണയായി ബേസ് മോഡലുകളില്‍ സ്‌പോക്ക് വീലുകളാണ് നല്‍കാറുള്ളതെങ്കില്‍ ഹണ്ടറിന്റെ ബേസ് പ്രീമിയത്തില്‍ അലോയ് വീലുകളാണ് വരുന്നത്. ഇതോടൊപ്പം മറ്റ് നിരവധി ആഡ്-ഓണുകളും ചേര്‍ന്നാണ് ബേസ് മോഡല്‍ ബേസ് പ്രീമിയം ആകുന്നത്. അപ്‌ഡേറ്റഡ് റൗണ്ട് ഹാലൊജന്‍ ഹെഡ്‌ലൈറ്റ്, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റോട്ടറി സ്വിച്ച് ഗിയര്‍, സ്റ്റിറ്റ്ച്ച്ഡ് സീറ്റ്, സ്‌പോര്‍ട്ടി ഗ്രാബ് റെയില്‍, സിംഗിള്‍ ചാനല്‍ എബിഎസ്, സ്ലിപ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് എന്നിവയും ബേസ് പ്രീമിയത്തിലെ ഫീച്ചറുകളാണ്. 1.50 ലക്ഷം മുതലാണ് ബേസ് പ്രീമിയത്തിന്റെ എക്‌സ് ഷോറൂം വില വരുന്നത്.

Advertising
Advertising

പുതിയ രണ്ട് നിറങ്ങള്‍

കാഴ്ചഭംഗിയുടെ കാര്യത്തില്‍ മറ്റേത് ബൈക്കുകളെയും വെല്ലുന്നതാണ് ഹണ്ടര്‍ 350. ഇതിന്റെ ടോപ് മോഡലില്‍ രണ്ട് നിറങ്ങളിലുള്ള പുതിയ ഗ്രാഫിക്‌സ് നല്‍കിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. മഞ്ഞയും നീലയും ഓറഞ്ചും കലര്‍ന്ന ജ്വലിച്ചുനില്‍ക്കുന്ന പെയിന്റ് സ്‌കീമിന് 'മുംബൈ യെല്ലോ' എന്നാണ് പേര്. മുംബൈ നഗരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മോഡല്‍. 

 

രണ്ടാമതായി 'മൂണ്‍ഷോട്ട് വൈറ്റ്' എന്ന പെയിന്റ് സ്‌കീമാണ്. വെള്ളയില്‍ ചുവപ്പും നീലയും അടങ്ങിയതാണ് ഇത്. നക്ഷത്രസമൂഹത്തിലെ വേട്ടക്കാരനെ (ഓറിയോണ്‍) അടിസ്ഥാനമാക്കിയാണ് മൂണ്‍ഷോട്ട് വൈറ്റ് ഒരുക്കിയത്. കൈകൊണ്ട് വരച്ചതാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് പറയുന്നു. 

 

വാഹനത്തിന്റെ മെക്കാനിക്കല്‍ ഭാഗങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. 349 സിസി എയര്‍-കൂള്‍ഡ് ജെ-സീരീസ് എന്‍ജിന്‍ തന്നെയാണുള്ളത്. ഇത് 20.2 എച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കും നല്‍കുന്നു. 5-സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ കൈകാര്യം ചെയ്യുന്നത്. 790 എംഎം ആണ് സീറ്റ് ഹൈറ്റ്. 181 കി.ഗ്രാം കെര്‍ബ് വെയിറ്റും 13 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയും ഉണ്ട്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News