രണ്ടര ലക്ഷം മുടക്കൂ... വരുന്നു ഒറ്റച്ചാർജിൽ 300 കിലോമീറ്റർ ഓടുന്ന ഇലക്ട്രിക് നാനോ കാർ

ഈ വിലക്ക് വാഹനം ലഭ്യമാകുകയാണെങ്കിൽ മാരുതി ആൾട്ടോയേക്കാൾ ചുരുങ്ങിയ തുകക്ക് ലഭിക്കുന്ന കാറാകുമിത്

Update: 2021-10-02 16:51 GMT
Advertising

രണ്ടര ലക്ഷം മുടക്കിയാൽ ഒറ്റച്ചാർജിൽ 300 കിലോമീറ്റർ ഓടുന്ന ഇലക്ട്രിക് നാനോകാർ വാങ്ങാം. മാരുതി ആൾട്ടോയേക്കാൾ കുറഞ്ഞ വിലയിൽ. എന്തു നല്ല നടക്കാത്ത സ്വപ്‌നമെന്ന് കരുതേണ്ട. ചൈനീസ് കാർ നിർമാതാക്കളായ വൂളിങ് ഹോംഗ്ഗാങാണ് കുഞ്ഞൻ ഇലക്ട്രിക് കാർ നിർമിക്കാൻ ഒരുങ്ങുന്നത്.

കാർന്യൂസ് ചൈനയാണ് 20,000 യുവാന് അഥവാ രണ്ടര ലക്ഷം രൂപക്ക് ലഭിക്കുന്ന കാർ പുറത്തിറങ്ങുന്ന വിവരം പങ്കുവെച്ചത്. ഈ വിലക്ക് വാഹനം ലഭ്യമാകുകയാണെങ്കിൽ മാരുതി ആൾട്ടോയേക്കാൾ ചുരുങ്ങിയ തുകക്ക് ലഭിക്കുന്ന കാറാകുമിത്.

ടാറ്റാ മോട്ടോർസിന്റെ നാനോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലോകത്തിലെ ഏറ്റവും ചെറുതും വില കുറഞ്ഞതുമായ ഇലക്ട്രിക് കാർ നിർമിക്കുന്നത്.

2021 ടിയാൻജിൻ അന്താരാഷ്ട്ര ഓട്ടോ ഷോയിൽ ഈ വാഹനം അവതരിപ്പിച്ചിരുന്നു. രണ്ടു സീറ്റുകൾ മാത്രമാണ് നാനോ ഇ.വിയുലുണ്ടാവുക. കുറഞ്ഞ വേഗതയിൽ നഗരങ്ങളിൽ ഓടിക്കാവുന്ന വാഹനമായാണ് നിർമിക്കുക. 2497 എം.എം നീളവും 1526 എം.എം. വീതിയും 1616 എം.എം ഉയരവുമുണ്ടാകും. നാനോ കാറിന് 3000 എം.എം നീളമുണ്ടായിരുന്നു.

ഐ.പി.67 ലിഥിയം ഐയേൺ 28 കെ.ഡബ്ല്യൂ.എച്ച് ബാറ്ററിയും 33 പി.എസ് ഇലക്ട്രിക് മോട്ടറുമുണ്ടാകും. മാക്‌സിമം ടോർക് 85 എൻ.എമ്മായിരിക്കും. പരമാവധി വേഗത മണിക്കൂറിൽ 100 കി.മി.

വൂളിങ് ഹോംഗ്ഗാങ് ചെലവു കുറഞ്ഞതും ചെറുതുമായ ഇലക്ട്രിക് നിർമാണ രംഗത്ത് പ്രശസ്തരാണ്. ഇവരുടെ മിനി ഇലക്ട്രിക് കാർ 2020 ഏറ്റവും വിൽപന നടന്ന രണ്ടാമത്തെ കാർ മോഡലാണ്. ഒരു ലക്ഷത്തിലധികം കാറുകളാണ് വിറ്റുപോയത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News