ബജാജ് പൾസർ 250യുടെ ലോഞ്ചിങ് തീയതി പുറത്തുവന്നു
ബജാജ് ഡൊമിനർ 250യിൽ ഉപയോഗിക്കുന്ന എഞ്ചിൻ തന്നെയായിരിക്കും ഇതിലും ഉപയോഗിക്കാൻ സാധ്യത.
ബജാജ് പൾസർ, ഇന്ത്യയിലെ 150 സിസിയും അതിന് മുകളിലും എഞ്ചിൻ കപ്പാസിറ്റിയുമുള്ള ബൈക്കുകളെ ഇന്ത്യക്കാർക്കിടയിൽ ജനകീയമാകാൻ കാരണമായ ഒരു മോഡലാണ്. 125 സിസി മുതൽ 220 സിസി വരെ എഞ്ചിൻ ശേഷിയുള്ള ബൈക്കുകൾ പൾസർ സീരിസിൽ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പൾസർ എഎസ്, എഎഫ്, എൻഎസ് തുടങ്ങിയ വകഭേദങ്ങളും വാഹനത്തിനുണ്ട്.
ഇപ്പോളിതാ 250 സിസി നിരയിലേക്ക് കൂടി പൾസർ കടക്കുകയാണ്. നേരത്തെ തന്നെ വാഹനം പുറത്തിറക്കുമെന്ന വിവരം കമ്പനി പുറത്തുവിട്ടിരുന്നു. കൃത്യമായ ലോഞ്ചിങ് തീയതിയും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഒക്ടോബർ 28നാണ് ബജാജ് പൾസർ 250യുടെ അവതരണം. നിലവിൽ പുറത്തുവന്ന ചിത്രങ്ങൾ അനുസരിച്ച് പൾസർ 220 എഎഫിന്റേത് പോലെയുള്ള ഫ്രണ്ട് ഫെയറിങ് വാഹനത്തിനുണ്ടാകും.ബജാജിന്റെ രീതി അനുസരിച്ച് എൻഎസ് എന്ന നേക്കഡ് ബോഡി ടൈപ്പ് വാഹനത്തിന് നൽകാൻ സാധ്യതയുണ്ട്.
വാഹനത്തിന്റെ പ്രീ ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അതേസമയം വാഹനത്തിന്റെ വിലയെ കുറിച്ച് ഒരു സൂചനയും പുറത്തുവന്നിട്ടില്ല. ബജാജ് ഡൊമിനർ 250യിൽ ഉപയോഗിക്കുന്ന കെ.ടി.എമ്മിൽ നിന്ന് കടം കൊണ്ട എഞ്ചിൻ തന്നെയായിരിക്കും ഇതിലും ഉപയോഗിക്കാൻ സാധ്യത. വാഹനത്തിന് ആറ് ഗിയറുണ്ടാകുമെന്നാണ് സൂചന. മീറ്റർ കൺസോളിൽ കാലികമായ മാറ്റം വരുത്തുന്നില്ലെന്ന പരാതി ഇത്തവണ ബജാജ് പരിഹരിക്കാനും സാധ്യതയുണ്ട്.