ബജറ്റ് എയർലൈനായ 'ആകാശ എയർ' സർവീസ് ജൂൺ മുതൽ

ആകാശയാത്രയിൽ വിപ്ലവമുണ്ടാക്കാൻ ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിൽ തുടങ്ങിയ വിമാനകമ്പനിയാണ് 'ആകാശ എയർ'

Update: 2022-03-25 16:48 GMT
Advertising

ബജറ്റ് എയർലൈനായ ആകാശ എയറിന്റെ കൊമേഴ്സ്യൽ സർവീസ് ജൂൺ മുതൽ തുടങ്ങും. ഇതിനായുള്ള ലൈസൻസുകളെല്ലാം കരസ്ഥമാക്കി കൊണ്ടിരിക്കുന്നുവെന്ന് സിഇഒ വിനയ് ദുബെ പറഞ്ഞു. 'ലോഞ്ചിങ് കഴിഞ്ഞ് വർഷത്തിനുള്ളിൽ 18 എയർക്രാഫ്റ്റുകളുടെ സർവീസ് നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. അഞ്ചു വർഷത്തിനുള്ളിൽ 72 വിമാനങ്ങളും ഓടിക്കും' ഹൈദരാബാദിൽ നടന്ന എയർ ഷോയിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കകത്താണ് വിമാന കമ്പനി സർവീസ് നടത്തുക. എന്നാൽ ഏതൊക്കെ നഗരങ്ങളിലാണെന്ന് വ്യക്തമാക്കിയിട്ടില്ല.



ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയുമായി മത്സരിക്കുന്ന കമ്പനി കഴിഞ്ഞ നവംബറിൽ 72 ബോയിങ് 737 മാക്‌സ് ജെറ്റ്‌സിന് ഓർഡർ നൽകിയിരുന്നു. ഏകദേശം ഒമ്പത് ബില്യൺ ഡോളർ വില വരുന്നതാണ് വിമാനം. പ്രവർത്തനം തുടങ്ങാനുള്ള കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രാഥമികാനുമതി കഴിഞ്ഞ വർഷം ഒക്‌ടോബറിൽ കമ്പനിക്ക് ലഭിച്ചിരുന്നു. ആകാശയാത്രയിൽ വിപ്ലവമുണ്ടാക്കാൻ ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിൽ തുടങ്ങിയ വിമാനകമ്പനിയാണ് 'ആകാശ എയർ'. എല്ലാവർക്കും താങ്ങാനാകുന്ന തരത്തിലേക്ക് വിമാനയാത്രയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി എത്തുന്നത്.


ജെറ്റ് എർവേസ് മുൻ സിഇഒ വിനയ് ദുബെ, ഇൻഡിഗോ മുൻ പ്രസിഡന്റ് ആദിത്യ ഘോഷ് എന്നിവർക്കെല്ലാം കമ്പനിയിൽ നിക്ഷേപമുണ്ട്. ആകാശയാത്രയെ ജനാധിപത്യവത്ക്കരിക്കുകയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യം. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ വിമാനയാത്ര സാധ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഇതോടൊപ്പം ഭക്ഷണം, സീറ്റ് തിരഞ്ഞെടുപ്പ് അടക്കമുള്ള സൗകര്യങ്ങളെല്ലാം അധിക ചെലവിലും ലഭ്യമാക്കും.

Budget airline Akasa Air's commercial service will start from June

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Similar News