കാർ ചാർജർ ഉപയോഗിച്ച് അതിവേഗം ചാർജ് ചെയ്യാം; പുതിയ ഇലക്ട്രിക് ബൈക്കുമായി റാപ്റ്റി

15 മിനിറ്റ് ചാർജ് ചെയ്താൽ 40 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും

Update: 2024-02-21 15:48 GMT
Advertising

രാജ്യം അതിവേഗം ഇലക്ട്രിക് വാഹന യുഗത്തിലേക്ക് മുന്നേറുകയാണ്. നിരവധി കമ്പനികളും മോഡലുകളുമെല്ലാമാണ് ദിവസേന വിപണിയിലെത്തുന്നത്. ചാർജിങ്ങിന്റെയും ബാറ്ററിയുടെയും കാര്യത്തിലും വലിയ വിപ്ലവങ്ങളാണ് നടക്കുന്നത്.

അത്തരമൊരു വിപ്ലവുമായി രംഗത്ത് വന്നിരിക്കുകയാണ് റാപ്റ്റി എനർജി. ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയാണിത്. കാറുകൾക്ക് ഉപയോഗിക്കുന്ന പബ്ലിക് ചാർജറുകൾ വഴി ചാർജ് ചെയ്യാൻ കഴിയുമെന്നാണ് ഇവരുടെ ബൈക്കിന്റെ പ്രത്യേകത. പബ്ലിക് ചാർജറുകൾ വഴി ചാർജ് ചെയ്യാൻ കഴിയുന്ന ആദ്യത്തെ ഉയർന്ന വോൾട്ടേജ് ഡ്രൈവ്ട്രെയിൻ ബൈക്കായി ഇത് മാറും. ഏകദേശം അഞ്ച് വർഷത്തെ ഗവേഷണ-വികസനത്തിനൊടുവിലാണ് കമ്പനി ബൈക്ക് പുറത്തിറക്കാൻ പോകുന്നത്.

സിംഗിൾ ചാർജിംഗ് സ്റ്റാൻഡേർഡ് 2 (CCS2) ചാർജിങ് പോർട്ടുള്ള ഒരേയൊരു ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയാണ് തങ്ങളുടേതെന്ന് സി.ഇ.ഒ ദിനേശ് അർജുൻ വ്യക്തമാക്കുന്നു. വീട്ടിൽ ഘടിപ്പിക്കുന്ന ചാർജർ ഉപയോഗിച്ച് പൂജ്യത്തിൽനിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ 45 മിനിറ്റ് മതി.

പേറ്റന്റ് നേടിയ ഹൈ വോൾട്ടേജ് ഡ്രൈവ്‌ട്രെയിൻ സാ​ങ്കേതിക വിദ്യയാണ് ബൈക്കിൽ ഉപയോഗിക്കുന്നത്. റാപ്‌റ്റിയുടെ ഇ-ബൈക്കിന് എ.സി, ഡി.സി ഫാസ്റ്റ് ചാർജിങ്ങുകൾ കൈകാര്യം ചെയ്യാൻ കഴിയും. വാഹനത്തോടൊപ്പം തന്നെ സി.സി.എസ് 2 കണക്റ്റർ കമ്പനി സൗജന്യമായി നൽകും.

2024 ഏപ്രിലിൽ വാഹനം പുറത്തിറാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏകദേശം 2.5 ലക്ഷം മുതൽ 3 ലക്ഷം വരെയാണ് വില വരിക. 250 സി.സി ബൈക്കുകളുമായിട്ടാകും മത്സരിക്കുകയെന്നും കമ്പനി അവകാശപ്പെടുന്നു.

ജനുവരിയിൽ തമിഴ്‌നാട്ടിൽ നടന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിലാണ് ബൈക്ക് ആദ്യമായി പ്രദർശിപ്പിക്കുന്നത്. വരുന്ന സാമ്പത്തിക വർഷം 10,000 വാഹനങ്ങൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിൽ പകുതിയും ഈ വർഷം തന്നെ പൂർത്തിയാക്കും. 2025 അവസാനത്തോടെയോ ആദ്യ ബൈക്ക് പുറത്തിറക്കി 18 മാസത്തിന് ശേഷമോ രണ്ടാമത്തെ ബൈക്ക് നിരത്തിലെത്തിക്കാൻ റാപ്‌റ്റി പദ്ധതിയിടുന്നുണ്ട്.

വരുന്ന മൂന്ന് മാസത്തിനുള്ളിൽ റാപ്‌റ്റിയുടെ മൂന്നാമത്തെ ധനസമാഹരണം നടക്കും. കഴിഞ്ഞ രണ്ട് ധനസമാഹരണങ്ങളിലായി ഏകദേശം അഞ്ച് ദശലക്ഷം രൂപ സമാഹരിച്ചിരുന്നു. ഇത്തവണ 20 ദശലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഉൽപ്പാദനം വർധിപ്പിക്കുകയാണ് ധനസമാഹരണം കൊണ്ട് ലക്ഷ്യമിടുന്നത്.

വാഹനം പുറത്തിറക്കിയതിന് ശേഷമുള്ള പദ്ധതികളെക്കുറിച്ചും ദിനേശ് അർജുൻ വിശദീകരിച്ചു. ആദ്യം വാഹനങ്ങൾ വിൽക്കുകയും അവ നിരത്തിലിറക്കുകയും വേണം. രണ്ടാമത്തേത് ഉൽപ്പന്നങ്ങൾ കൂടുതൽ മികച്ചതാക്കുകയാണ് ലക്ഷ്യം. അതിന് ആദ്യം പുറത്തിറക്കുന്ന ഡാറ്റകൾ പ്രയോജനപ്പെടുത്തും.

135 കിലോമീറ്റർ ആയിരിക്കും വാഹനത്തിന്റെ പരമാവധി വേഗത. ഒ​രൊറ്റ തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാം. പൂജ്യത്തിൽനിന്ന് 60 കിലോമീറ്റർ വേഗതയിൽ എത്താൻ 3.5 സെക്കൻഡ് മതി.

15 മിനിറ്റ് ചാർജ് ചെയ്താൽ 40 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും. ഒരു​ വർഷം ഒരു ലക്ഷം യൂനിറ്റുകൾ നിർമിക്കാൻ കഴിയുന്ന സൗകര്യമാണ് കമ്പനിക്ക് നിലവിലുള്ളത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News