ഒരു വര്‍ഷം കൊണ്ട് നിരത്തിലിറങ്ങിയത് ഒരു ലക്ഷം സോണറ്റ്; കുതിപ്പ് തുടര്‍ന്ന് കിയ

കോവിഡ് വ്യാപനം ഇന്ത്യയിൽ അതിന്റെ മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോഴാണ് പുതിയൊരു മോഡൽ അവതരിപ്പിക്കാൻ കിയ തയാറായത്. ആ ചങ്കൂറ്റം വെറുതെയായില്ല

Update: 2021-09-20 11:23 GMT
Editor : Nidhin | By : Web Desk

ഹ്യുണ്ടായി എന്ന കൊറിയൻ ഭീമൻ ഇന്ത്യയിൽ ഐ-10 ഉം ഐ-20യും എല്ലാം സാമാന്യം നല്ലരീതിയിൽ വിറ്റുകൊണ്ടിരുന്ന കാലം. അങ്ങനെയിരിക്കേ തങ്ങളുടെ സഹോദര ബ്രാൻഡായ കിയയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ അവർ തീരുമാനിക്കുന്നു- പിന്നെ നടന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന ചരിത്രം.

കേവലം മൂന്ന് മോഡലുകൾ മാത്രമാണ് കിയ ഇന്ത്യയിൽ അവതരിപ്പിച്ചത്- സോണറ്റ്, സെൽറ്റോസ്, കാർണിവൽ. പക്ഷേ അത് മതിയായിരുന്നു അവർക്ക് മാർക്കറ്റ് പിടിക്കാൻ.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സെൽറ്റോസിനേക്കാളും വില കുറഞ്ഞ കോപാക്ട് എസ്.യു.വിയായ സോണറ്റ് കിയ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഒരു വർഷം കൊണ്ട് ഒരു ലക്ഷം സോണറ്റുകളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. കിയയുടെ ഇന്ത്യയിലെ വിൽപ്പനയിൽ 32 ശതമാനവും സോണറ്റാണ് സംഭാവന ചെയ്തിരിക്കുന്നത്.

Advertising
Advertising

കോവിഡ് വ്യാപനം ഇന്ത്യയിൽ അതിന്റെ മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോഴാണ് പുതിയൊരു മോഡൽ അവതരിപ്പിക്കാൻ കിയ തയാറായത്. ആ ചങ്കൂറ്റം വെറുതെയായില്ല. 2020 സെപ്റ്റംബർ മുതൽ 2021 ജൂലൈ വരെ മാത്രം 91,706 സോണറ്റുകളാണ് ഇന്ത്യയിലെ റോഡുകളിലിറങ്ങിയത്. അതിൽ തന്നെ പെട്രോൾ മോഡലിലിനാണ് കൂടുതൽ വിൽപ്പന. 56,121 പെട്രോൾ മോഡലുകൾ വിറ്റപ്പോൾ ഡീസൽ മോഡൽ വിറ്റത് 35,585 യൂണിറ്റുകൾ മാത്രമാണ്.


ഇന്ത്യയിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിന്റെ കരുത്തുള്ള ഓട്ടോമാറ്റിക്ക് ഗിയർ ബോക്‌സോടു കൂടിയ ഏക കോപാക്ട് എസ്‌യുവി സോണറ്റാണ്. സാധാരണഗതിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുക ഒരു മോഡലിന്റെ ബേസ് മോഡലോ അല്ലെങ്കിൽ മിഡ് ഓപ്ഷൻ മോഡലോ ആണ്. പക്ഷേ സോണറ്റിന്റെ കാര്യത്തിൽ അതും തെറ്റി. സോണറ്റിന്റെ ടോപ്പ് എൻഡാണ് ഏറ്റവും കൂടുതൽ വിറ്റുപോയത്. ആകെ വിൽപ്പനയുടെ 64 ശതമാനവും ടോപ് എൻഡ് മോഡലായിരുന്നു. മറ്റൊരു കൗതുകരമായ വസ്തുത ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലാത്ത ഐഎംടി ഗിയർ ബോക്‌സ് മോഡലും നല്ലരീതിയിൽ വിൽക്കാൻ അവർക്കായി. ആകെ വിറ്റ യൂണിറ്റുകളിൽ 26 ശതമാനവും ഐഎംടിയാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ നാലാമത്തെ കോപാക്ട് എസ്.യു.വിയാണ് സോണറ്റ്. സെഗ്‌മെന്റിൽ 17 ശതമാനം വിൽപ്പന നേടാൻ സോണറ്റിനായി. അതേസമയം കിയ ഏറ്റവും കൂടുതൽ വിൽക്കുന്ന മോഡൽ സോണറ്റല്ല, അത് സെൽറ്റോസാണ്- കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 89,173 സെൽറ്റോസ് കിയ ഷോറൂമുകളിൽ നിന്ന് റോഡ് തൊട്ടു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News