ഇന്ത്യയിൽ വിൽക്കുകയാണെങ്കിൽ ഇന്ത്യയിൽ തന്നെ നിർമിക്കണം: ടെസ്‌ലയോട് നിതിൻ ഗഡ്കരി

'ചൈനയിൽ നിർമിച്ച് ഇന്ത്യയിൽ വിൽക്കാനാണ് നോക്കുന്നതെങ്കിൽ അത് സ്വീകാര്യമാവില്ല...'

Update: 2022-04-26 11:54 GMT
Editor : André | By : Web Desk
Advertising

ന്യൂഡൽഹി: ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ തന്നെ നിർമിക്കാൻ തയാറാണെങ്കിൽ യു.എസ് കമ്പനിയായ ടെസ്‌ലക്ക് ഇന്ത്യയിൽ പ്രവർത്തിക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയുടെ വിദേശനയ, ഭൗമസാമ്പത്തിക സമ്മേളനമായ റായ്‌സിന ഡയലോഗിൽ സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ട്രിക് കാറുകളുടെ വലിയ വിപണിയാണ് ഇന്ത്യയെന്നും ഈ മേഖലയിൽ വലിയ അവസരങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

(Manufacturing Tesla in China and selling in India will not work: Nithin Gadkari to Elon Musk)

'ഇലോൺ മസ്‌ക് ഇന്ത്യയിൽ കാറുകൾ നിർമിക്കാൻ തയാറാണെങ്കിൽ പ്രശ്‌നമില്ല. ഇന്ത്യയിലേക്ക് വരിക, ഉൽപ്പാദനം തുടങ്ങുക, ഇന്ത്യ വലിയൊരു വിപണിയാണല്ലോ. ഇവിടെ എല്ലാ വിഭവങ്ങളുമുണ്ട്. എല്ലാ സാങ്കേതിക വിദ്യയും ഇവിടെ ലഭ്യമാണ്. അവർക്ക് ഇവിടെ നിന്ന് കയറ്റുമതി ചെയ്യുകയുമാവാം.'

'ഇലോൺ മസ്കിനോട് അഭ്യർത്ഥിക്കാനുള്ളത് ഇവിടെ വന്ന് ഉൽപ്പാദം തുടങ്ങൂ എന്നാണ്. അതേസമയം, അദ്ദേഹം ചൈനയിൽ ഉൽപ്പാദനം നടത്തി ഇന്ത്യയിൽ വിൽക്കാനാണ് നോക്കുന്നതെങ്കിൽ അത് ഇന്ത്യക്ക് സ്വീകാര്യമാവില്ല.' - ഗഡ്കരി പറഞ്ഞു.

നേരത്തെ, ഇലോൺ മസ്‌കിന്റെ ടെസ്ല ഇന്ത്യയിൽ നിർമാണ യൂണിറ്റുകൾ തുടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഉയർന്ന നികുതി നിരക്കുകൾ കാരണം പിന്മാറുകയായിരുന്നു. 40,000 യു.എസ് ഡോളറിനു മുകളിൽ കസ്റ്റംസ് മൂല്യം വരുന്ന ഇലക്ട്രിക് കാറുകൾ ഇറക്കുമതി ചെയ്യുമ്പോൾ 110 ശതമാനം നികുതി നൽകണമെന്ന നയമാണ് ഇന്ത്യയിലേക്കുള്ള തങ്ങളുടെ വരവിനെ തടയുന്നതെന്ന് കഴിഞ്ഞ വർഷം കേന്ദ്ര റോഡ് മന്ത്രാലയത്തിനയച്ച കത്തിൽ ടെസ്ല വ്യക്തമാക്കിയിരുന്നു. കസ്റ്റംസ് വാല്യൂ നോക്കാതെ എല്ലാ കാറുകളുടെയും ഇറക്കുമതിച്ചുങ്കം 40 ശതമാനമാക്കി നിജപ്പെടുത്തണമെന്നും കമ്പനി അഭ്യർത്ഥിച്ചു.

നികുതി കുറക്കുന്ന കാര്യം പരിഗണിക്കാമെന്നും ആദ്യം രാജ്യത്ത് ഉൽപ്പാദനം തുടങ്ങൂ എന്നുമായിരുന്നു ഇതിന് കേന്ദ്രസർക്കാർ നൽകിയ മറുപടി. നിലവിൽ, പൂർണമായും നിർമിച്ച യൂണിറ്റുകളായി ഇറക്കുമതി ചെയ്യപ്പെടുന്ന കാറുകൾക്കുള്ള ഇറക്കുമതിച്ചുങ്കം എഞ്ചിൻ വലിപ്പവും വിലയും ഇൻഷുറൻസ് - ഫ്രെയ്റ്റ് മൂല്യവും അനുസരിച്ച് 60 മുതൽ 100 ശതമാനം വരെയാണ്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News