ഓരോ തലപ്പാവിന്റെ നിറത്തിലും റോൾസ് റോയ്‌സ്; മൊത്തം 15 എണ്ണം- റൂബൻ സിങിന്റെ കാർഭ്രമം

പോർഷെ 918 സ്‌പൈഡർ, ഫെറാറി എഫ് 12 ബർലിനെറ്റ ലിമിറ്റഡ് എഡിഷൻ, ബുഗാട്ടി വെയ്‌റോൺ, പഗാനി ഹുയാരിയ, ലംബോർഗിനി ഹുറകാന എന്നിവയും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്

Update: 2021-08-19 12:43 GMT
Editor : abs | By : Web Desk

കാറുകളിൽ ആഡംബരത്തിന്റെ മറുവാക്കാണ് റോൾസ് റോയ്‌സ്. ഒരു റോൾസ് റോയ്‌സ് സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത വാഹന പ്രേമികളുണ്ടോ? എന്നാൽ ഒന്നല്ല, കൈയിലുള്ള തലപ്പാവിന്റെ എണ്ണത്തിന് അനുസരിച്ച് റോൾസ് റോയ്‌സ് കാറുകൾ സ്വന്തമാക്കിയ ഒരിന്ത്യൻ വംശജനുണ്ട് ബ്രിട്ടനിൽ-പേര് റൂബൻ സിങ്. റൂബന്റെ ഗ്യാരേജിലുള്ളത് വിവിധ നിറത്തിലുള്ള 15 കാറുകൾ!

2017ൽ തന്റെ കൈയിലുള്ള ആറ് റോൾസ് റോയ്‌സുകൾക്കൊപ്പം നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് റൂബൻ സിങ് താരമായി മാറിയത്. അതിനു ശേഷം ഫാന്റം സെഡാൻ, മൂന്ന് കള്ളിനൻ എസ്.യു.വികൾ എന്നിവയും റൂബന്റെ ശേഖരത്തിലെത്തി. റൂബി, എമറാൾഡ്, സാപ്പിയർ നിറങ്ങളിലായിരുന്നു വാങ്ങിയ കാറുകൾ. 

Advertising
Advertising


360,000 ബ്രിട്ടീഷ് പൗണ്ട് മുടക്കിയാണ് ഫാന്റം കാറുകൾ വാങ്ങിയത്. കള്ളിനന്റെ വില 250,000 ബ്രിട്ടീഷ് പൗണ്ടും. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് വാഹനത്തിനകത്ത് വരുത്തിയ മാറ്റങ്ങളുടെ ചെലവ് ഇതിന് പുറമേയാണ്. ഇന്ത്യയിൽ റോൾസ് റോയ്‌സ് കള്ളിനന് 6.95 കോടിയാണ് വില. ഫാന്റത്തിന് 9.50 കോടിയും. ഏതാനും കള്ളിൻ എസ്.യു.വികൾ ഇന്ത്യയിലുമുണ്ട്. അതിലൊന്ന് അംബാനിയുടെ ഗ്യാരേജിലും മറ്റൊന്ന് ടി സീരിസിന്റെ ഗ്യാരേജിലുമാണ്.


യുകെ ആസ്ഥാനമായ കാൾ സെന്റർ കമ്പനി AllDayPAയുടെ സിഇഒയാണ് റൂബൻ സിങ്. തലപ്പാവണിഞ്ഞതിന്റെ പേരിൽ ഒരിക്കൽ ഇംഗ്ലീഷുകാരിൽ നിന്ന് കേൾക്കേണ്ടി വന്ന വംശീയാധിക്ഷേപമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. ഇതോടെ കൈയിലിരിക്കുന്ന തലപ്പാവിന്റെ നിറം അനുസരിച്ച് റോൾസ് റോയ്‌സ് സ്വന്തമാക്കാൻ റൂബൻ തീരുമാനിക്കുകയായിരുന്നു. റോൾസ് റോയ്‌സ് സ്വന്തമാക്കിയ വേളയിൽ തന്നെ അതേ നിറത്തിലുള്ള തലപ്പാവണിഞ്ഞ് ചിത്രങ്ങളെടുത്ത് ഇദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. 


റോൾസ് റോയ്‌സിൽ മാത്രം ഒതുങ്ങിയില്ല റൂബന്റെ വാഹനക്കമ്പം. പോർഷെ 918 സ്‌പൈഡർ, ഫെറാറി എഫ് 12 ബർലിനെറ്റ ലിമിറ്റഡ് എഡിഷൻ, ബുഗാട്ടി വെയ്‌റോൺ, പഗാനി ഹുയാരിയ, ലംബോർഗിനി ഹുറകാന എന്നിവയും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. കാറു കൊണ്ടു മാത്രമായില്ലല്ലോ, ബിസിനസ് ആവശ്യാർത്ഥം ഒരു സ്വകാര്യ ജെറ്റും റൂബൻ ഈയിടെ സ്വന്തമാക്കി.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News