ഒറ്റ ചാർജിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താം; ഞെട്ടിക്കാൻ എംജിയുടെ സെഡ് എസ് ഇവിയുടെ പുതിയ അവതാരം വരുന്നു

2022 മോഡൽ സെഡ് എസ് ഇവിക്ക് വെറും ഫേസ് ലിഫ്റ്റല്ല മറിച്ച് മേജർ അപ്‌ഡേറ്റ് തന്നെയാണ് എംജി നൽകിയിരിക്കുന്നത്.

Update: 2022-01-12 03:19 GMT
Editor : Nidhin | By : Web Desk

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതിന്റെ പ്രാക്ടിക്കബിലിറ്റിയാണ്. കുറഞ്ഞ റേഞ്ചാണ് ഇവി ഉപഭോക്താക്കൾ നേരിടുന്ന പ്രധാന വെല്ലുവിളി. അതുകൊണ്ടു തന്നെ ദീർഘ ദൂരയാത്രകൾക്ക് ഇന്നും ഇവി മികച്ച ഒരു ഓപ്ഷനല്ല. അങ്ങനെയിരിക്കുമ്പോഴാണ് അൽപ്പം കൂടി മികച്ച ഫീച്ചറുകളുമായി എംജിയുടെ ഇവി കാറായ സെഡ് എസ് ഇവി എസ്‌യുവി (MG ZS EV ) എത്തിയത്. അതുവരെയുണ്ടായിരുന്ന ഇവി കാറുകളിൽ നിന്നെല്ലാം അൽപ്പം കൂടി ഉയർന്ന റേഞ്ചായിരുന്നു വാഹനത്തിന് എംജി നൽകിയത്.

ഇപ്പോൾ സെഡ് എസ് ഇവി പുതിയ മാറ്റങ്ങളോടെ അവതരിപ്പിക്കാനൊരുങ്ങുകയാണ് എംജി. അന്താരാഷ്ട്ര മാർക്കറ്റിൽ പുതിയ സെഡ് എസ് ഇവി വന്നിട്ട് മാസങ്ങളായെങ്കിലും ഇന്ത്യയിലെത്താൻ വൈകുകയായിരുന്നു. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന 2020 മോഡൽ സെഡ് എസ് ഇവിക്ക് തന്നെ മികച്ച പ്രതികരണമാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്.

Advertising
Advertising

2022 മോഡൽ സെഡ് എസ് ഇവിക്ക് വെറും ഫേസ് ലിഫ്റ്റല്ല മറിച്ച് മേജർ അപ്‌ഡേറ്റ് തന്നെയാണ് എംജി നൽകിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ എംജിയുടെ ആസ്റ്ററിന്റെ ഡിസൈനിൽ നിന്ന് ചെറിയ മാറ്റങ്ങളോടെയാണ് സെഡ് എസ് ഇവി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലെ മോഡലിന് ലഭിക്കുന്നത് 419 കിലോ മീറ്റർ റേഞ്ചാണ്. 44.5 കിലോ വാട്ട് ബാറ്ററിക്കാണ് ഇത്രയും റേഞ്ച് ലഭിക്കുന്നത്. പുതിയ മോഡലിലേക്ക് വന്നാൽ 51 കിലോ വാട്ടിന്റെ വലിയ ബാറ്ററിയും 480 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള സെഡ് എസ് ഇവിക്ക് 317 കിലോമീറ്റർ റേഞ്ച് ഉപഭോക്താകള്‍ക്ക് ലഭിച്ചിരുന്നു. അങ്ങനെ നോക്കിയാൽ 370 കിലോ മീറ്ററെങ്കിലും പുതിയ മോഡലില് റിയൽ വേൾഡിൽ ലഭിക്കും.

എൽഇഡി ടെയിൽ ലാമ്പും ഡിആർഎല്ലും ടെയിൽ ലാമ്പും എല്ലാമടങ്ങിയ പുതിയ സെഡ് എസ് ഇവിയുടെ മുൻഭാഗത്തിന് ആസ്റ്ററുമായി എവിടെയൊക്കൊയോ സാമ്യം തോന്നും. സ്‌പോർട്ടി ഡിസൈനിൽ നിർമിച്ചിരിക്കുന്ന ഈ എസ്‌യുവിക്ക് പുതിയ ഗ്രില്ലും കമ്പനി നൽകിയിട്ടുണ്ട്.

വാഹനത്തിന് അകത്തേക്ക് വന്നാൽ ആസ്റ്ററിൽ നിന്നുള്ള ഏക വ്യത്യാസം നിറത്തിൽ മാത്രമാകാനാണ് സാധ്യത. ആസ്റ്ററിന്റെ ഏറ്റവും വലിയ സവിശേഷതയായ ഓട്ടോണമസ് ഡ്രൈവിങിനെ സഹായിക്കുന്ന അഡാസ് (ADAS) ലെവൽ 2 ഫീച്ചർ സെഡ് എസ് ഇവിയിലുണ്ടാകാൻ സാധ്യത കുറവാണ്. അതിന് പ്രധാന കാരണം ഇവി കാറുകളുടെ ഉയർന്ന വിലയാണ്. അഡാസ് കൂടി ഉൾപ്പെടുത്തിയാൽ വില ഇനിയും ഉയരും.

അടുത്ത മാസം പുതിയ എംജി സെഡ് എസ് ഇവി ഇന്ത്യയിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും നിലവിലെ മോഡലിന്റെ വില കണക്കാക്കുമ്പോൾ പുതിയ മോഡലിന് 28 ലക്ഷത്തിനടുത്ത് വില വരാനാണ് സാധ്യത.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News