2022 ൽ നിരത്തിലിറങ്ങിയത് ഒന്നരലക്ഷം ഒല ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ

ഇലക്ട്രിക് കാർ സെഗ്മെന്റിലേക്ക് കടക്കാനാണ് കമ്പനിയുടെ അടുത്ത പദ്ധതി. 2024 ൽ ഒലയുടെ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Update: 2022-12-29 14:48 GMT
Editor : Nidhin | By : Web Desk

ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡ് ബാംഗ്ലൂർ ആസ്ഥാനമായ ഒല ഇലക്ട്രിക്കാണ്. 2021 സെപ്റ്റംബറിൽ ഇന്ത്യയിൽ ആദ്യ മോഡൽ അവതരിപ്പിച്ച കമ്പനി ഇടക്കാലത്ത് ചില പ്രശ്‌നങ്ങൾ നേരിട്ടുവെങ്കിലും അതൊക്കെ പരിഹരിച്ച് ഇപ്പോൾ പുതിയ നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണ്. 2022 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഈ വർഷം മാത്രം ഒല വിറ്റത് ഒന്നര ലക്ഷത്തിനടുത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളാണ്.

ബ്ലോഗിലൂടെയാണ് ഒല ഇക്കാര്യം അറിയിച്ചത്. 2025 ഓടെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഇരുചക്രവാഹനങ്ങളും ഇലക്ട്രിക്കായിരിക്കുമെന്നും 2030 ൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ കാറുകളും ഇലക്ട്രിക്ക് ആയിരിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഒല പ്രത്യാശ പ്രകടിപ്പിച്ചു.

Advertising
Advertising

നിലവിൽ എസ്-1 എയർ, എസ്-1, എസ്-1 പ്രോ എന്നീ മോഡലുകളാണ് ഒല വിപണിയിലിറക്കിയിരിക്കുന്നത്. 84,999 നാണ് ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇലക്ട്രിക് കാർ സെഗ്മെന്റിലേക്ക് കടക്കാനാണ് കമ്പനിയുടെ അടുത്ത പദ്ധതി. 2024 ൽ ഒലയുടെ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാണിജ്യ വാഹന ഉത്പാദനമടക്കം 2027 ഓടെ പുതിയ ആറ് പ്രൊഡക്ടുകൾ ഒലയിൽ നിന്ന് വരുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു.

ലിഥിയം അയൺ ബാറ്ററി ഉത്പാദനത്തിലേക്കും കമ്പനി അടുത്തിടെ കടന്നിരുന്നു. 2023 ൽ സ്വന്തം ബാറ്ററി പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തങ്ങളുടെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാനും ഒലക്ക് പദ്ധതിയുണ്ട്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News