120 സെക്കൻഡിനുള്ളിൽ സോൾഡ് ഔട്ട്; ഇത് റോയൽ എൻഫീൽഡിന്റെ സ്വപ്‌നവാഹനം

റോയൽ എൻഫീൽഡ് 650 ട്വിൻസ് വാർഷിക എഡിഷനാണ് ചൂടപ്പം പോലെ വിറ്റു പോയത്.

Update: 2021-12-08 05:11 GMT
Editor : abs | By : Web Desk
Advertising

പേരു പോലെ തന്നെ എടുപ്പിലും നടപ്പിലും രാജകീയമാണ് റോയൽ എൻഫീൽഡ് എന്ന ഇരുചക്രവാഹനം. ഇന്ത്യൻ നിരത്തുകൾ ഓടിച്ചു കീഴടക്കിയതിന്റെ പല കഥകൾ പറയാനുണ്ട് ആ വാഹനത്തിന്. അതിൽ ഏറ്റവും ഒടുവിലത്തേതിതാ, കഴിഞ്ഞ ദിവസം സംഭവിച്ചിരിക്കുന്നു. പുറത്തിറക്കിയ സ്‌പെഷ്യൽ എഡിഷൻ വാഹനങ്ങൾ രണ്ടു മിനിറ്റിനുള്ളിൽ വിറ്റു തീർത്താണ് എൻഫീൽഡ് പുതിയ ചരിത്രത്തിലേക്ക് ഓടിക്കയറിയത്. 

റോയൽ എൻഫീൽഡ് 650 ട്വിൻസ് വാർഷിക എഡിഷനാണ് ചൂടപ്പം പോലെ വിറ്റു പോയത്. 120 യൂണിറ്റ് വാഹനമാണ് കമ്പനി നിർമിച്ചിരുന്നത്. ഇത് വിറ്റു പോയത് 120 സെക്കൻഡിലും. ഒരു സെക്കൻഡിൽ ഒരു വാഹനമെന്ന നിലയിൽ!

കമ്പനി 120 വർഷം പൂർത്തിയാക്കിയ വേളയിലാണ് 120 സ്‌പെഷ്യൽ എഡിഷൻ വാഹനങ്ങൾ പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചിരുന്നത്. റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650, ഇന്റർസെപ്റ്റർ ഐഎൻടി 650 വാഹനങ്ങളാണ് പുറത്തിറക്കിയിരുന്നത്. ഓരോന്നും അറുപത് വീതം. 


മിലാനിൽ നടന്ന ഇഐസിഎംഎ 2021 പരിപാടിയിലാണ് എൻഫീൽഡ് വാർഷിക എഡിഷൻ പ്രഖ്യാപിച്ചിരുന്നത്. ആദ്യം ബുക്കു ചെയ്യുന്നവർക്ക് ആദ്യം എന്ന നിലയിലായിരുന്നു വിൽപ്പന. മൊത്തം 480 യൂണിറ്റുകളാണ് ഈ എഡിഷൻ വാഹനങ്ങൾ കമ്പനി നിർമിച്ചത്. ഇതിൽ 120 എണ്ണമാണ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയത്. ഡിസംബർ ആറ് രാവിലെ ഏഴു മുതലായിരുന്നു വില്പന. 

അതിനിടെ, വാഹനത്തിന്റെ മൊത്ത വിൽപ്പനയിൽ രാജ്യത്ത് ഇടിവാണ് രേഖപ്പെടുത്തിയത്. 2021 നവംബറിൽ 44,830 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റത്. കഴിഞ്ഞ വർഷം നവംബറിൽ ഇത് 59,084 ആയിരുന്നു. എന്നാൽ കയറ്റുമതിയിൽ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ മാസം 6824 യൂണിറ്റ് വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 4698 യൂണിറ്റ് മാത്രമായിരുന്നു, 45 ശതമാനം വർധന. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News