ഇലക്ട്രിക് കാർ വിപണിയിൽ ടാറ്റയുടെ മേധാവിത്വം നഷ്ടമാവുന്നു; അടിച്ചുകയറി എം.ജിയും മഹിന്ദ്രയും
കഴിഞ്ഞ ഒക്ടോബറിൽ എംജി അവതരിപ്പിച്ച വിൻഡ്‌സോർ ആണ് ടാറ്റയുടെ കുത്തകയ്ക്ക് കാര്യമായ പരിക്കേൽപ്പിച്ചത്.
മുംബൈ: ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ ടാറ്റ മോട്ടോഴ്‌സിന്റെ മേധാവിത്വം നഷ്ടമാവുന്നു. 2024-ൽ ഇന്ത്യയിൽ മൊത്തം വിറ്റ ഇലക്ട്രിക് കാറുകളിൽ 61 ശതമാനവും ടാറ്റയുടേതായിരുന്നെങ്കിൽ ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കുകളിൽ ഇത് 36 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. 2024 ജനുവരി-ഏപ്രിൽ കാലയളവിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 14 ശതമാനം കുറവാണ് ഈ വർഷം ടാറ്റ ഇ.വികൾക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. എം.ജി മോട്ടോഴ്‌സ്, മഹിന്ദ്ര കമ്പനികളാണ് ടാറ്റയ്ക്ക് ശക്തമായ മത്സരമുയർത്തുന്നത്.
2024-ൽ രാജ്യത്ത് 61,435 ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് വിറ്റിരുന്നത്. തൊട്ടുമുന്നത്തെ വർഷത്തേക്കാൾ രണ്ട് ശതമാനം വർധനവാണ് ടാറ്റയുടെ വിൽപ്പനയിൽ ഉണ്ടായിരുന്നത്. രണ്ടാം സ്ഥാനത്തുള്ള എംജി മോട്ടോഴ്‌സിന്റെ വിൽപ്പന ബഹുദൂരം പിന്നിലായി 21,484 യൂണിറ്റ് ആയിരുന്നു. മഹീന്ദ്ര 7,104-ഉം ഹ്യുണ്ടായ് 2410-ഉം കിയ 41-ഉം ഇ.വികൾ കഴിഞ്ഞ വർഷം വിറ്റു.
എന്നാൽ, വിൻഡ്‌സർ ഇ.വിയുമായി എം.ജിയും ബി.ഇ പ്ലാറ്റ്‌ഫോമിലെ കാറുകളുമായി മഹിന്ദ്രയും ശക്തമായി രംഗത്തിറങ്ങിയതോടെ ടാറ്റയുടെ മേൽക്കൈ നഷ്ടമാകുന്നതിനാണ് 2025 സാക്ഷ്യം വഹിക്കുന്നത്. ഏപ്രിൽ വരെയുള്ള കണക്കുകളിൽ വിൽപ്പനയിൽ മുമ്പിൽ ടാറ്റ തന്നെയാണെങ്കിലും ആ മുൻതൂക്കം അധികമുണ്ടാകില്ലെന്നാണ് ട്രെൻഡുകൾ നൽകുന്ന സൂചന. 18,811 യൂണിറ്റ് ഇ.വി കാറുകളാണ് ടാറ്റ ഈ വർഷം വിറ്റതെങ്കിൽ 15,694 യൂണിറ്റുകളുമായി എം.ജി തൊട്ടുപിന്നാലെയുണ്ട്. കഴിഞ്ഞ വർഷം ആകെ വിറ്റ ഇലക്ട്രിക് കാറുകളേക്കാൾ കൂടുതൽ ഈ വർഷം ഇതിനകം തന്നെ വിറ്റ മഹിന്ദ്രയാണ് (7,264) മൂന്നാം സ്ഥാനത്ത്. മികച്ച വളർച്ച രേഖപ്പെടുത്തി ഹ്യുണ്ടായും (2,556) രംഗത്തുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ എംജി അവതരിപ്പിച്ച വിൻഡ്‌സോർ ആണ് ടാറ്റയുടെ കുത്തകയ്ക്ക് കാര്യമായ പരിക്കേൽപ്പിച്ചത്. തുടർച്ചയായ ഏഴ് മാസങ്ങളിൽ വിൽപ്പനയിൽ മുന്നിൽ നിന്ന വിൻഡ്‌സോർ ഈ വർഷം മാത്രം 15,694 ഉപഭോക്താക്കളുടെ കൈകളിലെത്തി. ബാറ്ററി റെന്റൽ ഓപ്ഷനോടു കൂടിയെത്തിയ വിൻഡ്‌സോർ എംജിയുടെ വിപണി വിഹിതം 28 ശതമാനമാക്കി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
രാജ്യത്തെ ഏറ്റവും ജനപ്രിയ ഇ.വി മോഡലായ ടാറ്റ നെക്‌സോൺ 2025-ൽ 10,000-നും 12,000-നും ഇടയിൽ യൂണിറ്റുകളാവും വിൽക്കുക. വർഷാവസാനത്തോടെ ടാറ്റയുടെ പഞ്ച് 5,000-6,000 യൂണിറ്റുകളും വിറ്റുപോകും എന്നാണ് പ്രവചനം. 2023-ൽ 19,000-നു മീതെയും 2024-ൽ 22,724-ഉം കാറുകൾ വിറ്റുപോയ തിയാഗോ ഇ.വിക്ക് ഈ വർഷം ആവശ്യക്കാർ കുറവാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദഗ്ധരുടെ പ്രവചനമനുസരിച്ച് 3,800-നും 5,600-നും ഇടയിലായിരിക്കും ഈ വർഷം അവസാനിക്കുമ്പോൾ തിയാഗോ ഇ.വിയുടെ വിൽപ്പന.
'ബോൺ ഇലക്ട്രിക്' (ബി.ഇ) മോഡലുകളുമായി വിപണിയെ അമ്പരപ്പിച്ച മഹിന്ദ്രയുടെ ഈ വർഷം ഏറ്റവുമധികം വിറ്റുപോയ ഇ.വി കാർ എക്‌സ്ഇവി 9ഇയും ഇ 6ഇയുമാണ്. താരതമ്യേന ഭേദപ്പെട്ട വിലയിൽ ലക്ഷ്വറി അനുഭവം സമ്മാനിക്കുന്ന മഹിന്ദ്രയുടെ ബി.ഇ വാഹനങ്ങൾ ഇന്ത്യൻ ഇ.വി വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാക്കും എന്നാണ് കരുതപ്പെടുന്നത്.