7500 കോടിയുടെ വിദേശ നിക്ഷേപം; ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഉപ കമ്പനി പ്രഖ്യാപിച്ച് ടാറ്റ

2025നുള്ളില്‍ 10 ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്ന ടാറ്റ മോട്ടോഴ്‌സിന് പുതിയ നിക്ഷേപങ്ങള്‍ മുതല്‍കൂട്ടാണ്.

Update: 2021-10-14 11:24 GMT
Editor : abs | By : Web Desk

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി  ഉപകമ്പനി തുടങ്ങാനുള്ള പദ്ധതിയുമായി ടാറ്റ മോട്ടോര്‍സ്. നെക്‌സോണ്‍ ഇവി മികച്ച വിജയം നേടിയതോടെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക ഉപകമ്പനി തുടങ്ങാന്‍ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 7500 കോടിയുടെ വിദേശ നിക്ഷേപം ലഭിച്ചതായി ടാറ്റ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അമേരിക്കന്‍ ഇന്‍വസ്റ്റ്മെന്റ് കമ്പനിയായ ടിപിജി റൈസ് ക്ലൈമറ്റും സഹ നിക്ഷേപകരായി എഡിക്യൂവും ചേര്‍ന്നാണ് 7500 കോടി രൂപ ടാറ്റ മോട്ടോര്‍സിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഉപ കമ്പനിയില്‍ മുതല്‍ മുടക്കുക. പുതിയ കമ്പനി ടാറ്റ മോട്ടോഴ്‌സിന്റെ നിലവിലുള്ള എല്ലാ നിക്ഷേപങ്ങളിലും പ്രയോജനപ്പെടുത്തുന്നതിനൊപ്പം പുതിയ ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററി ഇവി പ്ലാറ്റ്‌ഫോമുകള്‍, നൂതന ഓട്ടോമോട്ടീവ് സാങ്കേതിക വിദ്യകള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ബാറ്ററി സാങ്കേതിക വിദ്യകള്‍ എന്നിവ ഉത്തേജിപ്പിക്കാനും പുതിയ നീക്കം സഹായിക്കുമെന്ന് ടാറ്റ കരുതുന്നു.

Advertising
Advertising

2025നുള്ളില്‍ 10 ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്ന ടാറ്റ മോട്ടോഴ്‌സിന് പുതിയ നിക്ഷേപങ്ങള്‍ മുതല്‍കൂട്ടാണ്. നിക്ഷേപത്തിന്റെ ആദ്യ ഘട്ടം 2022 മാര്‍ച്ചോടെയും രണ്ടാം ഘട്ടം പിന്നീടുള്ള വര്‍ഷങ്ങളിലും പൂര്‍ത്തിയാക്കും.

കഴിഞ്ഞ വര്‍ഷമാണ് ടാറ്റ നെക്‌സോണ്‍ ഇവി വിപണിയിലെത്തിച്ചത്. 7000 യൂണിറ്റുകള്‍ ഇതിനകം തന്നെ വിറ്റഴിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള ഇലക്ട്രിക് വാഹനമാണിത്. നെക്‌സോണിന്റെ വിജയത്തെ തുടര്‍ന്ന് ടിഗോര്‍ ഇവിയും ടാറ്റ മോട്ടേഴ്‌സ് അടുത്തിടെ വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നു. 10000 ചാര്‍ജിങ് സ്റ്റേഷനുകളും രാജ്യത്തുടനീളം ടാറ്റ സ്ഥാപിക്കുന്നുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News