കുതിച്ചുകയറി ടാറ്റയുടെ ഓഹരി വില; ഒരൊറ്റ ആഴ്ചയിൽ 48 ശതമാനം വളർച്ച

സഹനിക്ഷേപകരായ എ.ഡി.ക്യൂവിനൊപ്പം ടി.പി.ജി റൈസ് ക്ലൈമറ്റിൽ നിന്ന് 7,500 കോടി സമാഹരിക്കാൻ തീരുമാനിച്ചതോടെയാണ് ടാറ്റയുടെ ഓഹരി വില കൂടിയത്

Update: 2021-10-16 13:39 GMT
Advertising

ഒരൊറ്റ ആഴ്ചയിൽ 48 ശതമാനം വളർച്ചയുമായി ടാറ്റാ മോട്ടോർസിന്റെ ഓഹരി വില കുതിച്ചുകയറി. കഴിഞ്ഞ ബുധനാഴ്ച ബോംബേ സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ഓഹരി വില 530 രൂപയിലെത്തി. 52 ആഴ്ചക്കിടയിലെ ഏറ്റവും വലിയ ഉയർച്ചയാണ് ടാറ്റാ മോട്ടോർസ് നേടിയിരിക്കുന്നത്. ബുധനാഴ്ച മാത്രം 20 ശതമാനമാണ് വളർച്ച. 18,000 കോടി രൂപക്കാണ് ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തത്. എന്നാൽ ഈ മാസം ടാറ്റാ ഓഹരികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടിയിലേറെ വർധിച്ചിരിക്കുകയാണ്. എയർഇന്ത്യയെ ഏറ്റെടുത്തതടക്കമുള്ള പോസിറ്റീവ് വാർത്തകൾ ടാറ്റക്ക് ഗുണകരമാവുകയാണ്. സഹനിക്ഷേപകരായ എ.ഡി.ക്യൂവിനൊപ്പം ടി.പി.ജി റൈസ് ക്ലൈമറ്റിൽ നിന്ന് 7,500 കോടി സമാഹരിക്കാൻ തീരുമാനിച്ചതും ടാറ്റയുടെ ഓഹരി വില കൂടാനിടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചകളായി ഓഹരിവിപണിയിൽ മിന്നും പ്രകടനമാണ് ടാറ്റാ ഓഹരികളിലുള്ളത്. ഒക്‌ടോബറിൽ 53 ശതമാനം വർധനവാണ് ടാറ്റാ മോട്ടോർസ് ഓഹരിയിലുണ്ടയത്. ടാറ്റാ ഗ്രൂപ്പിന്റെ ഓഹരിവിലയിൽ 1.25 ലക്ഷം കോടിയുടെ വർധനവുമുണ്ടായി. ഈ നേട്ടത്തിന്റെ പകുതിയും ടാറ്റാ മോട്ടോഴ്‌സിന്റെ സംഭാവനയാണ്. കഴിഞ്ഞ ബുധനാഴ്ച ബി.എസ്.ഇയുടെ വിപണി മൂല്യത്തിലുണ്ടായ 2.5 ലക്ഷം കോടി രൂപയുടെ വർധനവിലും ടാറ്റയുടെ വലിയ പങ്കുണ്ട്. ഇതിൽ 62,000 കോടിയാണ് ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ നിന്ന് വന്നത്.

ടി.പി.ജി റൈസ് ക്ലൈമറ്റ് ടാറ്റയുടെ ഇലക്‌ട്രോണിക് വാഹന നിർമാണ സംരഭത്തിലാണ് നിക്ഷേപം നടത്തുന്നത്. വാണിജ്യ വാഹനങ്ങളും ഗ്യാസോലിൻ കാറുകളും എസ്.യു.വികളും നിർമിക്കുന്ന കമ്പനി 10 തരം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഈ തിരുമാനം രാജ്യത്തെ പ്രധാന വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോർസിനെ ഇലക്ട്രിക് വാഹന രംഗത്തും വൻശക്തിയാക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News