'ഹെലിപാഡ്,നീന്തൽകുളം,75 ലധികം സീറ്റ്'; തള്ളല്ല, ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറിന് പ്രത്യേകതകൾ ഇനിയുമേറെയുണ്ട്

60 അടി നീളമായിരുന്നു കാറിന് ആദ്യമുണ്ടായിരുന്നത്. പിന്നീടാണ് 100 അടിയിലേക്ക് നീളം വികസിപ്പിച്ചത്

Update: 2025-08-04 07:00 GMT
Editor : Lissy P | By : Web Desk

വാഷിങ്ടൺ: കാറെന്ന് പറഞ്ഞാൽ ഇതൊക്കെയാണ് കാറ്.നീന്തൽക്കുളവും ഹെലിപാഡും ഗോൾഫ് കോഴ്‌സുമെല്ലാമുള്ള ഒരു കാർ. 75 സീറ്റ്,വിവാഹമടക്കമുള്ള പാര്‍ട്ടികള്‍ നടത്താനുള്ള സൗകര്യം ..കേൾക്കുമ്പോൾ തള്ളാണെന്നെല്ലാം തോന്നാം..പക്ഷേ സംഭവം സത്യമാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറായ 'ദി അമേരിക്കൻ ഡ്രീം' കാറിന്റെ പ്രത്യേകതകളിൽ ഏതാനും ചിലത് മാത്രമാണിത്. 

100 അടിയും 1.5 ഇഞ്ച് നീളവുമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറാണ് 'അമേരിക്കൻ ഡ്രീം'. 1986 ൽ കാലിഫോർണിയയിൽ നിന്നുള്ള പ്രശസ്ത കസ്റ്റം കാർ ഡിസൈനറായ ജെയ് ഓർബർഗ് ആണ് ഇത് ആദ്യം നിർമ്മിച്ചത്. തുടക്കത്തിൽ, കാറിന് 60 അടി നീളമുണ്ടായിരുന്നു.പിന്നീടാണ് 100 അടിയിലേക്ക് കാറിന്റെ നീളം വികസിപ്പിച്ചത്. ഇതോടെ ലോകത്തെ ഏറ്റവും നീളം കൂടിയ കാറെന്ന ഗിന്നസ് വേൾഡ് റെക്കോർഡും 'അമേരിക്കൻ ഡ്രീം 'സ്വന്തം പേരിലാക്കി.

Advertising
Advertising

26 ചക്രങ്ങളാണ് ഇതിനുള്ളത്. മുന്നിലും പിന്നിലുമായി രണ്ട് v8 എഞ്ചിനുകൾ, ഒരു നീന്തൽക്കുളം, ഡൈവിംഗ് ബോർഡ്, വാട്ടർബെഡ്, ബാത്ത് ടബ്, മിനി-ഗോൾഫ് കോഴ്സ്, ഒരു ഹെലിപാഡ് എന്നിവയും ഈ ഭീമൻ കാറിലൊരുക്കിയിട്ടുണ്ട്.പേരിനൊരു ഹെലിപാഡാണ് ഒരുക്കിയതെന്ന് കരുതിയതെങ്കിൽ തെറ്റി. 5,000 പൗണ്ട് ഭാരം വഹിക്കാൻ കഴിയുന്ന ഹെലിപാഡാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

ഒരേ സമയം 75ലധികം യാത്രക്കാർക്ക് ഇരിക്കാൻ കഴിയും. വിവാഹങ്ങളോ,മറ്റ് ആഘോഷങ്ങളുടെ പാർട്ടികൾക്കോ അനുയോജ്യമായ രീതിയിലാണ് സീറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. കാറിന്റെ കാബിനിൽ ടെലിവിഷൻ സെറ്റുകൾ,റഫ്രിജറേറ്റർ, ടെലിഫോൺ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. നിലവിൽ ഫ്‌ളോറിഡയിലെ ഒർലാൻഡോയിലുള്ള ഡെസർലാൻഡ് പാർക്ക് കാർ മ്യൂസിയത്തിലാണ് ലോകത്തിലെ ഏറ്റവും നീളമേറിയ കാറുള്ളത്. കാർ മ്യൂസിയത്തിന്റെ ഉടമയായ മൈക്കൽ ഡെസർ ആണ് 'ദി അമേരിക്കൻ ഡ്രീമിന്റെ' ഇപ്പോഴുള്ള നിലയിലേക്ക് മാറ്റിയെടുത്തത്.. രണ്ടര വർഷം കൊണ്ട് ഏകദേശം 250,000 യുഎസ് ഡോളർ ചിലവാക്കിയതാണ് ഈ കാണുന്ന രീതിയിലേക്ക് കാർ നിർമിച്ചെടുത്തത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News