ബുക്ക് ചെയ്യാൻ തന്നെ പത്ത് ലക്ഷം നൽകണം; ടൊയോട്ട ലാൻഡ് ക്രൂയിസർ 300 ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു

ഔദ്യോഗിക ബുക്കിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചില സ്വകാര്യവ്യക്തികൾ സ്വന്തം നിലയിൽ വിദേശത്ത് നിന്ന് എൽസി 300 ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.

Update: 2022-08-22 15:25 GMT
Editor : Nidhin | By : Web Desk
Advertising

ലോകത്താകമാനമുള്ള ടൊയോട്ട ആരാധകരുടെ ഹൃദയത്തിൽ എന്നും ഇടമുള്ള വാഹനമാണ് ലാൻഡ് ക്രൂയിസർ. ലാൻഡ് ക്രൂയിസറിന്റെ ഏറ്റവും പുതിയ മോഡലായ എൽസി 300 (LC 300) ന് വേണ്ടിയുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷം ഒന്നായിരിക്കുന്നു. ഇപ്പോൾ ലാൻഡ് ക്രൂയിസർ 300 ന്റെ ഇന്ത്യയിലെ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചിരിക്കുകയാണ് ടൊയോട്ട. ഷോറൂമുകൾ വഴി 10 ലക്ഷം രൂപ കൊടുത്ത് എൽസി 300 ബുക്ക് ചെയ്യാൻ സാധിക്കും.

ആഗോള മാർക്കറ്റിൽ 2021 ലാണ് എൽസി 300 ടൊയോട്ട പുറത്തിറക്കിയത്. വൻ പ്രതികരണമാണ് ഈ ആഡംബര എസ്.യു.വിക്ക് വിദേശ രാജ്യങ്ങളിൽ ലഭിച്ചത്. ഇതോടെ ചില രാജ്യങ്ങളിൽ വാഹനം ബുക്ക് ചെയ്ത് കൈയിൽ കിട്ടാനുള്ള വെയിറ്റിങ് പിരീഡ് മൂന്ന് വർഷം ഉയർന്നു. എന്നാൽ ഇന്ത്യയിൽ വെയിറ്റിങ് പിരീഡ് ഒരു വർഷം മാത്രമേ ഉണ്ടാകുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എൽസി 200 (LC 200) പോലെ പൂർണമായും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്താണ് എൽസി 300 ഉം ഇന്ത്യയിൽ ലഭ്യമാകുക.

ഔദ്യോഗിക ബുക്കിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചില സ്വകാര്യവ്യക്തികൾ സ്വന്തം നിലയിൽ വിദേശത്ത് നിന്ന് എൽസി 300 ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. ബുക്കിങ് ആരംഭിച്ചതോടെ ടൊയോട്ടയുടെ ഇന്ത്യയിലെ ഫ്‌ലാഗ്ഷിപ്പ് മോഡലായി മാറിയിരിക്കുകയാണ് എൽസി 300. ഡിസൈനിൽ പൂർണമായും ടിപ്പിക്കൽ ലാൻഡ് ക്രൂയിസർ തന്നെയാണ് എൽസി 300. ലാൻഡ് ക്രൂയിസറിന്റെ കനപ്പെട്ട ഗ്രിൽ ചെറിയ മാറ്റങ്ങളോടെ തുടരുന്നുണ്ട്. ഹെഡ് ലാമ്പിലും ചെറിയ വ്യത്യാസങ്ങളുണ്ട്. ടെയിൽ ലാമ്പ് ഡിസൈനിലും ചെറിയ മാറ്റങ്ങൾ മാത്രമാണ് വന്നിരിക്കുന്നത്.

 

ഇന്റീരിയറിൽ തീർത്തും പുതുതായ 12.3 ഇഞ്ച് ഇൻഫോർടെയ്ൻമെന്റ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. ജെബിഎല്ലിന്റെ 14 സ്പീക്കറുകളാണ് വാഹനത്തിന്റെ ശബ്ദസംവിധാനത്തെ മനോഹരമാക്കുന്നത്. ആഗോള മാർക്കറ്റിൽ 7 സീറ്റർ ഓപ്ഷൻ ലഭ്യമാണെങ്കിലും ഇന്ത്യയിൽ 5 സീറ്റർ ഓപ്ഷൻ മാത്രമായിരിക്കും ലഭ്യമാകുക.

 

ആഗോള മാർക്കറ്റിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് എൽസി 300 നുള്ളത്. 3.5 ലിറ്റർ ട്വിൻ ടർബോ പെട്രോൾ വി6 എഞ്ചിനും (ഇതിന് 409 എച്ച്പി പവർ ഉത്പാദിപ്പിക്കാൻ സാധിക്കും) 305 എച്ച്പി കരുത്തുള്ള 3.3 ലിറ്റർ ഡീസൽ എഞ്ചിനാണ് മറ്റൊന്ന്. രണ്ടിനും പത്ത് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സാണ് ലഭ്യമാകുക. ഇന്ത്യയിൽ ഡീസൽ എഞ്ചിൻ മാത്രമായിരിക്കും ലഭ്യമാകുക.

230 എംഎം ഗ്രൗണ്ട് ക്ലിയറൻസുള്ള എൽസി 300 ന് 32 ഡിഗ്രി അപ്രോച്ച് ആംഗിളും 26.5 ഡിഗ്രി ഡിപാർച്ചർ ആംഗിളുമാണുള്ളത്. 4X4 എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡാണ്. അണ്ടർ ബോഡി ക്യാമറയുള്ള ഈ മോഡലിന് മൾട്ടി ടെറൈൻ മോണിറ്റർ സിസ്റ്റവുമുണ്ട്.

എൽസി 300 ന്റെ വില ഇതുവരെ ടൊയോട്ട പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും രണ്ടു കോടിക്കടുത്താണ് വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത്. ബുക്കിങ് ആരംഭിച്ചെങ്കിലും വാഹനം ഇന്ത്യയിലെത്താൻ രണ്ട് മാസമെങ്കിലും എടുക്കുമെന്നാണ് സൂചന.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News