ഒരേ ആളുകൾ വേണ്ട, അതിന്റെ ദുരനുഭവം ബംഗാളിൽ നേരിട്ടു: കോടിയേരി ബാലകൃഷ്ണൻ
"പുതിയ തലമുറയെ കൊണ്ടുവരണമെങ്കിൽ നിയമസഭയിൽ രണ്ടു ടേം പൂർത്തിയാക്കിയവരെ ഒഴിവാക്കണം"
ഒരേ ആളുകൾ ഒരേ മണ്ഡലത്തിൽ ഏറെക്കാലം മത്സരിച്ചതിന്റെ അനുഭവങ്ങൾ ബംഗാളിൽ നേരിട്ടെന്ന് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതു കൊണ്ടാണ് എംഎൽഎമാർക്ക് ടേം നിശ്ചയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ജയിക്കുന്നത് അയോഗ്യതയായി കാണാനാകില്ല. അത് അവർക്ക് ലഭിക്കുന്ന അംഗീകാരമാണ്. എന്നാൽ രണ്ടു ടേം ജയിച്ചവർക്ക് ഒരു ടേം കൂടി കൊടുക്കുമ്പോൾ അത് മൂന്നായി. പിന്നെ നാലും അഞ്ചുമായി. അപ്പോൾ വേറെ ആർക്കും അവസരം കിട്ടില്ല. ഇതാണ് കോൺഗ്രസ് നേരിടുന്ന അവസ്ഥ. ഈയവസ്ഥ ഞങ്ങൾ ബംഗാളിലും നേരിട്ടു- മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ കോടിയേരി പറഞ്ഞു.
ഒരേ ആളുകൾ തുടരുന്നത് ചില സ്ഥലത്ത് ഗുണം ചെയ്യുമെന്ന് പറഞ്ഞ കോടിയേരി പൊതുവായ തീരുമാനമാണ് പാർട്ടി എടുക്കേണ്ടി വരികയെന്ന് ചൂണ്ടിക്കാട്ടി. ഇടതുപക്ഷ ഭരണത്തിനാണ് തുടർച്ച വേണ്ടത്. മന്ത്രിമാരോ എംഎൽഎമാരോ അതേപടി തുടരുക എന്നല്ല അതിന്റെ അർത്ഥം. പുതിയ ടീമിലും വിവിധ കഴിവുള്ളവർ ഉണ്ടാകും- അദ്ദേഹം പറഞ്ഞു.
പുതിയ തലമുറയെ കൊണ്ടുവരണമെങ്കിൽ നിയമസഭയിൽ രണ്ടു ടേം പൂർത്തിയാക്കിയവരെ ഒഴിവാക്കണം. അക്കാര്യത്തിൽ ആർക്കും ഇളവു കൊടുക്കാൻ സാധിക്കില്ല. സംസ്ഥാന കമ്മിറ്റിയുടെ ഇതുസംബന്ധിച്ച മാർഗനിർദേശം സെക്രട്ടറിയേറ്റും കമ്മിറ്റിയും ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം നടപ്പാക്കാൻ കർശനമായി തീരുമാനിച്ചത്- കോടിയേരി വെളിപ്പെടുത്തി.
രാജ്യത്തെ ഇടതുപക്ഷ മുന്നേറ്റത്തിനും മതനിരപേക്ഷത സംരക്ഷിക്കാനും കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വന്നേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.