സി.പി.എമ്മില്‍ നിന്നും രാജിവെച്ച നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവർഗിയയില്‍ നിന്നാണ് ശങ്കര്‍ ഘോഷ് ബിജെപി അംഗത്വം സ്വീകരിച്ചത്
പശ്ചിമ ബംഗാളില്‍ മുന്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട സി.പി.ഐ.എം യുവനേതാവ് ശങ്കര്‍ ഘോഷ് ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ച്ച സിലിഗുരിയില്‍ വെച്ച് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവർഗിയയില്‍ നിന്നാണ് ശങ്കര്‍ ഘോഷ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഡാര്‍ജിലിംഗ് എം.പി രാജു ബിസ്റ്റ പരിപാടിയില്‍ സന്നിഹിതനായിരുന്നു.
ഡാര്‍ജിലിംഗ് ജില്ലാ സി.പി.ഐ.എം സെക്രട്ടേറിയറ്റ് മെമ്പര്‍ ആയിരുന്ന ശങ്കര്‍ ഘോഷ് സിലിഗുരി മുന്‍സിപല്‍ കോര്‍പ്പറേഷന്‍ ബോര്‍ഡ് മെമ്പര്‍ കൂടിയായിരുന്നു. പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് ആരോപിച്ച ശങ്കര്‍ ഘോഷ് ബുധനാഴ്ച്ചയാണ് പാര്‍ട്ടി അംഗത്വം രാജിവെച്ചത്. പാര്‍ട്ടി സെക്രട്ടറി ജിബന്‍ സര്‍ക്കാരിനാണ് ഇദ്ദേഹം രാജി കത്ത് അയച്ചത്. രാജി കത്ത് അയച്ചതിന് തൊട്ടുപിന്നാലെ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സി.പി.ഐ.എം പുറത്താക്കുകയും ചെയ്തിരുന്നു.
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലായി മാര്‍ച്ച് 27 മുതല്‍ ആണ് ആരംഭിക്കുന്നത്. ഏപ്രില്‍ 29നാണ് അവസാന ഘട്ട തെരഞ്ഞെടുപ്പ്. മെയ് 2ന് വോട്ടെണ്ണലും നടക്കും.