മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌ക് അഴിപ്പിക്കാൻ ശ്രമം; പറ്റില്ലെന്ന് മാധ്യമപ്രവർത്തകർ
ജൻഡർപാർക്ക് ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയ വൺ സംഘത്തിനും ഈയനുഭവമുണ്ടായി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വെള്ളിമാട്കുന്ന് ജൻഡർ പാർക്ക് ഉദ്ഘാടനത്തിൽ കറുത്ത മാസ്‌കിന് 'അപ്രഖ്യാപിത' വിലക്ക്. കറുത്ത മാസ്‌ക് ധരിച്ച മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരോട് സുരക്ഷാ ഉദ്യോഗസ്ഥർ അതഴിക്കാൻ ആവശ്യപ്പെട്ടു.
ജൻഡർപാർക്ക് ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയ വൺ സംഘത്തിനും ഈയനുഭവമുണ്ടായി. കറുത്ത മാസ്‌ക് ധരിച്ച ക്യാമറാമാൻ അതീന്ദർ ജിത്തുവിനോട് സുരക്ഷാ ഉദ്യോഗസ്ഥർ മാസ്‌ക് അഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പകരം മാസ്‌ക് നൽകാമെന്നും ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു. എന്നാൽ മാധ്യമപ്രവർത്തകർ അതിനു തയ്യാറായില്ല.
രണ്ട് പരിശോധനാ ഗേറ്റുകളിൽ നിന്ന് ഇത്തരത്തിൽ അനുഭവമുണ്ടായി. കറുത്ത മാസ്‌ക് ധരിച്ചു തന്നെയാണ് മാധ്യമസംഘം അകത്തേക്ക് പ്രവേശിച്ചത്.
അതിനിടെ, കറുത്ത മാസ്‌കിന് വിലക്കുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അങ്ങനെ ഒരു നിർദേശം ആരും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.