ആ ചോദ്യം പിന്‍വലിക്കണം; ചീഫ് ജസ്റ്റിസിന് ബൃന്ദ കാരാട്ടിന്‍റെ കത്ത്
ബലാത്സംഗം ചെയ്ത ശേഷം ഇരയെ വിവാഹം ചെയ്യാമെന്ന ഉറപ്പുനല്‍കിയാല്‍ ശിക്ഷിക്കപ്പെടില്ലെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിന്‍റെ പരാമര്‍ശം നല്‍കുന്നതെന്ന് ബൃന്ദ കാരാട്ട്
ബലാത്സംഗ കേസിലെ പ്രതിയോട് ഇരയെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെക്ക് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് കത്ത് അയച്ചു. ചീഫ് ജസ്റ്റിസിന്‍റെ ചോദ്യവും പരാമര്‍ശവും പിന്‍വലിക്കണം എന്നതാണ് കത്തിലെ ആവശ്യം. പോക്സോ കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിന്‍റെ വിധി ശരിവെയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
16 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെയാണ് ആ ക്രിമിനല്‍ ബലാത്സംഗം ചെയ്തത്. 12 തവണ ആ പെണ്‍കുട്ടിയെ അയാള്‍ പീഡിപ്പിച്ചു. ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. അതുകൊണ്ടുതന്നെ ആ ബന്ധം കുട്ടിയുടെ സമ്മതത്തോടെയായിരുന്നുവെന്ന് എങ്ങനെ പറയാന്‍ കഴിയും? അല്ലെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം സമ്മതം എന്നതിന് ഒരു പ്രസക്തിയുമില്ല.ബൃന്ദ കാരാട്ട്
18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം പോക്സോ വകുപ്പിലാണ് വരിക എന്നതിനാല്‍ കൂടുതല്‍ ഗുരുതരമായ കുറ്റമാണത്. അത്തരമൊരു കേസിലാണ് ഇരയെ വിവാഹം ചെയ്യാന്‍ തയ്യാറാണെങ്കില്‍ കോടതിക്ക് സഹായിക്കാന്‍ പറ്റും, അല്ലെങ്കില്‍ ജോലി പോകും ജയിലില്‍ പോകേണ്ടിയും വരുമെന്ന് കോടതി പ്രതിയോട് പറഞ്ഞത്.
ബലാത്സംഗം ചെയ്ത ശേഷം ഇരയെ വിവാഹം ചെയ്യാമെന്ന (ആ പെണ്‍കുട്ടിക്ക് താത്പര്യമുണ്ടായാലും ഇല്ലെങ്കിലും) ഉറപ്പുനല്‍കിയാല്‍ ശിക്ഷിക്കപ്പെടില്ലെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിന്‍റെ പരാമര്‍ശം നല്‍കുന്നതെന്ന് ബൃന്ദ കാരാട്ട് വിമര്‍ശിച്ചു. ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ മാനസികാവസ്ഥ കൂടി ചീഫ് ജസ്റ്റിസ് പരിഗണിക്കണം. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീയെ മോശം സ്ത്രീ ആയാണ് സമൂഹം കാണുന്നത്. പീഡിപ്പിച്ചയാള്‍ തന്നെ ആ സ്ത്രീയെ വിവാഹം ചെയ്താല്‍ സമൂഹത്തിന്‍റെ സ്വീകാര്യത ലഭിക്കുന്നു. ഇത്തരം തെറ്റായ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് കോടതിയുടെ പരാമര്‍ശം. ബലാത്സംഗ കേസുകളില്‍ അനുഭാവപൂര്‍വം പരിഗണിക്കേണ്ടത് ഇരകളെയാണെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
ये à¤à¥€ पà¥�ें- 'ബലാത്സംഗം ചെയ്തവനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടോയെന്നോ?' തപ്സി പന്നു
കോടതിയുടേത് വിചിത്ര പരാമര്‍ശം
മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രതി. 16 വയസ്സുള്ള വിദ്യാര്‍ഥിനിയായ അകന്ന ബന്ധുവിനെ ബലാത്സംഗം ചെയ്തു എന്നാണ് ഇയാള്‍ക്കെതിരായ പരാതി. പ്രതിയോട് സുപ്രീംകോടതി പറഞ്ഞതിങ്ങനെ-
"പരാതിക്കാരിയെ വിവാഹം ചെയ്യുമെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ഇല്ലെങ്കില്‍ നിങ്ങളുടെ ജോലി നഷ്ടപ്പെടും. ജയിലില്‍ പോകേണ്ടിയും വരും. ഒരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് നിങ്ങള്‍ ബലാത്സംഗം ചെയ്തിരിക്കുന്നു".
പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞത് ഇയാളുടെ മാതാവ് വിവാഹ വാഗ്ദാനവുമായി പെണ്‍കുട്ടിയെ സമീപിച്ചിരുന്നുവെന്നാണ്. പെണ്‍കുട്ടി അപ്പോള്‍ നിരസിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് 18 വയസ്സാകുമ്പോള്‍ വിവാഹം നടത്താമെന്ന് തീരുമാനിച്ചു. എന്നാല്‍ പെണ്‍കുട്ടിക്ക് 18 വയസ്സായപ്പോള്‍ വിവാഹം ചെയ്യാന്‍ പ്രതി വിസമ്മതിച്ചു. പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബലാത്സംഗ പരാതി നല്‍കിയതെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കോടതിയുടെ മറുപടിയിങ്ങനെ- "ഇരയെ വിവാഹം ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുകയല്ല. നിങ്ങളതിന് തയ്യാറാണോ എന്ന് അറിയിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ പറയും കല്യാണം കഴിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിച്ചെന്ന്".. താന്‍ മറ്റൊരാളെ വിവാഹം ചെയ്തെന്നായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് കോടതി സ്റ്റേ ചെയ്തു. അതിനിടെ ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.
ये à¤à¥€ पà¥�ें- ഭാര്യ ഭർത്താവിന്റെ സ്വത്തല്ല, കൂടെ ജീവിക്കണമെന്ന് നിർബന്ധിക്കാനാകില്ല: സുപ്രിംകോടതി
പ്രതി ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി
വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയുടെ കൈകാലുകള്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. സംഭവം പുറത്തുപറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി 12 തവണ ഇയാള്‍ ബലാത്സംഗം ചെയ്തെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് വീട്ടുകാര്‍ ഇക്കാര്യം അറിഞ്ഞത്. പൊലീസില്‍ പരാതിപ്പെടാന്‍ കുടുംബം തീരുമാനിച്ചതോടെ പ്രതിയുടെ അമ്മ വീട്ടിലെത്തി പെണ്‍കുട്ടിക്ക് 18 വയസ്സാകുമ്പോള്‍ മകനുമായുള്ള വിവാഹം നടത്താമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.
അതിനിടെ പ്രതിയുടെ അമ്മ, പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പമായിരുന്നുവെന്നും പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധമാണ് ഉണ്ടായതെന്നും സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ടുവാങ്ങി. പെണ്‍കുട്ടിയുടെ അമ്മയുടെ ഒപ്പാണ് വാങ്ങിയത്. എന്താണ് സ്റ്റാമ്പ് പേപ്പറില്‍ എഴുതിയിരിക്കുന്നതെന്ന് അറിയാതെ ഒപ്പിട്ട് നല്‍കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ നിരക്ഷരയായ അമ്മ പറഞ്ഞു.
സെഷന്‍സ് കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി. പെണ്‍കുട്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് കോടതി ഉത്തരവിട്ടു. തുടര്‍ന്ന് പ്രതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് സുപ്രീംകോടതി വിചിത്ര പരാമര്‍ശം നടത്തിയത്.