ബഹിരാകാശ ഡേറ്റാ വിനിമയത്തില്‍ ലേസര്‍ വിപ്ലവം സൃഷ്ടിക്കാന്‍ മലയാളിയുടെ 'ഖ്വോസ്മിക്
കേവലം ഭൗമനിരീക്ഷണത്തിനപ്പുറം, ബഹിരാകാശത്ത് വരാനിരിക്കുന്ന 'ഓര്‍ബിറ്റല്‍ ഡാറ്റാ സെന്ററുകള്‍ക്കും' ഈ സാങ്കേതികവിദ്യ കരുത്തേകും
ബെംഗളൂരു: ബഹിരാകാശത്തുനിന്നും ഭൂമിയിലേക്കുള്ള ഡാറ്റാ കൈമാറ്റം അതിവേഗത്തിലാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള സ്പേസ്-ടെക് സ്റ്റാർട്ടപ്പായ 'ക്വോസ്മിക്' (QOSMIC) 3.3 ദശലക്ഷം ഡോളറിന്റെ (ഏകദേശം 32 കോടി രൂപ) വിദേശ ഫണ്ടിംഗ് സ്വന്തമാക്കി. 2025-ൽ ആരംഭിച്ച ഈ ഡീപ്-ടെക് കമ്പനിയുടെ നേതൃനിരയിൽ ശ്രദ്ധേയമായൊരു മലയാളി സാന്നിധ്യവുമുണ്ട്. ക്വോസ്മിക്കിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ (CTO) ഡോ. രോഹിത് രാമകൃഷ്ണനാണ് കമ്പനിയുടെ സാങ്കേതിക മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) സെന്റർ ഫോർ ഹൈ എനർജി ഫിസിക്സിൽ രാമൻ പോസ്റ്റ്-ഡോക്ടറൽ ഫെലോ ആയിരുന്നു അദ്ദേഹം. ക്വാണ്ടം കമ്പ്യൂട്ടർ സയന്റിസ്റ്റും ക്വാണ്ടം കമ്മ്യൂണിക്കേഷൻ എഞ്ചിനീയറുമായ രോഹിത്, സിംഗപ്പൂരിലെ ലോകത്തെ ആദ്യത്തെ ക്വാണ്ടം സാറ്റലൈറ്റ് ടീമിൽ തുടക്കകാലത്ത് പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. രോഹിത് രാമകൃഷ്ണനെ കൂടാതെ ശ്രേയാൻസ് ജെയിൻ (CEO), IISc-യിലെ പ്രൊഫ. അലോക് കുമാർ എന്നിവരാണ് മറ്റ് സഹസ്ഥാപകർ. സ്ഥാപകനും CEO യുമായ ശ്രേയാൻസ് ജെയിൻ യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് ഇലനോയ് (Univerity of Illinois, Urbana-Champaign)ലെ പൂർവ വിദ്യാർത്ഥിയാണ്. പ്രൊഫ. അലോക് IISc-യിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസറാണ്. ബഹിരാകാശരംഗത്ത് ശ്രദ്ധേയമായ നിരവധി സംഭാവനകൾ നടത്തിയിട്ടുള്ള അലോകിന്റെ ലാബിലെ സ്റ്റുഡന്റ്സ് ആണ് ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ.
നിലവിൽ കൃത്രിമോപഗ്രഹങ്ങളിൽ നിന്ന് ഭൂമിയിലേക്ക് വിവരങ്ങൾ അയക്കാൻ റേഡിയോ ഫ്രീക്വൻസി (RF) സംവിധാനമാണ് ഉപയോഗിക്കുന്നത്. ഉയർന്ന റെസല്യൂഷനുള്ള ഭൗമ നിരീക്ഷണ സാറ്റലൈറ്റുകൾ പ്രതിദിനം 1 മുതൽ 2 ടെറാബൈറ്റ് (TB) വരെ ഡാറ്റയാണ് സൃഷ്ടിക്കുന്നത്. എന്നാൽ ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് വിവരങ്ങൾ കൈമാറാൻ ലഭിക്കുന്ന സമയം വളരെ കുറവായതിനാൽ, ശേഖരിക്കുന്ന വിവരങ്ങളുടെ മൂന്നിൽ രണ്ടു ഭാഗവും (2/3) ഭൂമിയിൽ എത്തുന്നതിനുമുമ്പ് തന്നെ സാറ്റലൈറ്റുകളിൽ നിന്ന് മാഞ്ഞുപോവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു, അല്ലെങ്കിൽ ബഹിരാകാശത്ത് തന്നെ store ചെയ്യണം. ഇതിനൊരു പരിഹാരമായി, ഒപ്റ്റിക്കൽ ഗ്രൗണ്ട് സ്റ്റേഷനുകളും ലേസർ സാറ്റലൈറ്റ് ടെർമിനലുകളും ഉപയോഗിച്ച് ലേസർ വഴി (Optical highway) അതിവേഗത്തിലും സുരക്ഷിതമായും ഡാറ്റ ഭൂമിയിൽ എത്തിക്കുന്ന സംവിധാനമാണ് ക്വോസ്മിക് വികസിപ്പിക്കുന്നത്. സെക്കൻഡിൽ 10 ജിഗാബിറ്റിന് മുകളിൽ (Gbps) വരെ വേഗതയിൽ കുറഞ്ഞ ചിലവിൽ ഡാറ്റാ കൈമാറ്റം സാധ്യമാക്കാൻ ഇതിലൂടെ കഴിയും.
കേവലം ഭൗമനിരീക്ഷണത്തിനപ്പുറം, ബഹിരാകാശത്ത് വരാനിരിക്കുന്ന 'ഓർബിറ്റൽ ഡാറ്റാ സെന്ററുകൾക്കും' ഈ സാങ്കേതികവിദ്യ കരുത്തേകും. സ്പേസ് എക്സ് (SpaceX), എൻവിഡിയ (Nvidia) തുടങ്ങിയ വമ്പൻ കമ്പനികൾ ബഹിരാകാശത്ത് നിർമ്മിത ബുദ്ധി (AI) കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ, അവിടെ നിന്നുള്ള വലിയ തോതിലുള്ള ഡാറ്റാ കൈമാറ്റത്തിന് ഇത്തരം ലേസർ സംവിധാനങ്ങൾ അനിവാര്യമായി മാറും.
എന്നാൽ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് ചില വെല്ലുവിളികളുമുണ്ട്. ഗാലക്സിഐ (GalaxEye) എന്ന മറ്റൊരു സ്പേസ്ടെക് സ്റ്റാർട്ടപ്പിന്റെ സിഇഒ ആയ സുയാഷ് സിംഗ് ചൂണ്ടിക്കാണിക്കുന്നത് പോലെ, ലേസർ സംവിധാനത്തിൽ കൃത്യത (pointing accuracy) ഉറപ്പുവരുത്തുക എന്നത് ഏറെ ശ്രമകരവും ഊർജ്ജം ആവശ്യമുള്ളതുമായ കാര്യമാണ്. കൂടാതെ, അന്തരീക്ഷത്തിലെ മേഘങ്ങൾ ഈ ലേസർ വിനിമയത്തിന് തടസ്സം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ, ചില കാലാവസ്ഥകളിൽ പഴയ റേഡിയോ ഫ്രീക്വൻസി സംവിധാനങ്ങളെ അപേക്ഷിച്ച് ഇതിന് വിശ്വാസ്യത കുറവായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ക്വോസ്മിക് ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തിരിക്കുന്നത് ഇതിനെ മറികടക്കാനുള്ള സാങ്കേതിക വിദ്യകളാണ്. ഇന്ത്യയിലും യു.എസിലും മറ്റു വിദേശരാജ്യങ്ങളിലുമായി നിരവധി പേറ്റന്റുകൾ ക്വോസ്മിക് ഇത്രയും കുറഞ്ഞ കാലയളവ് കൊണ്ട് ഫയൽ ചെയ്തു കഴിഞ്ഞു. ഇപ്പോൾ ഈ സാങ്കേതികവിദ്യകൾ ബഹികാരാകാശത്തും ഭൂമിയിലും ആവർത്തിച്ചു പരീക്ഷിക്കാനുള്ള പാതയിലാണ് കമ്പനി.
ആഗോളതലത്തിൽ ശ്രദ്ധേയരായ നിക്ഷേപകരായ ആക്സൽ (Accel), പ്രോസസ് (Prosus), സൗത്ത് പാർക്ക് കോമൺസ് (South Park Commons) തുടങ്ങിയവരാണ് കമ്പനിയുടെ ആദ്യഘട്ട ഫണ്ടിംഗിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോലുള്ള കമ്പനികളിൽ ആദ്യഘട്ട നിക്ഷേപം നടത്തിയ സ്ഥാപനമാണ് ആക്സൽ. ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ട്, സ്വിഗ്ഗി തുടങ്ങിയ വമ്പൻ കമ്പനികൾക്ക് തുടക്കത്തിൽ പിന്തുണ നൽകിയ ആക്സലിന്റെ ബഹിരാകാശരംഗത്തെ ആദ്യത്തെ നിക്ഷേപമാണ് ക്വോസ്മിക്. അതുപോലെ, ലോകമെമ്പാടും വൻകിട സാങ്കേതികവിദ്യകളിൽ കോടികൾ നിക്ഷേപിക്കുന്ന കമ്പനിയാണ് പ്രോസസ്.
ഭാവിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള പുതിയ ആശയങ്ങൾക്ക് തുടക്കത്തിൽ തന്നെ സാമ്പത്തിക സഹായം നൽകുന്ന കൂട്ടായ്മയാണ് സൗത്ത് പാർക്ക് കോമൺസ്. ആന്ത്രോപിക് പോലുള്ള കമ്പനികളിൽ ആദ്യകാലനിക്ഷേപം നടത്തിയ, സിലിക്കൺ വാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
ഇത്തരം പ്രമുഖർ പണം മുടക്കുന്നത് ക്വോസ്മിക്കിന്റെ ആശയത്തിന് ഭാവിയിലുള്ള വലിയ വിജയസാധ്യതയെയാണ് സൂചിപ്പിക്കുന്നത്. ലഭിച്ച ഫണ്ട് ഉപയോഗിച്ച് ലേസർ കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിക്കാനും, സ്വന്തമായി ഗ്രൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ മുന്നേറ്റം ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കും.