2023-ൽ പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ ഇപ്പോഴും കൈവശമുണ്ടോ? എന്തുചെയ്യണമെന്നറിയാതെ ചെലവാക്കാതെ സൂക്ഷിച്ചിരിക്കുകയാണോ? ഈ നോട്ടുകൾ എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞിരിക്കാൻ വരട്ടെ. 2000 രൂപയുടെ ബാങ്ക് നോട്ടുകൾക്ക് ഇപ്പോഴും നിയമസാധുതയുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അഥവാ, ഒന്നും ചെയ്യാതെ വെച്ചിരിക്കുന്ന ആ പണം കൊണ്ട് പല കാര്യങ്ങളും സാധിക്കുമെന്ന് ചുരുക്കം.
രാജ്യത്തെ പണമിടപാട് നിയന്ത്രണ സംവിധാനം പ്രകാരം 2023 മെയ് 19 വരെ മാത്രമായിരുന്നു രണ്ടായിരത്തിന്‍റെ നോട്ടുകൾ പിൻവലിക്കാനും ഇടപാടുകൾ നടത്താനുമുള്ള സമയം. 500, 1000 നോട്ടുകളുടെ 2016ലെ നിരോധനത്തിന് പിന്നാലെയാണ് സർക്കാർ ആദ്യമായി 2000-ന്‍റെ നോട്ട് അവതരിപ്പിക്കുന്നത്. നിരോധിച്ച നോട്ടുകൾക്ക് പകരമായി സമ്പദ് വ്യവസ്ഥയിൽ പെട്ടെന്ന് പണലഭ്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നോട്ട് സർക്കാർ കൊണ്ടുവന്നിരുന്നത്. കാലക്രമേണ, മറ്റ് മൂല്യങ്ങളുള്ള നോട്ടുകളുടെ പ്രചാരം വ്യാപകമായതോടെ, 2000 നോട്ട് പുറത്തിറക്കിയത് കൊണ്ടുള്ള ഉദ്ദേശ്യം ഫലംകണ്ടെന്ന വിലയിരുത്തലിൽ റിസർവ് ബാങ്ക് നോട്ട് പിൻവലിക്കുകയായിരുന്നു.
2023ലെ ഒക്ടോബർ ഏഴിന് ശേഷം 2000 രൂപയുടെ നോട്ടുകളുടെ നിക്ഷേപം, കൈമാറ്റം എന്നിവ റിസർവ് ബാങ്ക് വഴി മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇപ്പോഴിതാ, ഇനിയൊരു കാലത്തും ഉപകരിക്കില്ലെന്ന് കരുതിയ ആ നോട്ടുകൾ ചിലവഴിക്കാൻ ചില സംവിധാനങ്ങൾ റിസർവ് ബാങ്ക് തന്നെ പരിചയപ്പെടുത്തിരിക്കുകയാണ്.
1. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 19 ഇഷ്യൂ ഓഫീസുകളിൽ (നാണയ വിതരണ ഓഫീസ്) ചെന്നാൽ 2000 രൂപയുടെ നോട്ടുകൾ കൈമാറാം. ഈ തുക സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റാനും സംവിധാനമുണ്ടാകും.
2. രാജ്യത്തെ ഏതെങ്കിലുമൊരു പോസ്റ്റ് ഓഫീസിൽ നിന്ന് ഇന്ത്യാ പോസ്റ്റ് വഴി നോട്ടുകൾ റിസർവ് ബാങ്കിന്‍റെ ഇഷ്യൂ ഓഫീസിലേക്ക് അയക്കുകയെന്നതാണ് മറ്റൊരു വഴി. കൃത്യമായി പണം ബാങ്കിൽ/ ഇഷ്യൂ ഓഫീസിൽ എത്തിച്ചേർന്നാലുടൻ അയച്ചയാളുടെ ബാങ്ക് അക്കൗണ്ടിൽ ആ പണം ക്രെഡിറ്റ് ആകും.
റിസർവ് ബാങ്കിന്‍റെ കണക്കുകൾ പ്രകാരം, 2000 രൂപയുടെ നോട്ടുകളുടെ മൂല്യം പ്രചാരത്തിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2023 മെയിൽ പണം പിൻവലിക്കുമ്പോൾ പ്രചാരത്തിലുണ്ടായിരുന്ന 3.56 ലക്ഷം കോടിയെന്നത് ഈ വർഷം ഏപ്രിലിലേക്കെത്തുമ്പോൾ 5451 കോടി മാത്രമായി കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.