സേവിങ്സ് അക്കൗണ്ടുകളിൽ നിന്ന് 1.30 കോടി തട്ടി; പോസ്റ്റൽ അസിസ്റ്റൻ്റും പോസ്റ്റ്മാനും പിടിയിൽ
2022 മുതൽ 2025 വരെയുള്ള കാലയളവിൽ ആസൂത്രിതമായി പണം തട്ടിയതായാണ് കണ്ടെത്തൽ
മംഗളൂരു: ഉപഭോക്താക്കളുടെ പോസ്റ്റൽ സേവിങ്സ് അക്കൗണ്ടുകളിൽ നിന്ന് 1.30 കോടി രൂപ തട്ടിയെടുത്ത കേസിൽ തപാൽ വകുപ്പിലെ രണ്ട് ജീവനക്കാരെ സിബിഐ അറസ്റ്റ് ചെയ്തു. സരഗൂർ പോസ്റ്റൽ ഡിവിഷന് കീഴിലെ ശാന്തപുര പോസ്റ്റ് ഓഫീസ് പോസ്റ്റൽ അസിസ്റ്റന്റ് ദീപക്, പോസ്റ്റ്മാൻ കരയ്യ എന്നിവരാണ് അറസ്റ്റിലായത്. 2022 മുതൽ 2025 വരെയുള്ള കാലയളവിൽ ആസൂത്രിതമായി പണം തട്ടിയതായാണ് കണ്ടെത്തൽ. ഇരുവരും ചേർന്ന് 44 പോസ്റ്റൽ സേവിങ്സ് അക്കൗണ്ടുകളുടെ ലോഗിൻ ക്രെഡൻഷ്യലുകളും പാസ്‌വേഡുകളും ദുരുപയോഗം ചെയ്ത് സ്വന്തം അക്കൗണ്ടുകളിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും പണം മാറ്റുകയായിരുന്നു.
സംഭവം ഇങ്ങനെ
2025 മേയിൽ ദീപക് അവധിയിലായ സമയത്ത് ഉപഭോക്താവ് സരഗൂർ പോസ്റ്റ് ഓഫീസിൽ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പരാതികളെത്തുടർന്ന് മൈസൂരു ഡിവിഷൻ സീനിയർ സൂപ്രണ്ട് ഹരീഷ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതേത്തുടർന്ന് 12 പോസ്റ്റ് ഓഫീസ് ശാഖകളിലായി ഏകദേശം 26,000 അക്കൗണ്ടുകൾ പരിശോധിച്ചതിലൂടെ 44 അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി ഓഡിറ്റിലൂടെ കണ്ടെത്തുകയായിരുന്നു. 2022നും 2025നും ഇടയിൽ പ്രതികൾ ഉപഭോക്താക്കളുടെ നിക്ഷേപങ്ങൾ ആസൂത്രിതമായി വഴിതിരിച്ചുവിട്ടിരുന്നുവെന്ന് സീനിയർ സൂപ്രണ്ട് ഹരീഷ് പറഞ്ഞു. പ്രതികൾ പണം പിൻവലിക്കുന്നതിന് മുമ്പ് ഒന്നിലധികം അക്കൗണ്ടുകൾ വഴിയാണ് കൈമാറ്റം ചെയ്തത്. അതിനാൽ ഇടപാടുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു.
ദീപക് തെറ്റിദ്ധരിപ്പിച്ച് ചില തപാൽ ജീവനക്കാർ അറിയാതെ തന്നെ ഇത്തരം ഇടപാടുകൾക്ക് സൗകര്യമൊരുക്കിയതായും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇവരെ ആദ്യം സസ്പെൻഡ് ചെയ്തെങ്കിലും പിന്നീടുള്ള അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്താൻ സാധിക്കാതെ വീണ്ടും നിയമിക്കുകയായിരുന്നു. പ്രാഥമിക കണ്ടെത്തലുകളെ തുടർന്ന് ഏപ്രിൽ 25ന് തപാൽ വകുപ്പ് പ്രതികൾക്ക് നോട്ടീസ് അയച്ചെങ്കിലും ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. പിന്നീടാണ് കേസ് സിബിഐക്ക് കൈമാറുന്നത്. ഇതിന് മുമ്പും ചെറിയ ക്രമക്കേടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത്രയും വലിയ തുകയുടെ തട്ടിപ്പ് തപാൽ ഡിവിഷനിൽ ആദ്യമായിട്ടാണെന്നും മൈസൂരു ഡിവിഷൻ സീനിയർ സൂപ്രണ്ട് ഹരീഷ് വ്യക്തമാക്കി.
തപാൽ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, സിബിഐ 2026 മാർച്ചിൽ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ക്രിമിനൽ വിശ്വാസ വഞ്ചന, വ്യാജരേഖ ചമക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ബംഗളൂരു ഗംഗാനഗർ ബ്രാഞ്ചിൽ നിന്നുള്ള സിബിഐ സംഘമാണ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് ബംഗളൂരുവിലെ സിബിഐ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.