എയര്‍ ഇന്ത്യ മുന്‍ സിഇഒക്ക് 17 കോടി; രണ്ടര കോടി മികച്ച പെര്‍ഫോമന്‍സിന്
എയര്‍ ഇന്ത്യയിലെ പ്രധാന ഓഹരി ഉടമകളായ ടാറ്റ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ഓഗസ്റ്റ് 10ന് നടന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പാക്കേജിന് അംഗീകാരം നല്‍കി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പടിയിറങ്ങുന്ന സിഇഒ കാംബല്‍ വില്‍സണുള്ള പാക്കേജ് അംഗീകരിച്ച് കമ്പനി. 17.74 കോടി രൂപയാകും കാംബല്‍ വില്‍സണ് നല്‍കുക. ഇതില്‍ 2.5 കോടി മികച്ച പ്രകടനത്തിനുള്ള പെര്‍ഫോമന്‍സ് അലവന്‍സാണ്. മണികണ്‍ട്രോളാണ് വാര്‍ത്ത പുറത്തുവിട്ടത്. എയര്‍ ഇന്ത്യയിലെ പ്രധാന ഓഹരി ഉടമകളായ ടാറ്റ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ഓഗസ്റ്റ് 10ന് നടന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പാക്കേജിന് അംഗീകാരം നല്‍കി.
2022 ജൂലൈയിലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്തതിന് പിന്നാലെ വില്‍സണ്‍ എയര്‍ ഇന്ത്യയുടെ സി ഇ ഒയും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റത്.ആദ്യ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ വാര്‍ഷിക പ്രതിഫലം 21.5 കോടി രൂപയായിരുന്നു.ഇക്കാലയളവില്‍ എയര്‍ ഇന്ത്യ വലിയ രീതിയില്‍ വികസിച്ചെങ്കിലും കമ്പനിയുടെ സാമ്പത്തിക പ്രകടനത്തില്‍ സമ്മര്‍ദ്ദം ശക്തമായി.2026 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ ഏകീകൃത വരുമാനം 78,636 കോടി രൂപയില്‍ നിന്ന് 71,870 കോടി രൂപയായി കുറഞ്ഞു.
അതേസമയം ഏകീകൃത നഷ്ടം 10,859 കോടി രൂപയില്‍ നിന്ന് 22,238 കോടി രൂപയായി, ഇരട്ടിയിലേറെ വര്‍ധിച്ചു. ഈ കണക്കുകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഉള്‍പ്പെടുന്നു.വില്‍സന്റെ കാലയളവില്‍ കമ്പനിയുടെ ഏകീകൃത വരുമാനം 2022 സാമ്പത്തിക വര്‍ഷത്തിലെ 20,161 കോടി രൂപയില്‍ നിന്ന് 2026 സാമ്പത്തിക വര്‍ഷത്തില്‍ 71,870 കോടി രൂപയായി ഉയര്‍ന്നെങ്കിലും, നഷ്ടവും 9,661 കോടി രൂപയില്‍ നിന്ന് 22,238 കോടി രൂപയായി വര്‍ധിച്ചു.
വ്യോമപാത അടച്ചിടലുകള്‍, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, അമേരിക്കന്‍ വിസയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍, താരിഫ് നിയന്ത്രണങ്ങള്‍, ദൈര്‍ഘ്യമേറിയ വിമാനയാത്രകള്‍, ചരക്ക് നിയന്ത്രണങ്ങള്‍ തുടങ്ങിയവ ദീര്‍ഘദൂര സര്‍വീസുകളെ ബാധിച്ചതായി എയര്‍ ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.