ഇഎംഐ ഉയരും; കടുത്ത നടപടിക്ക് ആര്‍ബിഐ

ഓഗസ്റ്റില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 4.82 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂലൈയില്‍ ഇത് 4.45 ശതമാനമായിരുന്നു. ആര്‍ബിഐയുടെ മധ്യകാല ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലാണ് ഉപഭോക്തൃ പണപ്പെരുപ്പം തുടര്‍ച്ചയായ മൂന്നാം മാസവും രേഖപ്പെടുത്തിയിരിക്കുന്നത്

Update: 2026-10-04 12:46 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പ സമ്മര്‍ദം ശക്തമാകുന്നതിനിടെ റിസര്‍വ് ബാങ്ക് ഒക്ടോബറിലെ പണനയ അവലോകനത്തില്‍ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ഇതോടെ നിലവിലെ 5.25 ശതമാനം റിപ്പോ നിരക്ക് 5.50 ശതമാനമായി ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.

പശ്ചിമേഷ്യയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള ഊര്‍ജ, കമ്മോഡിറ്റി വിലകളില്‍ ഉണ്ടായ വര്‍ധനയാണ് പണപ്പെരുപ്പ ഭീഷണി ശക്തമാക്കുന്ന പ്രധാന ഘടകം. ഇതിനുപുറമെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുന്നതും ആര്‍ബിഐക്ക് മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നുണ്ട്.

Advertising
Advertising

2023ന് ശേഷം ആദ്യ പലിശ വര്‍ധന?

ആര്‍ബിഐ ഒക്ടോബറില്‍ 25 ബേസിസ് പോയിന്റ് പലിശ വര്‍ധിപ്പിച്ചാല്‍ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യ നിരക്ക് വര്‍ധനയായിരിക്കും അത്. 2023 ഫെബ്രുവരിയിലാണ് ആര്‍ബിഐ അവസാനമായി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തിയത്. അതിന് ശേഷം നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. 2025ല്‍ പലിശ കുറയ്ക്കുന്ന ഘട്ടത്തിലേക്ക് മാറുകയായിരുന്നു. ഇപ്പോള്‍ വീണ്ടും നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണോ ഉണ്ടാകുന്നതെന്നതാണ് സാമ്പത്തിക വിപണിയിലെ പ്രധാന ചര്‍ച്ച.

പണപ്പെരുപ്പം പ്രധാന ആശങ്ക

ഓഗസ്റ്റില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 4.82 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂലൈയില്‍ ഇത് 4.45 ശതമാനമായിരുന്നു. ആര്‍ബിഐയുടെ മധ്യകാല ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലാണ് ഉപഭോക്തൃ പണപ്പെരുപ്പം തുടര്‍ച്ചയായ മൂന്നാം മാസവും രേഖപ്പെടുത്തിയിരിക്കുന്നത്.

ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നത് ഇന്ത്യയ്ക്ക് പ്രത്യേക ആശങ്കയാണ്. എണ്ണവില ഉയര്‍ന്നാല്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ സമ്മര്‍ദം ഉണ്ടാകുകയും അതിന്റെ പ്രതിഫലനം ഗതാഗത ചെലവിലും ഉല്‍പ്പന്നങ്ങളുടെ വിലയിലും ഉണ്ടാകുകയും ചെയ്യാം.

അതുകൊണ്ടുതന്നെ ആര്‍ബിഐയുടെ നടപ്പ് സാമ്പത്തികവര്‍ഷത്തിലെ പണപ്പെരുപ്പ പ്രവചനം ഉയര്‍ത്തിയേക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

രണ്ട് പലിശ വര്‍ധനകള്‍ പ്രതീക്ഷിച്ച് വിദഗ്ധര്‍

റോയിട്ടേഴ്‌സ് നടത്തിയ സാമ്പത്തിക വിദഗ്ധരുടെ സര്‍വേയില്‍ 61 പേരില്‍ 35 പേരും ഒക്ടോബറിലെ യോഗത്തില്‍ 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. അതായത് സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനത്തോളം വിദഗ്ധരും ആര്‍ബിഐ പലിശ ഉയര്‍ത്തുമെന്ന് കരുതുന്നു.

അതേസമയം, 53 സാമ്പത്തിക വിദഗ്ധരില്‍ 29 പേര്‍ ഡിസംബറോടെ കുറഞ്ഞത് ഒരു 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന കൂടി ഉണ്ടാകുമെന്ന് വിലയിരുത്തുന്നു. അങ്ങനെ സംഭവിച്ചാല്‍ റിപ്പോ നിരക്ക് 5.75 ശതമാനത്തിലെത്തും.

ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറയുടെ വിലയിരുത്തലും സമാനമാണ്. ഒക്ടോബറിലും ഡിസംബറിലും 25 ബേസിസ് പോയിന്റ് വീതം നിരക്ക് ഉയര്‍ത്തിയേക്കാമെന്നാണ് അവരുടെ പ്രവചനം.

എന്നാല്‍ 2027 ഫെബ്രുവരിക്ക് ശേഷം പലിശ വര്‍ധനയുടെ വേഗം കുറയാന്‍ സാധ്യതയുണ്ടെന്നും നോമുറ വിലയിരുത്തുന്നു. ഉയര്‍ന്ന വിലകള്‍ ഉപഭോഗത്തെ ബാധിക്കുകയും സാമ്പത്തിക വളര്‍ച്ചയില്‍ സമ്മര്‍ദം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News