നിക്ഷേപകര്‍ക്ക് സന്തോഷവാര്‍ത്ത; ജിയോ ഐപിഒ എത്തുന്നു

ഏകദേശം 143 മുതല്‍ 146 ബില്യണ്‍ ഡോളര്‍ വരെയാണ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ വാല്യുവേഷന്‍ പ്രതീക്ഷിക്കുന്നത്

Update: 2026-10-04 15:11 GMT

ഇന്ത്യന്‍ ഓഹരി വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഒകളിലൊന്നായ റിലയന്‍സ് ജിയോയുടെ ഐപിഒ ഒക്ടോബര്‍ അവസാനത്തോടെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.ബാങ്കിങ് മേഖലയിലെ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പ്രകാരം, ജിയോ പ്ലാറ്റ്‌ഫോംസിന്റെ എന്റര്‍പ്രൈസ് വാല്യുവേഷന്‍ 12 ലക്ഷം കോടി രൂപയ്ക്ക് മുകളിലായിരിക്കും.ഡോളറില്‍ കണക്കാക്കിയാല്‍ ഏകദേശം 143 മുതല്‍ 146 ബില്യണ്‍ ഡോളര്‍ വരെയാണ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ വാല്യുവേഷന്‍ പ്രതീക്ഷിക്കുന്നത്.ഏകദേശം 3.8 ബില്യണ്‍ ഡോളര്‍, അതായത് 35,000 കോടി രൂപയ്ക്ക് മുകളിലുള്ള ഐപിഒ ആയിരിക്കും ജിയോയുടെത്.ഇത് യാഥാര്‍ഥ്യമായാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നായി ജിയോയുടെ ലിസ്റ്റിങ് മാറും.

Advertising
Advertising

വിദേശ റോഡ്ഷോകള്‍ പൂര്‍ത്തിയായി

ഐപിഒയ്ക്ക് മുന്നോടിയായി ജിയോ പ്ലാറ്റ്‌ഫോംസ് വിദേശ നിക്ഷേപകരെ ലക്ഷ്യമിട്ട് നടത്തിയ റോഡ്ഷോകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.അമേരിക്ക, യുകെ, ദുബായ്, ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലാണ് റോഡ്ഷോകള്‍ നടന്നത്.ജിയോ പ്ലാറ്റ്‌ഫോംസ് മാനേജിങ് ഡയറക്ടര്‍ ആകാശ് അംബാനിയും റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനിയും റോഡ്ഷോകള്‍ക്ക് നേതൃത്വം നല്‍കിയതായാണ് റിപ്പോര്‍ട്ട്.വിദേശ നിക്ഷേപകരില്‍ നിന്ന് ലഭിച്ച താല്‍പര്യം കൂടി കണക്കിലെടുത്താണ് ജിയോയുടെ വാല്യുവേഷന്‍ 143 മുതല്‍ 146 ബില്യണ്‍ ഡോളര്‍ വരെ കണക്കാക്കുന്നതെന്നാണ് ബാങ്കിങ് മേഖലയിലെ വൃത്തങ്ങള്‍ പറയുന്നത്.

ഒക്ടോബര്‍ 12ന് ശേഷം നിര്‍ണായക നീക്കങ്ങള്‍

ഒക്ടോബര്‍ 12ന് ആരംഭിക്കുന്ന ആഴ്ചയില്‍ ജിയോ പ്ലാറ്റ്‌ഫോംസ് അന്തിമ ഐപിഒ രേഖകള്‍ സെബിക്ക് സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യയിലെ റോഡ്ഷോയും ഇതേ കാലയളവില്‍ നടത്താന്‍ സാധ്യതയുണ്ട്.ദസറയ്ക്ക് മുമ്പ് ആങ്കര്‍ ഇന്‍വെസ്റ്റര്‍മാര്‍ക്കുള്ള നടപടികള്‍ ആരംഭിച്ചേക്കും.തുടര്‍ന്ന് ദസറയ്ക്ക് ശേഷവും ഒക്ടോബര്‍ 23ന് മുമ്പുമായി ഐപിഒ തുറക്കാനുള്ള സാധ്യതയാണുള്ളത്.ഒക്ടോബര്‍ അവസാനത്തോടെ ഓഹരി വിപണിയില്‍ ലിസ്റ്റിങ് നടത്താനാണ് നിലവിലെ പദ്ധതി.

എത്ര ഓഹരികളാണ് പുറത്തിറക്കുന്നത്?

ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് പ്രകാരം 27 കോടി വരെ പുതിയ ഓഹരികള്‍ പുറത്തിറക്കാനാണ് പദ്ധതി.ഐപിഒയ്ക്ക് ശേഷമുള്ള കമ്പനിയുടെ മൊത്തം ഓഹരി മൂലധനത്തിന്റെ ഏകദേശം 2.9 ശതമാനം വരും ഇത്.ജൂണിലാണ് ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്കായുള്ള ഡ്രാഫ്റ്റ് രേഖകള്‍ സമര്‍പ്പിച്ചത്.ഓഗസ്റ്റ് 28ന് സെബിയുടെ അന്തിമ നിരീക്ഷണങ്ങളും കമ്പനിക്ക് ലഭിച്ചിരുന്നു.

റിലയന്‍സിന്റെ 2008ന് ശേഷമുള്ള ആദ്യ ഐപിഒ

ജിയോ ഐപിഒയുടെ മറ്റൊരു പ്രധാന പ്രത്യേകത ഇത് റിലയന്‍സ് ഗ്രൂപ്പില്‍ നിന്നുള്ള 2008ന് ശേഷമുള്ള ആദ്യ ഐപിഒ ആയിരിക്കും എന്നതാണ്.റിലയന്‍സ് ഗ്രൂപ്പിനുള്ളിലെ ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസിന്റെ ആദ്യ ഐപിഒ കൂടിയാകും ഇത്.ജിയോയുടെ ടെലികോം ബിസിനസിന് പുറമെ ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എന്റര്‍പ്രൈസ് നെറ്റ്വര്‍ക്ക് സേവനങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ മേഖലകളിലേക്കും ജിയോ പ്ലാറ്റ്‌ഫോംസ് വ്യാപിച്ചിട്ടുണ്ട്.

ജിയോയുടെ ബിസിനസ് ശക്തി

ജിയോയുടെ ഏറ്റവും വലിയ ശക്തി അതിന്റെ ഉപഭോക്തൃ അടിത്തറ തന്നെയാണ്.ജിയോയുടെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ഏകദേശം 50.6 കോടി മൊബൈല്‍ ഉപഭോക്താക്കളെ സ്വന്തമാക്കിയിട്ടുണ്ട്.മൊബൈല്‍ കണക്ഷന്‍ വിപണിയില്‍ ഏകദേശം 39.29 ശതമാനം വിപണി വിഹിതവും കമ്പനിക്കുണ്ട്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - വിഷ്ണു.ജെ

Chief Web Journalist

Similar News