ഒരു ദിവസം നഷ്ടം 18 ലക്ഷം കോടി; ഫേസ്ബുക്കിന് ഇതെന്തു പറ്റി?

പ്രതിദിന സജീവ ഉപഭോക്താക്കളിലും (ഫേസ്ബുക്ക് ഡെയ്‌ലി ആക്ടീവ് യൂസേഴ്‌സ്-ഡിഎയു) കുറവു രേഖപ്പെടുത്തി.

Update: 2022-02-04 10:23 GMT
Editor : abs | By : Web Desk
Advertising

കാലിഫോർണിയ: ഓഹരി വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫേസ്ബുക്ക് മെറ്റ. വ്യാഴാഴ്ച 240 ബില്യൺ യുഎസ് ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ വിപണി മൂല്യത്തിൽനിന്ന് നഷ്ടമായത്. നിക്ഷേപകർ കൂട്ടമായി പിൻവലിഞ്ഞതോടെ മെറ്റയുടെ ഓഹരിയിൽ 26.4% നഷ്ടം രേഖപ്പെടുത്തി. 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഫേസ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളിലും (ഫേസ്ബുക്ക് ഡെയ്‌ലി ആക്ടീവ് യൂസേഴ്‌സ്-ഡിഎയു) കുറവു രേഖപ്പെടുത്തി. ഇതാണ് ഓഹരി വിപണിയില്‍ പ്രധാനമായും പ്രതിഫലിച്ചത്. 

വിപണിയിലെ തിരിച്ചടിയോടെ കമ്പനി സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ വ്യക്തിഗത ആസ്തിയിൽ 31 ബില്യൺ ഡോളറിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. (വടക്കൻ യൂറോപ്യൻ രാഷ്ട്രമായ എസ്‌തോണിയയുടെ വാർഷിക ജിഡിപിയുടെ അത്രയും വരുമിത്). ഇത്രയും തുക നഷ്ടമായിട്ടും ഫോബ്‌സിന്റെ കണക്കു പ്രകാരം 90 ബില്യൺ ഡോളറാണ് സക്കർബർഗിന്റെ ആസ്തി. മെറ്റയിലെ 13 ശതമാനം ഓഹരിയാണ് ഇദ്ദേഹത്തിന്‍റെ കൈവശമുള്ളത്. ഈയിടെയാണ് ഫേസ്ബുക്ക് മെറ്റയായി റീബ്രാൻഡ് ചെയ്യപ്പെട്ടത്.

ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതൽ പണം നഷ്ടമാകുന്ന ലോകത്തെ രണ്ടാമത്തെ അതിസമ്പന്നനാണ് 37കാരൻ. ആദ്യത്തെയാൾ ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌കാണ്. 35 ബില്യൺ ഡോളറാണ് കഴിഞ്ഞ നവംബറിൽ മസ്‌കിന്റെ വ്യക്തിഗത ആസ്തിയിൽനിന്ന് നഷ്ടമായത്.

ഡിസംബറിൽ അവസാനിച്ച ത്രൈമാസ പാദത്തിൽ 1.929 ബില്യൺ ഉപഭോക്താക്കളാണ് ഫേസ്ബുക്കിന്റെ ഡിഎയു. മുൻപാദത്തിൽ ഇത് 1.930 ബില്യണായിരുന്നു. ആദ്യമായാണ് സോഷ്യൽ നെറ്റ്‌വർക്ക് ഭീമന്റെ വളർച്ച താഴോട്ടു പോകുന്നത്. ഡാറ്റ ഉപഭോഗത്തിൽ ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എതിരാളികളിൽ നിന്നും വൻ ഭീഷണിയാണ് ഫേസ്ബുക്ക് നേരിടുന്നത്. വരുമാനത്തിലും കുറവു രേഖപ്പെടുത്തി. പരസ്യദാതാക്കൾ ചെലവഴിക്കൽ വെട്ടിക്കുറച്ചാണ് വരുമാനത്തിൽ പ്രതിഫലിച്ചത്. ഉപഭോക്താക്കൾ, പ്രത്യേകിച്ചും യുവാക്കൾ എതിരാളികളായ മാധ്യമങ്ങളിലേക്ക് ചേക്കേറിയതാണ് വളർച്ചയെ ബാധിച്ചതെന്ന് സക്കർബർഗ് പറഞ്ഞു. 

ഫേസ്ബുക്ക് ഓഹരി

ഈ വർഷം ആദ്യവാരം 27-29 ബില്യൺ യുഎസ് ഡോളറിന്റെ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിദഗ്ധർ പ്രതീക്ഷിച്ചതിലും ഏറെ താഴെയാണിത്. അതിനിടെ, ടിക് ടോക് അടക്കമുള്ള പ്ലാറ്റ്‌ഫോമുകൾ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ വീഡിയോ സേവനങ്ങളിൽ മെറ്റ കൂടുതൽ നിക്ഷേപം നടത്തുമെന്നാണ് ബിബിസി റിപ്പോർട്ടു ചെയ്യുന്നത്. 

ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റവുമായി സ്വകാര്യതാ നയത്തിലുണ്ടായ മാറ്റങ്ങൾ മെറ്റയെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ പരസ്യ വിതരണ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഫേസ്ബുക്കിന്റെ പരസ്യ വിതരണത്തെ ബാധിച്ചു.

ഏതു തരത്തിലുള്ള ഡാറ്റകൾ ഉപയോക്താവിന് ലഭിക്കണമെന്നതിൽ ഉപഭോക്താവിനല്ല, ഡെവലപ്പർക്കാണ് കൂടുതൽ അധികാരം വേണ്ടത് എന്നാണ് ആപ്പിൾ പറയുന്നത്.

ആപ്പ് ട്രാക്കിങ് ട്രാൻസ്പാരൻസി എന്നാണ് ഈ സംവിധാനത്തിന്റെ പേര്. മിക്ക ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്ന ഐഡന്റിഫേഴ്‌സ് ഫോർ അഡ്വർടൈസേഴ്‌സ് (ഐഡിഎഫ്എ) സംവിധാനത്തെ ഇതിലൂടെ നിയന്ത്രിക്കാം. ഏതെങ്കിലും ഉത്പന്നമോ സേവനമോ സെർച്ച് ചെയ്താൽ ഉപഭോക്താവിന് കിട്ടുന്ന പരസ്യങ്ങൾ ഐഡിഎഫ്എ വഴി ലഭിക്കുന്നതാണ്. ഇതാണ് ഉപഭോക്താവിനും ആപ്പിനും വരുമാനം നൽകിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമേ, ആഗോള തലത്തിലുള്ള വിതരണ ശൃംഖലയിൽ മഹാമാരിയുടെ സമയത്തുണ്ടായ പ്രതിസന്ധികളും ഫേസ്ബുക്കിന് തിരിച്ചടിയുണ്ടാക്കി. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News