പെട്രോൾ, ഡീസൽ വില കുത്തനെ കുറഞ്ഞേക്കും; ക്രൂഡ് ഓയിൽ ഇടിഞ്ഞതോടെ വലിയ നീക്കത്തിന് സാധ്യത

അന്താരാഷ്ട്ര എണ്ണവില നാലുമാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; വിലക്കുറവ് പ്രഖ്യാപിക്കാൻ എണ്ണക്കമ്പനികൾക്ക് അനുകൂല സാഹചര്യമെന്ന് റിപ്പോർട്ടുകൾ

Update: 2026-07-07 02:48 GMT

തുടർച്ചയായ വിലക്കയറ്റത്തിന് പിന്നാലെ വാഹനയാത്രികർക്ക് ആശ്വാസവാർത്ത എത്താനിടയുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ

വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ, രാജ്യത്ത് പെട്രോൾ-ഡീസൽ വില കുറയ്ക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ.

വിപണിയിലെ നിലവിലെ സാഹചര്യം തുടർന്നാൽ അടുത്ത 7 മുതൽ 10 ദിവസത്തിനുള്ളിൽ ഇന്ധനവിലയിൽ കുറവ് പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്രൂഡ് ഓയിൽ വില താഴ്ന്നതോടെ ഇന്ധനവിൽപ്പനയിൽ കമ്പനികൾ നേരിട്ട നഷ്ടം കുറയാൻ തുടങ്ങിയതും ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു.

Advertising
Advertising

നിലവിൽ ബ്രെന്റ് ക്രൂഡ് ഒരു ബാരലിന് ഏകദേശം 72 ഡോളറിലും, ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ക്രൂഡ് ബാസ്‌കറ്റ് 67 മുതൽ 68 ഡോളർ വരെയുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പശ്ചിമേഷ്യൻ സംഘർഷത്തിന് മുമ്പുണ്ടായിരുന്ന വിലനിലവാരത്തിലേക്കാണ് വിപണി വീണ്ടും മടങ്ങിയെത്തിയിരിക്കുന്നത്.

മെയ് പകുതിക്ക് ശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും ചേർന്ന് ലിറ്ററിന് ശരാശരി 7.5 രൂപയോളം വർധന രേഖപ്പെടുത്തിയിരുന്നു. ഈ കാലയളവിൽ ഇന്ധനവിൽപ്പനയും സബ്സിഡിയുള്ള ഗാർഹിക എൽപിജി വിതരണവും കാരണം ഐഒസി (IOC), ബിപിസിഎൽ (BPCL), എച്ച്പിസിഎൽ (HPCL) എന്നീ പൊതുമേഖലാ കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടി വന്നത്.

അതേസമയം, ക്രൂഡ് ഓയിൽ വില നിലവിലെ നിലയിൽ തന്നെ തുടരുകയാണെങ്കിൽ അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ പഴയ നഷ്ടത്തിന്റെ വലിയൊരു ഭാഗം നികത്താൻ കമ്പനികൾക്ക് സാധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിൽപ്പനയിൽ ഇപ്പോഴും ഓരോ സിലിണ്ടറിനും നൂറുകണക്കിന് രൂപയുടെ നഷ്ടം കമ്പനികൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇതിനിടെ ആഗോള എണ്ണവിതരണം വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഒപെക് പ്ലസ് (OPEC+) സഖ്യം ഓഗസ്റ്റ് മുതൽ പ്രതിദിന എണ്ണ ഉൽപാദനം വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയ്ക്ക് കൂടുതൽ സമ്മർദം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിതരണം കൂടുന്നതോടെ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

ആവശ്യമായ ക്രൂഡ് ഓയിലിന്റെ ഏകദേശം 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക്, ഈ സാഹചര്യം വലിയ സാമ്പത്തിക ആശ്വാസമാകും. ഇന്ധനവില കുറയുന്നത് ഗതാഗതച്ചെലവ് കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും സർക്കാരിന് സഹായകമാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ഈ മാസം നടക്കാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുമ്പ് ഇന്ധനവില കുറയ്ക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ഇന്ധനവില പ്രതിപക്ഷം ശക്തമായി ഉന്നയിക്കാൻ സാധ്യതയുള്ളതിനാൽ, അതിന് മുമ്പ് തന്നെ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന തീരുമാനം ഉണ്ടായേക്കാമെന്നാണ് സൂചന. എന്നാൽ വിലക്കുറവ് സംബന്ധിച്ച് ഇതുവരെ എണ്ണക്കമ്പനികളോ കേന്ദ്രസർക്കാരോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

Tags:    

Writer - റുക്ക്സാന വി ക

contributor

Editor - റുക്ക്സാന വി ക

contributor

By - Web Desk

contributor

Similar News