ആഘോഷദിനങ്ങളോ പ്രിയപ്പെട്ടവർ ഒരുമിച്ചുകൂടുന്ന വിരുന്നുദിനങ്ങളോ എന്തുമാകട്ടെ, ബിരിയാണി ഒരു വികാരമാണ് അധികപേർക്കും. സവിശേഷമായ ഗന്ധത്തിലൂടെയും രുചിയിലൂടെയും നാവിൻതുമ്പിൽ വിസ്മയം തീർക്കുന്ന ബിരിയാണിയോട് താൽപ്പര്യക്കുറവുള്ള ചില്ലറയാളുകളും നമുക്കിടയിലുണ്ടാകും, സ്വാഭാവികം. ആഘോഷദിനങ്ങളോ കുടുംബങ്ങൾ ഒരുമിച്ചുകൂടുന്ന നേരങ്ങളിലോ ബിരിയാണിയോളം പ്രിയമുള്ള ഭക്ഷണങ്ങളൊന്നും തന്നെയില്ലയില്ലെന്നാണ് ഭക്ഷണപ്രിയരിൽ ചിലരുടെയെങ്കിലും പക്ഷം. അതേസമയം, ഹൈദരാബാദിയോ കൊൽക്കത്ത ബിരിയാണിയോ? അല്ലെങ്കിൽ മാഞ്ഞാലി ബിരിയാണിയോ കോഴിക്കോടനോ? ഏതാണ് മികച്ചതെന്ന തർക്കങ്ങൾക്കിടെ, തങ്ങളുടെ മുത്തശ്ശിയുടെ രുചികരമായ ബിരിയാണി റെസിപ്പിയിലൂടെ ആരംഭിച്ച ഫുഡ് ബിസിനസിലൂടെ കോടികൾ സമ്പാദിക്കുകയാണ് ബെംഗളൂരുവിലെ രണ്ട് സഹോദരികൾ.
ബെംഗളൂരു സ്വദേശിനികളായ രമ്യയും ശ്വേതാ രവിയുമാണ് മുത്തശ്ശിയിൽ നിന്ന് പരമ്പരാഗതമായി കൈമാറിവന്ന രുചികരമായ റെസിപ്പിയിലൂടെ കോടികളുടെ വരുമാനം നേടുന്നത്. കേവലമൊരു ബിരിയാണി റെസിപ്പിയിലൂടെ അവരെന്താണ് നേടിയതെന്നല്ലേ? കോടികളുടെ വാർഷികവരുമാനവും രാജ്യത്തുടനീളം അറിയപ്പെടുന്ന ആർഎൻആർ ഡോണ ബിരിയാണിയെന്ന കമ്പനിയുടെ ഉടമസ്ഥാവകാശവും, അതും തീരെ ചെറിയ പ്രായത്തിൽ.
ബെംഗളൂരു സ്വദേശികളായ രമ്യ രവി, ശ്വേത രവി എന്നീ സഹോദരിമാർ ചേർന്ന് 2020 നവംബറിലാണ് ഈ സംരഭത്തിന് തുടക്കം കുറിച്ചത്. സഹോദരിമാരുടെ മുത്തച്ഛനായ രാമസ്വാമി, പിതാവായ രവിചന്ദർ എന്നിവരോടുള്ള ആദരസൂചകമായാണ് ബ്രാൻഡിന് ആർഎൻആർ എന്ന് പേരിട്ടത്.
ബെംഗളൂരുവിലെ ക്രിസ്റ്റ് കോളജിൽ നിന്നുള്ള ബികോം ബിരുദധാരിയാണ് രമ്യ. പിന്നീട് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെന്‍റിലും വൈദ്ഗധ്യം നേടി. ചെന്നൈയിലെ സ്റ്റെല്ല മാരിസിൽ നിന്നാണ് ശ്വേതയുടെ ബിരുദം. തുടർന്ന് യുകെയിലെ വാർവിക്ക് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി. വ്യവസായ കുടുംബത്തിൽ ജനിച്ചുവളർന്ന കുട്ടികൾ, വിദ്യാഭ്യാസത്തിന് ശേഷം സ്വന്തമായി ബ്രാൻഡ് തുടങ്ങാനുള്ള നീക്കത്തിലേക്ക് കടക്കുകയായിരുന്നു. രാജ്യമൊന്നടങ്കം കോവിഡ് മഹാമാരി വ്യാപിച്ചുകൊണ്ടിരുന്ന സമയമായതുകാരണം ടെൻഷനുണ്ടായിരുന്നെങ്കിലും ലോക്ക്ഡൗണിലിരുന്ന് ജനങ്ങൾ ഭക്ഷണങ്ങൾ ഓർഡർ ചെയ്യാൻ തുടങ്ങിയത് അനുഗ്രഹമായെന്ന് സഹോദരിമാർ പറയുന്നു.
200 സ്ക്വയർ ഫീറ്റ് മാത്രമുള്ള സ്ഥലത്ത് ക്ലൗഡ് കിച്ചണെന്ന് പേരുള്ള സ്ഥാപനമായാണ് തുടക്കം. കേവലം അഞ്ച് ലക്ഷം മുതൽ മുടക്കിലാണ് തുടങ്ങിയതെന്നും സഹോദരിമാരെ ഉദ്ദരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യഘട്ടത്തിൽ ചെറിയ രീതിയിലാണ് തുടങ്ങിയതെങ്കിലും, മുത്തശ്ശിയുടെ രുചികരമായ റെസിപ്പി നഗരത്തിലുടനീളമുള്ള ഭക്ഷണപ്രിയരുടെ നാവിൻതുമ്പിലെത്തണമെന്ന് മാത്രമായിരുന്നു അവരുടെ മനസ്സിൽ. ഇതിനായുള്ള കഠിനപ്രയത്നം ഒടുവിൽ ഫലം കാണുകയുമുണ്ടായി. സ്ഥാപനം തുടങ്ങിയ ആദ്യമാസത്തിൽ മാത്രം 10,000-ത്തിലേറെ ഓർഡറുകളാണ് ഇവരെത്തേടിയെത്തിയത്. ഈ ജനപ്രീതി അധികം വൈകാതെ ബെംഗളൂരുവിലുടനീളം 14 ക്ലൗഡ് കിച്ചണുകളായി കമ്പനിയുടെ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്തു.
Full View2020ൽ ആരംഭിച്ച കമ്പനിയുടെ ജൈത്രയാത്രയ്ക്കിടെ ഇതേവരെയും തങ്ങളുടെ മുത്തശ്ശിയുടെ ബിരിയാണിയുടെ റെസിപ്പിയിൽ ഇവർ മാറ്റം വരുത്തിയിട്ടില്ലെന്നതാണ് പ്രത്യേകത. ബ്രാൻഡിന്‍റെ പാക്കേജിങ്ങാണ് എല്ലാത്തിലുമേറെ രസകരം. ആദ്യകാലങ്ങളിൽ പഴമയുടെ തനിമയൊട്ടും ചോരാതെ വാഴയിലയിൽ വിളമ്പിയിരുന്ന ബിരിയാണി, പിന്നീട് ഡെലിവറിക്കായി ടിൻ ബോക്സിലാണ് പാക്ക് ചെയ്തിരുന്നത്. തങ്ങൾ ജീരകശാല അരി എന്നറിയപ്പെടുന്ന ചെറുധാന്യ അരിയാണ് ഉപയോഗിക്കുന്നതെന്നും, ആ അരിയുടെ പച്ച നിറത്തിന് കാരണം അതിൽ ചേർക്കുന്ന ചില ചേരുവകളാണെന്നും രമ്യ പറയുന്നു.
പരമ്പരാഗത ബിരിയാണിക്കുപുറമേ, ഡ്രംസ്റ്റിക് ചില്ലി സ്റ്റാർട്ടേഴ്സ്, ചിക്കൻ ഗീ റോസ്റ്റ്, നാട്ടു കോഴിക്കറി, നാട്ടുകോഴി ഫ്രൈ, എളനീർ പായസം, ഡബിൾ കാ മീത്ത, ഗോളി സോഡ എന്നിവയ്ക്കും ആർഎൻആർ ഡോണ ബിരിയാണി പ്രശസ്തമാണ്. ഒരു പ്ലേറ്റ് വെജിറ്റേറിയൻ ബിരിയാണിയ്ക്ക് ഏകദേശം 190 രൂപയും, നോൺ-വെജിറ്റേറിയൻ ബിരിയാണിയ്ക്ക് 250 രൂപയുമാണ് വിലവരുന്നത്. നിലവിൽ ഈ ബ്രാൻഡിന് ബെംഗളൂരുവിൽ 14 ക്ലൗഡ് കിച്ചണുകളും ഒരു ഫുൾ ഫ്ലെഡ്ജ്ഡ് റെസ്റ്റോറന്റുമുണ്ട്. കൂടാതെ, പ്രതിവർഷം 10 കോടി രൂപയുടെ വരുമാനവും ഈ സംരംഭം നേടുന്നുണ്ട്.