റഷ്യൻ റൂബിളിന്റെ മൂല്യം ഇടിഞ്ഞു; യൂറോപ്യൻ കറൻസികൾക്കും ക്ഷീണം

യൂറോപ്യൻ രാജ്യമായ സ്വിറ്റ്‌സർലന്റിന്റെ കറൻസിയായ സ്വിസ് ഫ്രാങ്ക് 2015-നു ശേഷമുള്ള ഏറ്റവും മികച്ച വളർച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്.

Update: 2022-08-29 11:03 GMT
Editor : André | By : Web Desk
Advertising

യുക്രെയ്‌നിലെ യുദ്ധസാഹചര്യത്തിൽ റഷ്യൻ കറൻസിയായ റൂബിളിന് തിരിച്ചടി. യൂറോ അടക്കം യൂറോപ്പിലെ മറ്റ് കറൻസികൾക്കും ഇന്നത്തെ വ്യാപാരത്തിൽ ക്ഷീണം നേരിട്ടപ്പോൾ ഡോളർ നേട്ടമുണ്ടാക്കി. ഡോളറിനൊപ്പം സുരക്ഷിതമെന്ന് നിക്ഷേപകർ വിലയിരുത്തിയ സ്വിസ് ഫ്രാങ്ക്, ജാപ്പനീസ് യെൻ എന്നിവയുടെ മൂല്യവും മെച്ചപ്പെട്ടുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.



യുക്രെയ്‌നിൽ ആക്രമണം നടത്തിയ റഷ്യയുടെ ഔദ്യോഗിക കറൻസിയായ റൂബിൾ യു.എസ് ഡോളറിനെതിരെ 89.98 ശതമാനം വരെ തകർച്ച രേഖപ്പെടുത്തി. റൂബിൾ ഒന്നിന് 0.013 ഡോളർ എന്നതിൽ നിന്ന് 0.012 എന്ന നിലയിലേക്കാണ് കൂപ്പുകുത്തിയത്. നിലവിൽ 91 പൈസയാണ് ഒരു റൂബിളിന്റെ മൂല്യം. രണ്ടാഴ്ച മുമ്പ് ഇത് 1.01 രൂപയായിരുന്നു.

യുക്രെയ്ൻ പ്രതിസന്ധി യൂറോയെയും സാരമായി ബാധിച്ചു. 1.2 ശതമാനം ഇടിഞ്ഞ് ഒരു യൂറോയ്ക്ക് 1.1164 ഡോളർ എന്ന നിലയിലേക്കാണ് ഇന്ന് എത്തിയത്. സ്വീഡിഷ് ക്രൗൺ 2020 മെയ്ക്കു ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലേക്ക് വീണപ്പോൾ നോർവേയുടെ ക്രൗണിനും വിലയിടിഞ്ഞു.

യൂറോപ്യൻ രാജ്യമായ സ്വിറ്റ്‌സർലന്റിന്റെ കറൻസിയായ സ്വിസ് ഫ്രാങ്ക് 2015-നു ശേഷമുള്ള ഏറ്റവും മികച്ച വളർച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു യൂറോയ്ക്ക് 1.0292 സ്വിസ് ഫ്രാങ്ക് എന്നതാണ് ഇന്നത്തെ വിപണിമൂല്യം. ഇതിനു മുമ്പ് യൂറോയ്‌ക്കെതിരെ ഫ്രാങ്കിന്റെ മികച്ച പ്രകടനം 1.0314 എന്നതായിരുന്നു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News