മുഖ്യമന്ത്രിയുടെ പ്രചാരണത്തിന് ഇന്ന് ധര്‍മടത്ത് തുടക്കം

വിമാനത്താവളം മുതൽ പിണറായി വരെ 18 കിലോമീറ്റർ ദൂരം റോഡ് ഷോക്ക് സമാനമായ പരിപാടികള്‍ പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Update: 2021-03-08 01:25 GMT

ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു. ഇന്ന് മുതൽ ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂർ വിമാന താവളത്തിൽ എത്തുന്ന പിണറായിക്ക് പാർട്ടി പ്രവർത്തകർ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ സ്ഥാനാർഥികൾ പരസ്യ പ്രചാരണത്തിന് ഇറങ്ങുന്നത് സിപിഎമ്മിൽ പതിവില്ല. എന്നാൽ പാർട്ടിയുടെ പ്രഖ്യാപനത്തിന് കാത്ത് നിൽക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമടത്ത് പ്രചാരണം ആരംഭിക്കുകയാണ്. ഇന്ന് മുതൽ തുടർച്ചയായി ഒൻപത് ദിവസമാണ് അദ്ദേഹം മണ്ഡലത്തിൽ ഉണ്ടാവുക. വൈകിട്ട് കണ്ണൂർ വിമാനതാവളത്തിലെത്തുന്ന പിണറായിക്ക് ആവേശകരമായ സ്വീകരണം ഒരുക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. വിമാനത്താവളം മുതൽ പിണറായി വരെ 18 കിലോമീറ്റർ ദൂരം റോഡ് ഷോക്ക് സമാനമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

Advertising
Advertising

നാളെ മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്ന പിണറായി വിജയന്‍ 10 മുതൽ മണ്ഡല പര്യടനം ആരംഭിക്കും. 7 ദിവസം നീളുന്ന പര്യടന പരിപാടിയിൽ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ദിവസവും രാവിലെ 10ന് തുടങ്ങി വൈകിട്ട് അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പതിനാറാം തിയ്യതി വരെ നീളുന്ന പ്രചരണ പരിപാടിക്കിടെ നാമനിർദേശ പത്രികാ സമർപ്പണവും നടത്തും. ശേഷം സംസ്ഥാനത്തിന്‍റെ മറ്റ് പ്രദേശങ്ങളിലേക്ക് പ്രചാരണത്തിന് പോകുന്ന മുഖ്യമന്ത്രി അവസാന ഘട്ടത്തിൽ മാത്രമേ സ്വന്തം മണ്ഡലത്തിലേക്ക് തിരിച്ചെത്തൂ.

Tags:    

Similar News