ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷൻ എസ്എച്ച്ഒ
ഇയാൾ യുവതിയുടെ നെഞ്ചില്‍ പിടിച്ച് തളളുകയും ചെയ്തു
എറണാകുളം: ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്എച്ച്ഒ. 2024ല്‍ നടന്ന മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സിഐയായിരുന്ന പ്രതാപചന്ദ്രനാണ് അടിച്ചത്. യുവതി ഹൈക്കോടതിയെ സമീപിച്ചത് പ്രകാരമാണ് ഇപ്പോൾ ദൃശ്യം പുറത്തുവിട്ടത്.
എസ്ഐ യുവതിയുടെ നെഞ്ചില്‍ പിടിച്ച് തളളുകയും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്ത്രീയും ഭര്‍ത്താവും ആക്രമിച്ചു എന്നായിരുന്നു പൊലീസ് വാദം. യുവതിയുടെ ഭർത്താവ് ബെൻ ജോ നടത്തുന്ന ഹോട്ടലിൽ നടന്ന അടിപിടിയെ തുടർന്നാണ് കസ്റ്റഡിയിൽ എടുക്കുന്നത്. ഇതിന്പ പിന്നാലെയാണ് യുവതി സ്റ്റേഷനിലെത്തിയത്. സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
സ്റ്റേഷൻ ആക്രമിച്ചു, ക്രമസമാധാന പാലനം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചൂണ്ടിക്കാട്ടി ഇരുവർക്കും എതിരെ കേസ് എടുത്തിരുന്നു. ബെൻ ജോയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഒരു വർഷം നീണ്ട നിയമ യുദ്ധങ്ങൾക്ക് ശേഷമാണ് സിസിടിവി ദൃശ്യങ്ങൾ ലഭ്യമായത്. ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും നൽകിയ പരാതിയെ തുടർന്ന് ഹൈക്കോടതി ഉത്തരവിലാണ് സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടത്. പ്രതാപചന്ദ്രനെതിരെ മുൻപും സമാന ആരോപണങ്ങൾ നിലനിന്നിരുന്നു. സ്റ്റേഷനിൽ പ്രതികളെ ക്രൂരമായി മർദിച്ചു എന്നായിരുന്നു പരാതി. 'മിന്നൽ പ്രതാപൻ ' എന്ന പേരിലാണ് പൊലീസുകാർക്കിടയിൽ ഇയാൾ അറിയപ്പെട്ടിരുന്നത്.