ഫിലിപ്പ് ഹ്യൂസ്, കാലം മായ്ക്കാത്ത മുറിവ്
സൗത്ത് ആസ്ട്രേലിയയും ന്യൂ സൗത്ത് വെയില്‍സും തമ്മിലുളള ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയാണ് സീന്‍ അബോട്ടിന്റെ ബൗണ്‍സര്‍ ഹ്യൂസിന്റെ തലയ്ക്ക് കൊള്ളുന്നത്.
നവംബര്‍ 27 - ക്രിക്കറ്റിന്റെ തന്നെ കറുത്ത ദിനം. നാലു വര്‍ഷം മുമ്പാണ് ഈ വെറുക്കപ്പെട്ട ദിനം ക്രിക്കറ്റ് ആരാധകര്‍ക്ക് മേല്‍ ഇടിത്തീയായി പെയ്തിറങ്ങിയത്. ആസ്‌ട്രേലിയന്‍ താരം ഫിലിപ്പ് ഹ്യൂസ് വിട പറഞ്ഞ ദിവസമാണത്. ഹ്യൂസ് ഏറെ സ്‌നേഹിച്ചിരുന്ന ക്രിക്കറ്റ് മൈതാനത്ത് വച്ച് ചീറിപ്പാഞ്ഞെത്തിയ പന്ത് ഈ ഓസീസ് താരത്തിന്റെ ജീവനെടുത്താണ് കളമൊഴിഞ്ഞത്.
സൗത്ത് ആസ്ട്രേലിയയും ന്യൂ സൗത്ത് വെയില്‍സും തമ്മിലുളള ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയാണ് സീന്‍ അബോട്ടിന്റെ ബൗണ്‍സര്‍ ഹ്യൂസിന്റെ തലയ്ക്ക് കൊള്ളുന്നത്. ഗതി നിര്‍ണയിക്കുന്നതിന് മുമ്പ് കുത്തിയുയര്‍ന്ന പന്ത് ഹ്യൂസിന്റെ തല തകര്‍ത്തിരുന്നു. രണ്ട് ദിവസം ആശുപത്രി കിടക്കയില്‍ മരണത്തോട് മല്ലിട്ട ശേഷം ഹ്യൂസ് വിധിക്ക് മുന്നില്‍ കീഴടങ്ങി. സഹതാരങ്ങള്‍ക്ക് സഹോദരനായിരുന്നു ഹ്യൂസ്. അതുകൊണ്ട് തന്നെ ഹ്യൂസിന്റെ അപ്രതീക്ഷിത മരണം ഓസീസ് ടീമിനെ പിടിച്ചുലച്ചു. നായകന്‍ മൈക്കല്‍ ക്ലാര്‍ക്കടക്കമുള്ള താരങ്ങള്‍ മരണവാര്‍ത്തയറിഞ്ഞു പൊട്ടിക്കരയുകയായിരുന്നു.
ദുരന്തം പന്തിന്റെ രൂപത്തില്‍
ഓപ്പണര്‍ ഫിലിപ്പ് ഹ്യൂസും ടോം കൂപ്പറുമായിരുന്നു ക്രീസില്‍. 48.3-ാം ഓവറിലെ മൂന്നാമത്തെ പന്ത് യുവ ഫാസ്‌റ്റ് ബൌളര്‍ സീന്‍ അബോട്ട് എറിയുന്നു. മികച്ച പേസും ബൌണ്‍സുമുള്ള പന്ത് ഹുക്ക് ചെയ്യാനുള്ള ഇടംകൈയനായ ഹ്യൂസിന്റെ ശ്രമം പിഴച്ചു. തലയില്‍ ഇടതുവശത്തു ചെവിക്കു താഴെ പന്ത് കൊണ്ടതോടെ ഹ്യൂസ് ഒരുനിമിഷം രണ്ടുകൈകൊണ്ടും തലയില്‍ കൈവെച്ചു നിന്നു.
നിമിഷങ്ങള്‍ക്കുള്ളില്‍ പിച്ചിലേക്കു വീണു. മറുവശത്തു ബാറ്റു ചെയ്യുകയായിരുന്ന മുന്‍ നെതര്‍ലന്‍ഡ് താരം ടോം കൂപ്പറും ദേശീയ ടീമിലെ സഹതാരവും ഡേവിഡ് വാര്‍ണറുമടക്കമുള്ള ന്യുസൌത്ത് വെയ്ല്‍സ് ടീമിലെ താരങ്ങള്‍ ഓടിയെത്തി. സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ ന്യൂസൌത്ത് വെയില്‍സിന്റെ ടീം ഡോക്ടര്‍ ജോണ്‍ ഓര്‍ചാര്‍ഡും ഫസ്‌റ് എയ്ഡ് ബോക്‌സുമായി പാഞ്ഞെത്തി. സെന്റ് വിന്‍സന്റ് ആശുപത്രിയിലെത്തിച്ചപ്പോള്‍ അബോധവാസ്ഥയിലായിരുന്നു ഹ്യൂസ്.
കുത്തിയുയര്‍ന്നു നെഞ്ചിനുനേരെ വരുന്ന പന്തുകള്‍ ഫിലിപ്പ് ഹ്യൂസിനു എന്നും ദൌര്‍ബല്യമായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഈ ദൌര്‍ബല്യമാണ് ഹ്യൂസിന്റെ ജീവനെടുത്തതും.
സ്‍മിത്ത് ഹ്യൂസിനെ അനുസ്‍മരിക്കുന്നു
മൈക്കിള്‍ ക്ലാര്‍ക്ക് ഹ്യൂസിനെ അനുസ്‍മരിക്കുന്നു