പരിക്ക് പ്രശ്‌നമായി; ആദ്യ ടെസ്റ്റില്‍ നിന്ന് പൃഥ്വിഷാ പുറത്ത്
ആസ്‌ട്രേലിയന്‍ ഇലവനെതിരായ സന്നാഹ മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുന്നതിനിടെ താരത്തിന് പരിക്കേല്‍ക്കുന്നത്.
ആസ്‌ട്രേലിയക്കെതിരെ അഡ്‌ലയ്ഡില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ നിന്ന് യുവതാരം പൃഥ്വിഷാ പുറത്തായി. ഇടത് കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ആസ്‌ട്രേലിയന്‍ ഇലവനെതിരായ സന്നാഹ മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. സ്‌കാനിങ്ങില്‍ കണങ്കാലിന് പൊട്ടലുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. അതേസമയം എത്ര ആഴ്ചത്തെ വിശ്രമം വേണ്ടിവരും എന്ന് വ്യക്തമല്ല. വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം ഇന്ത്യക്കായി അരങ്ങേറുന്നത്. ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു പൃഥ്വി പുറത്തെടുത്തത്.
ആസ്‌ട്രേലിയന്‍ പരമ്പരയില്‍ ഇന്ത്യയുടെ മുതല്‍കൂട്ടാവും പൃഥ്വി എന്ന് ക്രിക്കറ്റ് വിലയിരുത്തലുകാര്‍ അഭിപ്രായപ്പെട്ടിരുന്നു. ക്രിക്കറ്റ് ആസ്ട്രേലിയ ഓപണര്‍ മാക്‌സ് ബ്രുയറ്റ് ഉയര്‍ത്തിയടിച്ച പന്ത് പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഡീപ് മിഡ് വിക്കറ്റില്‍ പൃഥ്വിക്ക് പരിക്കേറ്റത്. ബൗണ്ടറി ലൈനിന് തൊട്ടു മുകളിലൂടെപോയ പന്ത് കൈപ്പിടിയിലാക്കിയെങ്കിലും ബാലന്‍സ് നഷ്ടപ്പെട്ട് ബൗണ്ടറിക്ക് പുറത്തേക്ക് വീഴുകയായിരുന്നു. വീഴ്ച്ചക്കിടെ ഇടംകാല്‍ കുഴ തിരിഞ്ഞതാണ് പൃഥ്വിക്ക് തിരിച്ചടിയായത്.
ഫീല്‍ഡില്‍ വേദനകൊണ്ട് പുളഞ്ഞ പൃഥ്വിക്കരികിലേക്ക് അപ്പോള്‍ തന്നെ ഇന്ത്യന്‍ ഫിസിയോ പാട്രിക് ഫാര്‍ഹാര്‍ട്ട് ഓടിയെത്തി. പ്രാഥമിക പരിശോധനകള്‍ക്കുശേഷം 19കാരനെ എടുത്താണ് കൊണ്ടുപോയത്. പൃഥ്വിയെ സ്‌കാനിംങ് അടക്കമുള്ള വിശദ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ബി.സി.സി.ഐ പിന്നീട് അറിയിച്ചിയിരുന്നു.