ശുഭ്മൻ ഗിൽ പുറത്ത്;ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.
സഞ്ജു സാംസൺ 2026 ടി20 ലോകകപ്പ് ടീമിൽ
മുംബൈ: ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായുമുള്ള ടി20 ടീമിനെ പ്രഖ്യാപിച്ചു. ഉപനായകനായിരുന്ന ശുഭ്മൻ ഗില്ലും വിക്കറ്റ് കീപ്പർ ജിതേഷ് ശർമയും ടീമിലില്ല. ഇഷാൻ കിഷനും റിങ്കു സിംഗും ടീമിലേക്ക് തിരിച്ചെത്തി.മലയാളി താരം സഞ്ജു സാംസണും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ചീഫ് സെലക്ടർ അജിത് അഗാർക്കറും, ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ, ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നവർ ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്.
തുടർച്ചയായി അവസരങ്ങൾ ലഭിച്ചിട്ടും തിളങ്ങാൻ സാധിക്കാതിരുന്നതാണ് ഗില്ലിന് വിനയായത്. ഒരു ഇടവേളക്ക് ശേഷം ഏഷ്യാ കപ്പിൽ ഓപ്പണറായി ഗിൽ തിരിച്ചെത്തുന്നത്. എന്നാൽ പിന്നീട് തുടർച്ചയായി ടി20 മത്സരങ്ങളിൽ അവസരങ്ങൾ ലഭിച്ചിട്ടും ഒറ്റ അർധസെഞ്ച്വറി പോലും നേടാൻ ഗില്ലിനായിട്ടില്ല. ഇതോടെ സെലക്ടർമാർ മാറി ചിന്തിക്കാൻ നിർബന്ധിതരായി.
ഗിൽ തിരിച്ചെത്തിയതോടെ ഓപ്പണറായി മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ചിരുന്ന സഞ്ജുവിന് മധ്യനിരയിലേക്ക് ഇറങ്ങിക്കളിക്കേണ്ടി വന്നു. പിന്നീട് നവംബറിൽ നടന്ന ആസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ കളത്തിലിറങ്ങിയ സഞ്ജുവിന് തിളങ്ങാൻ സാധിക്കാതിരുന്നതോടെ സ്ഥാനം ബെഞ്ചിലായി. പിന്നീട് ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20യിൽ പരിക്കേറ്റു പുറത്തായ ഗില്ലിന് പകരമായാണ് സഞ്ജു ടീമിലെത്തുന്നത്. 22 പന്തിൽ 37 റൺസുമായി സഞ്ജു ആ മത്സരത്തിൽ തിളങ്ങുകയും ചെയ്തു. സഞ്ജു ടി20 യിൽ 1000 റൺസ് തികക്കുന്നതും ഇന്നലെ പ്രൊട്ടീസിനെതിരായ മത്സരത്തിൽ നിന്ന് തന്നെയാണ്. 52 ടി20 മത്സരങ്ങളില്ഡൽ നിന്ന് 1032 റൺസാണ് സഞ്ജു അടിച്ചെടുത്തിട്ടുള്ളത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇഷാന് ടീമിലേക്കുള്ള വഴി തുറന്നത്. ബാക്കപ്പ കീപ്പറായാണ് ഇഷാനെ പരിഗണിച്ചിരിക്കുന്നത്. സഞ്ജു സാംസൺ ഒന്നാം വിക്കറ്റ് കീപ്പറാകും. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ ഓപ്പണിംഗ് സ്ഥാനത്ത് കളിപ്പിക്കാനായാണ് ഗില്ലിനെ ഒഴിവാക്കിയതെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. ഇതോടെ ലോകകപ്പിൽ സഞ്ജു ഓപ്പണിംഗ് സ്ഥാനത്തു തന്നെ തുടരുമെന്ന കാര്യത്തിൽ ഉറപ്പായി ടി20യിൽ ഫോം കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് ഗിൽ ടീമിൽ ഉൾപ്പെടാതിരുന്നതെന്ന് അജിത് അഗാർക്കർ പറഞ്ഞു.