വീണ്ടും സക്‌സേന; ഡല്‍ഹിയെ ഒതുക്കി കേരളം, ജയത്തിലേക്ക്
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടി ഇറങ്ങിയ ഡല്‍ഹിയെ 139ന് ഒതുക്കി കേരളം.
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടി ഇറങ്ങിയ ഡല്‍ഹിയെ 139ന് ഒതുക്കി കേരളം. ഫോളോ ഓണ്‍ വഴങ്ങി ബാറ്റിങ് തുടര്‍ന്ന ഡല്‍ഹിക്ക് അവിടെയും തിരിച്ചടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി അഞ്ചിന് 37 എന്ന നിലയിലാണ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാന്‍ ഇനി 144 റണ്‍സ് വേണം. ജലജ് സക്‌സേനയുടെ മാന്ത്രിക സ്പിന്‍ മികവാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്.
സക്‌സേന ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സിജോമോന്‍ ജോസഫ് രണ്ട് വിക്കറ്റ് വീഴ്ത്തി പിന്തുണ കൊടുത്തു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ സന്ദീപ് വാരിയരും ബേസില്‍ തമ്പിയുമാണ് ഡല്‍ഹിയെ ഇളക്കിയത്.
സന്ദീപ് വാരിയര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തമ്പി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഡല്‍ഹിക്കായി ദ്രുവ് ഷോരെ(30) ജോണ്ടി സിദ്ധു(41) എന്നിവര്‍ മാത്രമാണ് ഒന്നാം ഇന്നിങ്സില്‍ തിളങ്ങിയത്. അതേസമയം കേരളത്തിന്റെ ഇന്നിങ്‌സ് 320 റണ്‍സിനാണ് അവസാനിച്ചത്. കേരളത്തിനായി ജലജ് സക്‌സേന 68 റണ്‍സ് നേടിയപ്പോള്‍ വിനൂപ് ശീല മനോഹരന്‍ 77 റണ്‍സ് നേടി. കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിന് ജയം അനിവാര്യമാണെന്നിരിക്കെ സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് താരങ്ങള്‍.