അഞ്ചുവിക്കറ്റോടെ ഓസീസ് മണ്ണിലെ അരങ്ങേറ്റം ഗംഭീരമാക്കി കുല്‍ദീപ് യാദവ്
ഏഷ്യക്ക് പുറത്ത് മൂന്ന് ഫോര്‍മാറ്റുകളിലും അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന റെക്കോഡും കുല്‍ദീപ് യാദവ് സ്വന്തമാക്കി.
അഞ്ച് വിക്കറ്റ് നേട്ടത്തോടെ ആസ്‌ട്രേലിയക്കെതിരായ കന്നി ടെസ്റ്റ് തന്നെ അവിസ്മരണീയമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ഇന്നിംങ്‌സില്‍ ആസ്‌ട്രേലിയയെ 300 റണ്‍സില്‍ ഒതുക്കുന്നതില്‍ കുല്‍ദീപിന്റെ ബൗളിംങ് മികവാണ് ഇന്ത്യയെ സഹായിച്ചത്.
ഓസീസ് പരമ്പരയിലെ സ്പിന്നിനെ തുണക്കുന്ന സിഡ്‌നിയിലെ പിച്ചില്‍ലഭിച്ച അവസരം കുല്‍ദീപ് പരമാവധി മുതലാക്കി. ആസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംങ്‌സില്‍ 99 റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. മൂന്നാം ദിനം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് നാലാം ദിനം രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാണ് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇതോടെ ഏഷ്യക്ക് പുറത്ത് മൂന്ന് ഫോര്‍മാറ്റുകളിലും അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി.
ഉസ്മാന്‍ ഖവാജയായിരുന്നു കുല്‍ദീപിന്റെ ആദ്യ ഇര. മിഡ് വിക്കറ്റില്‍ ചേതേശ്വര്‍ പുജാരക്ക് ക്യാച്ച് നല്‍കിയാണ് ഖവാജ മടങ്ങിയത്. ഫുള്‍ടോസ് അടിച്ചകറ്റാന്‍ ശ്രമിക്കവേ ട്രാവിസ് ഹെഡിനെ മനോഹരമായ റിട്ടേണ്‍ക്യാച്ചിലൂടെ പുറത്താക്കി. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌ന്റെ വിക്കറ്റായിരുന്നു ഏറ്റവും മനോഹരം. കുല്‍ദീപിനെ ഡ്രൈവിന് മുതിര്‍ന്ന പെയ്‌ന്റെ ബാറ്റിനും പാഡിനുമിടയിലൂടെ നുഴഞ്ഞുകയറിയ പന്ത് വിക്കറ്റ് തെറിപ്പിച്ചാണ് ഒടുങ്ങിയത്. നഥാന്‍ ലയോണിനേയും ഹാസില്‍വുഡിനേയും വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തതോടെ കുല്‍ദീപിന് അഞ്ച് വിക്കറ്റ് സ്വന്തമായി.